UPDATES

ബിഷപ്പ് ഫ്രാങ്കോ ശിക്ഷിക്കപ്പെടണമെന്നു പറഞ്ഞു, കവിത എഴുതി, വണ്ടിയോടിച്ചു, ചുരിദാര്‍ ധരിച്ചു; ഒരു കന്യാസ്ത്രീയെ പുറത്താക്കാന്‍ കത്തോലിക്ക സഭ കണ്ടെത്തിയ തെറ്റുകള്‍

സി. ലൂസി തന്നിഷ്ടപ്രകാരവും മതവിശ്വാസങ്ങള്‍ക്ക് എതിരായുമാണ് ഇത്രയും നാള്‍ ജീവിച്ചിരുന്നതെന്നാണ് സഭ നേതൃത്വത്തിന്റെ കണ്ടെത്തല്‍

‘പാപിയായ സ്ത്രീയെ കല്ലെറിയാന്‍ നിയമവും പറഞ്ഞ് വന്നവരുണ്ടായിരുന്നു. അവരോട് ക്രിസ്തു പറഞ്ഞത്, നിങ്ങളില്‍ തെറ്റ് ചെയ്യാത്തവരുണ്ടെങ്കില്‍ അവളെ ശിക്ഷിച്ചോളാനായിരുന്നു. ആരുമുണ്ടായിരുന്നില്ല തെറ്റ് ചെയ്യാത്തവരായി. ആ മനുഷ്യര്‍ക്ക് അന്നത് മനസിലായി. ഇന്നുള്ളവര്‍ക്ക് മനസിലാകുന്നില്ല. തെറ്റിനെ ചൂണ്ടിക്കാണിക്കാതിരിക്കാനാണ് അനുസരണവ്രതം പാലിക്കേണ്ടതെങ്കില്‍, ആ വ്രതം ഇല്ലാതാകുകയാണ് വേണ്ടത്; തനിക്കെതിരേ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന ഭീഷണകളെ സി.ലൂസി കളപ്പുര നേരിട്ടുകൊണ്ടിരുന്നത് ആത്മവിശ്വാസത്തോടെയായിരുന്നു. താനല്ല, തന്നെ വിധിക്കാന്‍ വരുന്നവരാണ് യഥാര്‍ത്ഥ കുറ്റവാളികളെന്നു സി. ലൂസി നിര്‍ഭയമായി ചൂണ്ടിക്കാട്ടി. ഒരുതരത്തിലും തങ്ങള്‍ക്ക് വിധേയപ്പെടില്ലെന്നു മനസലിക്കായ സി. ലൂസിയെ ഒടുവില്‍ സഭയില്‍ നിന്നും പുറത്താക്കി പുരോഹിത-സന്ന്യസ്ത നേതൃത്വം പകരം വീട്ടുമ്പോഴും സി. ലൂസി നിലപാടുകള്‍ മാറ്റുന്നില്ല.

കന്യസ്ത്രീ പീഡനക്കേസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ശബ്ദിച്ചു എന്നതായിരുന്നു ലി. ലൂസി കളപ്പുരയ്‌ക്കെതിരേ സഭ നേതൃത്വം കണ്ടെത്തിയ തെറ്റ്. ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകള്‍ പൊതുവിടത്തില്‍ വന്ന് സമരം ചെയ്തപ്പോള്‍, അവര്‍ക്കു പിന്തുണയുമായി എത്തിയത് സഭ നേതൃത്വത്തെ ചൊടിപ്പിച്ചു. അവര്‍ സി. ലൂസിയെ വിലക്കാന്‍ നോക്കി. എന്നാല്‍ മാനന്തവാടിയിലെ കാരക്കാമല ഇടവക വിശ്വാസികള്‍ കൂട്ടത്തോടെയെത്തി സിസ്റ്റര്‍ക്ക് പിന്തുണ കൊടുത്തപ്പോള്‍ സഭ നേതൃത്വത്തിന് പിന്നാക്കം വലിയേണ്ടി വന്നു. എന്നാലവര്‍ സിസ്റ്റര്‍ക്കെതിരേയുള്ള പടയൊരുക്കം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു കന്യാസ്ത്രീ പാലിക്കേണ്ട അനുസരണവൃതങ്ങള്‍ പാലിക്കുന്നില്ലെന്ന കൊടിയ അപരാധം വയനാട് ദ്വാരക സേക്രട്ട് സ്‌കൂളിലെ അധ്യാപിക കൂടിയായ സി.ലൂസിക്കെതിരേ എഫ് സി സി കോണ്‍ഗ്രിഗേഷന്‍ മദര്‍ സുപ്പീരിയര്‍ ചുമത്തി. സിസ്റ്റര്‍ എഫ്‌സിസി നേതൃത്വത്തെ ധിക്കരിക്കുകയാണെന്നും പറഞ്ഞു. ഇതിന്റെ പേരില്‍ മൂന്നു തവണ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. ഈ നോട്ടീസുകള്‍ക്ക് മതിയായ രീതിയില്‍ മറുപടി ബോധിപ്പിച്ചില്ലെന്നു പറഞ്ഞ്് ഇപ്പോള്‍ പുറത്താക്കുകയും ചെയ്തു.

ക്രിസ്തീയ മതവിശ്വാസത്തിനും കാനോനിക നിയമത്തിനും എഫ് സി സി നേതൃത്വത്തിനും എതിരേ സി. ലൂസി കളപ്പുര ചെയ്ത പ്രവര്‍ത്തികളായി ചൂ്ണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍ ഇവയായിരുന്നു;

എറണാകുളത്ത് നടത്തിയ കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തൂ.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേയും കന്യാസ്ത്രീ സമരത്തിന് അനുകൂലമായും മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ശക്തമായ പ്രതിഷേധങ്ങള്‍ നടത്തി.

അക്രൈസ്തവ മാധ്യമങ്ങളില്‍ എഴുതി

അക്രൈസ്തവ മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുത്തു

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

കത്തോലിക്ക സഭ തലവന്‍മാര്‍ക്കെതിരേ സോഷ്യല്‍ മീഡിയായില്‍ വരുന്ന വാര്‍ത്തകള്‍ പിന്തുണച്ചു

അനുവാദം ചോദിക്കാതെ കവിത എഴുതി

അനുവാദമില്ലാതെ കവിത സമാഹാരം പ്രസിദ്ധീകരിച്ചു

അനുവാദം ചോദിക്കാതെ കവിത സമാഹാരം പ്രസിദ്ധീകരിക്കാന്‍ സ്വന്തം കൈയില്‍ നിന്നും അമ്പതിനായിരം രൂപ ചെലവാക്കി

അനുവാദം ചോദിക്കാതെ ഡ്രൈവിംഗ് പഠിക്കാന്‍ ചേര്‍ന്നു

അനുവാദം ചോദിക്കാതെ ഡ്രൈവിംഗ് ലൈസന്‍സ് എടുത്തു

വാഹനം വാങ്ങാന്‍ വേണ്ടി അനുവാദം ചോദിക്കാതെ വായ്പയ്ക്ക് അപേക്ഷിച്ചു

അനുവാദം ചോദിക്കാതെ കാര്‍ വാങ്ങാന്‍ സ്വന്തം നിലയ്ക്ക് നാലു ലക്ഷം രൂപ ചെലവാക്കി

അനുവാദം ചോദിക്കാതെ സ്വന്തം പേരില്‍ വാഹനം വാങ്ങി

അനുവാദം ചോദിക്കാതെ സാമൂഹ്യസേവന പ്രവര്‍ത്തികള്‍ ചെയ്യുന്നു

ജോലി കഴിഞ്ഞ് സമയം വൈകി മഠത്തില്‍ വരുന്നു

മഠത്തിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്നില്ല

ചുരിദാര്‍ ധരിച്ചു

അധ്യാപന ജോലിയില്‍ നിന്നും കിട്ടുന്ന ശമ്പളം മഠം അധികാരിക്ക് കൈമാറുന്നില്ല

അധ്യാപികയെന്ന നിലയില്‍ ചെയ്യുന്ന ജോലിയില്‍ നിന്നും കിട്ടുന്ന ശമ്പളം സ്വന്തം കൈയില്‍ വയ്ക്കുന്നു

സ്ഥലം മാറ്റ ഉത്തരവ് അനുസരിച്ചില്ല

ഈ കുറ്റങ്ങള്‍ കന്യാസ്ത്രീകള്‍ പാലിക്കേണ്ട മൂന്നു ജീവിത വ്രതങ്ങളുടെയും ലഘനങ്ങളായിട്ടാണ് എഫ് സി സി കോണ്‍ഗ്രിഗേഷനും കത്തോലിക്ക സഭ നേതൃത്വവും പറയുന്നത്. സഭയ്ക്കും കോണ്‍ഗ്രിഗേഷനും വിധേയപ്പെട്ടായിരിക്കണം ഓരോ കന്യാസ്ത്രീകളും ജീവിക്കേണ്ടതെന്നാണ് ഈ പൗരോഹിത്യ-സന്ന്യസ്ത നേതൃത്വങ്ങള്‍ പറയുന്നത്. സി. ലൂസി തന്നിഷ്ടപ്രകാരവും മതവിശ്വാസങ്ങള്‍ക്ക് എതിരായുമാണ് ഇത്രയും നാള്‍ ജീവിച്ചിരുന്നതെന്നും അവര്‍ പറയുന്നു.

കാനോനിക നിയമങ്ങളുടെ പേരില്‍ തനിക്കെതിരേ കുറ്റങ്ങള്‍ നിരത്തിവയ്ക്കുമ്പോള്‍ ലി. ലൂസി അതിനോടൊരിക്കല്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു; നിയമങ്ങള്‍ മാറ്റണം. 1858 ല്‍ ഉണ്ടാക്കിയ നിയമമാണ് ഇപ്പോഴും. 1973 ല്‍ അത് മറ്റിയെഴുതിയിട്ടുണ്ട്. മാറ്റിയെഴുതിയെന്നാല്‍ കൂടുതല്‍ കര്‍ശനമാക്കി എന്നുമാത്രം. മനുഷ്യര്‍ക്കാണ് പ്രധാന്യം. നിയമത്തിനല്ല. അതുകൊണ്ട് അവര്‍ ഇപ്പോള്‍ പറയുന്ന നിയമങ്ങളെ ഞാന്‍ ഗൗനിക്കുന്നില്ല. ദൈവത്തിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ദൈവം എന്നെ വിചാരണ ചെയ്യില്ല. കുറെ അധികാരികള്‍ അതിനു ശ്രമിച്ചാല്‍, ഞാനതിന് തലകുനിച്ച് നില്‍ക്കുകയുമില്ല;

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍