UPDATES

ട്രെന്‍ഡിങ്ങ്

മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാന്‍ ശ്രമം നടന്നു?

അധികാരവും പണവും സ്വാധീനവും ബന്ധുബലവുമുള്ളവർ മദ്യപിച്ച് വാഹനമോടിക്കുന്നതും തെരുവിലുറങ്ങുന്നവരെയടക്കം കൊല്ലുന്നതും തെളിവ് നശിപ്പിച്ച് നിയമ നടപടികളിൽ നിന്നും രക്ഷപ്പെടുന്നതും നാട്ടിൽ പുതുതല്ല

മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് ആളെക്കൊല്ലുന്നവർക്കുള്ള ശിക്ഷ നിലവിലെ രണ്ടു വർഷം തടവിൽ നിന്ന് ഏഴു വർഷമായി ഉയർത്തണമെന്ന നിർദ്ദേശം സജീവമായി നിലനില്‍ക്കവയേയാണ് ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കട്ടരാമനും സുഹൃത്തും ഉപയോഗിച്ച കാർ നൂറ്റമ്പത് കിലോമീറ്റർ സ്പീഡിൽ നിയന്ത്രണം വിട്ടോടിയതും മാധ്യമ പ്രവർത്തകന്റെ ജീവനെടുത്തതും.

അധികാരവും പണവും സ്വാധീനവും ബന്ധുബലവുമുള്ളവർ മദ്യപിച്ച് വാഹനമോടിക്കുന്നതും തെരുവിലുറങ്ങുന്നവരെയടക്കം കൊല്ലുന്നതും തെളിവ് നശിപ്പിച്ച് നിയമ നടപടികളിൽ നിന്നും രക്ഷപ്പെടുന്നതും നാട്ടിൽ പുതുതല്ല.

മദ്യപിച്ച് വാഹനമോടിക്കുന്നത് ഇന്ത്യയിൽ കുറ്റമാണ്. നിലവിൽ പിഴ രണ്ടായിരം രൂപ. അതിപ്പോൾ പതിനായിരമായി ഉയർന്നിട്ടുണ്ട്. പക്ഷെ ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നത് സാധാരണക്കാർ മാത്രമാണ്. പണവും സ്വാധീനവുമുള്ളവർ എന്നും രക്ഷപ്പെട്ട് പോകുന്നു. രാജ്യത്തുണ്ടാകുന്ന വാഹനാപകട കേസുകളിൽ കേവലം അഞ്ച് ശതമാനത്തിൽ താഴെയാണ് മദ്യപിച്ച് വാഹനമോടിച്ചവയിൽ വരുന്നത്. അവയിൽ പോലും കൃത്യമായി ശിക്ഷിക്കപ്പെട്ടവർ തുലോം കുറവ്. മദ്യപിച്ചുള്ള നരഹത്യകളിൽ പ്രതിസ്ഥാനത്ത് വരുന്നത് പലപ്പോഴും സിനിമാ നടൻമാരും വ്യവസായികളും ഉന്നതോദ്യോഗസ്ഥരുമാണ്. പക്ഷേ ഇവരില്‍ മിക്കവാറും ശിക്ഷിക്കപ്പെടാറുമില്ല.

എന്തുകൊണ്ടാണ് മദ്യപിച്ചുള്ള വാഹനമോടിക്കൽ നിയമത്തിന് മുന്നിൽ തെറ്റാകുന്നത്? സ്വന്തം ശരീരം പോലും നിയന്ത്രണത്തിൽ നില്‍ക്കാത്ത മദ്യപിച്ച അവസ്ഥയിൽ വണ്ടിയുടെ ബ്രേക്ക് നിയന്ത്രണത്തിൽ വരുത്താനാകില്ല എന്നത് തന്നെ കാരണം. നിലവിലെ വകുപ്പ് 304 എ പോലും പരാജയപ്പെടുന്നിടത്ത് കർശനമായ വകുപ്പുകൾക്ക് ഭാവിയിൽ എന്ത് ചെയ്യാനാകുമെന്നതും ആലോചിക്കേണ്ടതാണ്.

മദ്യപിച്ച് വാഹനമോടിക്കുന്നവർ അപകടത്തിൽപ്പെട്ടാൽ മദ്യപിക്കാതെ കൂടെയുള്ളവരുടെ തലയിൽ കുറ്റം ചാർത്തി ശിക്ഷയുടെ രൂക്ഷത കുറയ്ക്കൽ സാധാരണമെന്ന് നിയമവിദഗ്ധർ പറയുന്നു. പോലീസ് അതിന് കൂട്ടുനില്ക്കുമ്പോൾ കാര്യങ്ങളെളുപ്പമാകുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ കേസിൽ വനിതാ സുഹൃത്തിനെ തുടക്കത്തിലേ മദ്യപിച്ചോയെന്ന് വൈദ്യപരിശോധന നടത്താതെ പോകാനനുവദിച്ചതും അവരാണ് വണ്ടിയോടിച്ചതെന്ന് വരുത്താന്‍ ശ്രമിച്ചതും സമാനമായ കേസുകളിൽ മുമ്പും സംഭവിച്ചിട്ടുണ്ട്.

തുടക്കം മുതൽ തന്നെ പോലീസ് വഴി വിട്ടു പ്രവർത്തിച്ചുവെന്ന് വ്യക്തമാണ്. മദ്യത്തിന്റെ മണം അനുഭവപ്പെട്ടു എന്ന ഡോക്ടറുടെ സാക്ഷ്യപ്പെടുത്തലിനപ്പുറം ശ്രീരാമിന്റെ കാര്യത്തിൽ നടപടി ക്രമങ്ങൾ എല്ലാം ലംഘിക്കപ്പെട്ടു. “കുറ്റം തെളിഞ്ഞാൽ ജോലി വരെ പോകുന്ന കേസാണ്. എന്നാൽ പോലീസ് തുടക്കത്തിലേ എല്ലാം ദുർബലമാക്കി. ഗുരുതരമായ വീഴ്ച്ചകൾ സംഭവിച്ചിരിക്കുന്നു,” സുപ്രീം കോടതി അഭിഭാഷക രഞ്ജിത രാമചന്ദ്രൻ പറഞ്ഞു.

കുറ്റാരോപിതൻ സ്വയം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രിയിലാണ് അഡ്മിറ്റ് ആയതെന്നതും ആശങ്കയുണർത്തുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു. പോലീസിന്റെ കൃത്യമായ പക്ഷപാതിത്വം തുടക്കം മുതൽ വ്യക്തമാണ്. ഐഎഎസ് ലോബിയും രാഷ്ട്രീയ നേതൃത്വവുമെല്ലാം രാത്രി മുഴുവൻ ഉണർന്ന് പ്രവർത്തിച്ചിരിക്കുന്നു.

മരണപ്പെട്ടത് ഒരു മാധ്യമ പ്രവർത്തകനായിട്ടും മാധ്യമ പ്രവർത്തക സംഘടനയും മരിച്ചയാൾ ജോലി ചെയ്ത സ്ഥാപനവുമെല്ലാം കടുത്ത വീഴ്ച്ചയാണ് കാണിച്ചിരിക്കുന്നത്. സമൂഹത്തിലെ വിവിധ മേഖലകളിൽ സംഭവിക്കുന്ന വിശ്വാസത്തകർച്ച നിയമവാഴ്ച്ചയിലേക്കും വ്യാപിക്കുന്നതായി സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന മേഖലയിൽ പ്രവർത്തിക്കുന്ന ജ്യോതി വിജയകുമാർ ചൂണ്ടിക്കാട്ടുന്നു. നിയമം നടത്തേണ്ടവരാണ് നിയമ ലംഘനത്തിന്റെ ആരോപണം നേരിടുന്നത്. ആദരാജ്ഞലികളല്ല നീതിയാണ് കൊല്ലപ്പെട്ട വ്യക്തിയ്ക്കാവശ്യം, അവർ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍