UPDATES

ട്രെന്‍ഡിങ്ങ്

‘മോദിക്ക്‌ നെഹ്രു ആരുമല്ലായിരിക്കും; പക്ഷെ, ഇന്ത്യയ്ക്ക് തലയുയർത്തി പറയാൻ ഒറ്റ പ്രധാനമന്ത്രിയേ ഉണ്ടായിട്ടുള്ളൂ’

സംസ്കാരത്തിന്റെ ബഹുസ്വരതയും നാനാത്വത്തിന്റെ സൗന്ദര്യവും അവസാനം വരെ മുറുകെപ്പിടിച്ച് ഇന്ത്യയ്ക്ക് ജീവശ്വാസം നൽകിയ, സ്വതന്ത്ര ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഭരണാധികാരിയെ ഓർക്കേണ്ട കൃത്യം ചരിത്രസന്ദർഭം ഇതല്ലെങ്കിൽ പിന്നെ മറ്റേതാണ്! ‘സംസ്കാര’വും ‘സദാചാര’വും നിർണയിക്കുന്ന ഊളപ്പട തെരുവിലിറങ്ങുന്ന ഈ നിമിഷമല്ലാതെ!

പ്രസിദ്ധ നർത്തകിയ മൃണാളിനി സാരാഭായ് മരിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡി അറിഞ്ഞതായേ ഭാവിച്ചില്ല. സ്വാഭാവികമായും ഇന്ത്യൻ പ്രധാനമന്ത്രി അനുശോചനമറിയിക്കാൻ മാത്രം പ്രസിദ്ധയും പ്രസക്തയുമായിരുന്ന മൃണാളിനിയെ മോഡി അവഗണിച്ചതിൽ അത്ഭുതം പ്രകടിപ്പിച്ച പത്രക്കാരോട് അമിത് ഷാ നൽകിയ മറുപടി, ” പ്രധാനമന്ത്രിക്ക് അറിയാൻ മാത്രം ആരുമല്ല അവർ ” എന്നായിരുന്നു.

ശരിയാണ്, നിലവിലുള്ള പ്രധാനമന്ത്രിക്ക് അറിയേണ്ട ആളേ അല്ലായിരുന്നു അവർ. മൃണാളിനിയെ നന്നായി അറിയാവുന്ന പ്രധാനമന്ത്രി വേറെ ഒരാളായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ പ്രധാനമന്ത്രി എന്ന വാക്കിന്റെ എല്ലാ അർത്ഥവും സാക്ഷാത്‍കരിച്ച ഒരേ ഒരാൾ. അവർ സുഹൃത്തുക്കൾ ആയിരുന്നു. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു. ആധുനിക ഇന്ത്യയുടെ ഉയരവും ഉരുവവും നിർണയിച്ച ഭരണാധികാരി.

ഭാരതീയജനതാപാർട്ടിയ്ക്കും വികാസ് പുരുഷുവിനും നെഹ്റു ആരുമായിരിയ്ക്കില്ല. പട്ടേലിനു പ്രതിമയുണ്ടാക്കുന്ന തിരക്കിൽ നെഹ്രുവിനെ ഓർക്കണമെന്നുമില്ല. പക്ഷേ ‘ഇന്ത്യ’ എന്ന സംജ്ഞ ഉപയോഗിക്കുന്ന ഓരോ രാഷ്ടീയ- അരാഷ്ടീയജീവിതങ്ങളും അറിഞ്ഞോ അറിയാതെയോ ‘ഇന്ത്യയെ കണ്ടെത്തിയ’ ആ ഭരണാധികാരിയുടെ ഓർമ്മകളെയും രാഷ്ട്രബോധത്തെയും പിൻപറ്റുന്നുണ്ട്. ഭൂമിശാസ്ത്രപരമായ അതിരുകൾ തന്നെയും അമൂർത്തമായ ഒരു ‘ഇന്ത്യ’യിൽ നിന്ന് , എഴുപതില്പരം വർഷങ്ങൾക്കു മുൻപ് ജവഹർലാൽ ‘ഇന്ത്യയെ കണ്ടെത്തൽ’ എഴുതുമ്പോൾ പഴയ മൗര്യസാമ്രാജ്യത്തിന്റെയും ഗുപ്തസാമ്രാജ്യത്തിന്റെയും ഭാഗങ്ങൾ ഇന്ത്യയെന്ന സങ്കൽപ്പ ഭൂമിശാസ്ത്രശരീരത്തിന്റെ മുഖ്യഭാഗങ്ങളായിരുന്നു. ഡൽഹി സുൽത്താനേറ്റുകളുടെയും മുഗൾ സാമ്രാജ്യത്തിന്റെയും മുഖ്യനഗരമായിരുന്ന , ഇന്ന് അഫ്ഗാനിസ്ഥാന്റെ സ്വന്തമായ കാബൂൾ വരെ ഉൾപ്പെട്ടിരുന്നു ആ സമഗ്ര ഇന്ത്യയിൽ. ഇന്ന്, ആ ഇന്ത്യയിലെ പ്രധാനഭാഗങ്ങൾ പലതും ഇന്ത്യയുടെ ‘ശത്രുരാജ്യങ്ങളായി’ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. അവരോടുള്ള യുദ്ധവും വീരമൃത്യുവുമാണ് രാജ്യസ്നേഹമെന്നും തീരുമാനമായി. എന്നിട്ടും ഇന്ത്യയെന്ന ഭൂമിശാസ്ത്രകൽപ്പനയുടെ അടിസ്ഥാനം നെഹ്റുവിന്റെ സങ്കൽപ്പനത്തിൽ നിന്നു മാറിയിട്ടില്ല . ആധുനിക ഇന്ത്യയുടെ ഭാഗധേയം തന്നെ നിർണയിച്ച ചരിത്രകാരനും ഭരണാധികാരിയുമായി നെഹ്രുവിനെ തിരിച്ചറിയാൻ ചുരുങ്ങിയപക്ഷം നെഹ്രു തന്നെ എഴുതിയ പുസ്തകങ്ങൾ വായിച്ചാൽ മതി.

ചെറിയ ഇന്ത്യയുടെ വലിയ നെഹ്രു

സ്വതന്ത്ര ഇന്ത്യയുടെ ഭരണമേറ്റെടുക്കുമ്പോൾ ലോകത്തിലെ ഏറ്റവും ദുഷ്കരമായ പദവികളിലൊന്നാണ് ഇന്ത്യൻ പ്രധാനമന്ത്രിസ്ഥാനം. നാൽപ്പതുകോടിയിലേറെ ജനങ്ങളിൽ പകുതിയും ദരിദ്രർ, അത്രതന്നെ നിരക്ഷരർ, സ്വയം പര്യാപ്തതയെ സ്വപ്നം പോലും കാണാത്ത കാർഷികരംഗം, നാമമാത്രമായ വ്യവസായങ്ങൾ, ജാതിമതസംഘർഷങ്ങൾക്ക് സാദ്ധ്യതയുള്ള സാമൂഹികസ്ഥിതി, അതീവദുർബലമായ പ്രതിരോധം – ഈ സാഹചര്യത്തിൽ നിന്നാണ് നെഹ്രു ഇന്ത്യയുടെ ഭരണമേറ്റെടുക്കുന്നത്. ഗാന്ധിയടക്കമുള്ള പൂർവ്വസൂരികൾക്ക് സ്വാതന്ത്രം നേടലായിരുന്നു ആത്യന്തികലക്ഷ്യം, ‘ അതിനുശേഷം എന്ത് ?’ എന്ന ചോദ്യം അവരെ തീവ്രമായി അലട്ടിയതേയില്ല. രാമരാജ്യമടക്കമുള്ള ചില അമൂർത്തകാൽപ്പനികസ്വപ്നങ്ങൾ പങ്കുവെക്കുകയല്ലാതെ സമഗ്രവും സൂക്ഷ്മവും വ്യക്തതയാർന്നതുമായ ഒരു ഇന്ത്യൻ ഭരണനയം അവരാരും ആലോചിയ്ക്കുക പോലും ചെയ്തിട്ടില്ല. ആ ദുഷ്കരദൗത്യമാണ് നെഹ്രു നിറവേറ്റിയത്. അതിന്റെ വില ചെറുതല്ല, ഇന്നു തിരിഞ്ഞുനോക്കുമ്പോൾ. സെക്കുലർ, ലിബറൽ സങ്കൽപ്പനങ്ങളിലൂന്നി നെഹ്രു രൂപകൽപ്പനചെയ്ത ഇന്ത്യയുടെ ഘടനയാണ് ഇത്രയും കാലം, അടിയന്തരാവസ്ഥയും വർഗീയതയുമടക്കം ഏതു കൊടുങ്കാറ്റുകൾ വീശിയിട്ടും ഇന്ത്യയെ സംരക്ഷിച്ചുനിർത്തിയത് എന്ന് ഇന്നു കാണാം. വർഗീയതയ്ക്കും ഫാഷിസത്തിനും ഭരണമേറ്റെടുത്തിട്ടും കാര്യമില്ല, ഇനിയുമേറെ നാൾ അദ്ധ്വാനിയ്ക്കണം, നെഹ്രൂ രൂപീകരിച്ച ഈ ഘടനയെ പൊളിച്ചടുക്കാൻ.

മോഡിയ്ക്ക് നെഹ്രു ആരുമല്ലായിരിയ്ക്കും. പക്ഷേ ഇന്ത്യയ്ക്ക് തലയുയർത്തി നിന്നു പറയാൻ ഒറ്റപ്രധാനമന്ത്രിയേ ഉണ്ടായിട്ടുള്ളൂ, അത് ജവഹർലാൽ നെഹ്രു ആണ്. ഇന്ന് ഓരോ ഇന്ത്യക്കാരനും അതോർക്കേണ്ട സന്ദർഭവുമാണ്. സംസ്കാരത്തിന്റെ ബഹുസ്വരതയും നാനാത്വത്തിന്റെ സൗന്ദര്യവും അവസാനം വരെ മുറുകെപ്പിടിച്ച് ഇന്ത്യയ്ക്ക് ജീവശ്വാസം നൽകിയ, സ്വതന്ത്ര ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഭരണാധികാരിയെ ഓർക്കേണ്ട കൃത്യം ചരിത്രസന്ദർഭം ഇതല്ലെങ്കിൽ പിന്നെ മറ്റേതാണ്! ‘സംസ്കാര’വും ‘സദാചാര’വും നിർണയിക്കുന്ന ഊളപ്പട തെരുവിലിറങ്ങുന്ന ഈ നിമിഷമല്ലാതെ!

ശ്രീചിത്രന്‍ എം.ജെ

ശ്രീചിത്രന്‍ എം.ജെ

സാംസ്കാരികപ്രവർത്തകനും കലാനിരൂപകനുമാണ്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽ ജോലിചെയ്യുന്നു. ഓൺലൈനിലും പ്രിന്റ് മീഡിയയിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഴിമുഖത്തില്‍ Art Age എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍