UPDATES

ജാമ്യം കിട്ടി, ഇനിയൊരു മൂവായിരം രൂപ കൂടി ചെലവായേക്കും; എന്തായാലും ശ്രീറാം വെങ്കിട്ടരാമന്‍ ഈ കേസിലെ പോലീസിന്റെ ‘സംഭാവനകള്‍’ വിസ്മരിക്കരുത്

ഇനി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷ്യലിറ്റ് ഐ സിയുവില്‍ കിടക്കുന്ന ശ്രീറാമിന് സ്വന്തം ഇഷ്ടപ്രകാരമുള്ള ആശുപത്രിയിലേക്ക് ചികിത്സ തേടി പോകാം

ജാമ്യമില്ല വകുപ്പ് ആയ 304 പ്രകാരം എടുത്തിരിക്കുന്ന ഒരു കേസില്‍, ഒരു ദിവസം പോലും ജയില്‍വാസം അനുഭവിക്കാതെ മജിസ്ട്രേറ്റ് കോടതിയില്‍ നിന്നു തന്നെ ജാമ്യം എടുക്കാന്‍ ശ്രീറാം വെങ്കിട്ടരാമന് കഴിഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീന്റെ മരണത്തിനു കാരണമായ വാഹനാപകട കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ക്രിമിനല്‍ കേസില്‍ ആദ്യഘട്ടത്തില്‍ തന്നെ പ്രതി ജാമ്യം നേടി പുറത്തു വരുന്നത് തടയുക എന്ന ഉദ്ദേശം കൂടി 304 ചുമത്തുന്നതിനു പിന്നില്‍ ഉണ്ട്. മജിസ്ട്രേറ്റ് കോടതി സാധാരണ ഗതിയില്‍ ജാമ്യാപേക്ഷ നിരസിക്കുകയും സെഷന്‍സ് കോടതിയെ സമീപിക്കാന്‍ പറയുകയുമാണ് ചെയ്യുന്നത്. സെഷന്‍സില്‍ നിന്നും ജാമ്യം നേടുന്നതുവരെ പ്രതിയെ റിമാന്‍ഡ് ചെയ്യും. എന്നാല്‍ സെഷന്‍സ് കോടതിയില്‍ പോകേണ്ടി വരികയോ ജയില്‍ കിടക്കേണ്ടി വരികയോ ഒന്നും ചെയ്യാതെ വെറും മൂന്നു ദിവസം കൊണ്ട് ജാമ്യം നേടാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥനു കഴിഞ്ഞതില്‍ പൊലീസിന്റെ ‘സംഭാവന’ എടുത്തു പറയണം.

പ്രതിക്കെതിരേ ശക്തമായ സാക്ഷി മൊഴികള്‍ ഉണ്ടെന്നും സമൂഹത്തിന് മാതൃകയാകേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ നടത്തിയത് ഗുരുതരമായ നിയമലംഘനമാണെന്നും ജാമ്യം അനുവദിക്കരുതെന്നുമൊക്കെ പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും അതിനും മുന്നേ പ്രതിയെ രക്ഷിക്കാനുള്ള വഴിയൊക്കെ ഉണ്ടാക്കപ്പെട്ടിരുന്നു. ജാമ്യം നിഷേധിക്കണമെങ്കില്‍ ശക്തമായ തെളിവുകള്‍ ഉണ്ടായിരിക്കണം. ഏറ്റവും നിര്‍ണായക തെളിവാകുമായിരുന്ന രക്തപരിശോധന റിപ്പോര്‍ട്ട് പോലും പ്രതിക്ക് അനുകൂലമായാണ് ഉണ്ടായത്. പൊലീസിന്റെ കേസ് ഡയറിയും പ്രതിയുടെ രക്തപരിശോധന ഫലവും പരിശോധിച്ച ശേഷം കോടതി ജാമ്യം അനുവദിക്കുകയാണ് ഉണ്ടായതെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പൊലീസിന് മാത്രമാണ്. പ്രതി മദ്യപിച്ച് വാഹനമോടിച്ചൂവെന്ന് കസ്റ്റഡി അപേക്ഷയില്‍ പറയുമ്പോഴും അത് തെളിയിക്കാന്‍ പോലീസിന് ആയില്ല. ജാമ്യാപേക്ഷയില്‍ പ്രതിഭാഗം അഭിഭാഷകന്‍ പ്രധാനമായി വാദിച്ചതും ശ്രീറാം മദ്യപിച്ചിരുന്നതായി തെളിവുകള്‍ ഇല്ലെന്നായിരുന്നു. അത്ര ആത്മവിശ്വാസത്തോടെ വാദിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞെങ്കില്‍ അത് മുന്നേ രൂപപ്പെട്ടൊരു തിരക്കഥ നല്‍കിയ ബലമായിരിക്കണം.

ശ്രീറാം മദ്യപിച്ചിരുന്നുവെന്നു പറയാന്‍ തെളിവ് ഉണ്ടോ എന്നു കോടതി പ്രോസിക്യൂഷനോട് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരമില്ലാതായി. കോടതി പ്രധാനമായും പരിഗണിക്കുന്നത് രക്തപരിശോധന റിപ്പോര്‍ട്ട് ആയിരിക്കുമെന്നത് വാഹനാപകട കേസ് കൈകാര്യം ചെയ്യുന്ന ഏതൊരു സാധാരണ പൊലീസുകാരനും അറിയാവുന്ന കാര്യമാണ്. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തണമെങ്കില്‍ എപ്പോള്‍ പരിശോധിക്കണമെന്നതും പൊലീസിന് അറിയാത്ത കാര്യമല്ല.

കേസില്‍ ഏറ്റവും നിര്‍ണായകമാകുമെന്ന് അറിയാവുന്ന രക്തപരിശോധന കൃത്യ സമയത്ത് നടത്താതിരുന്നതു തന്നെയാണ് പൊലീസിന് ഉണ്ടായ വലിയ ‘വീഴ്ച്ച’. ബഷീറിന്റെ അപകടമരണത്തിന് പിന്നാലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനാണ് മ്യൂസിയം പൊലീസ് ശ്രമിച്ചതെന്ന ആക്ഷേപങ്ങള്‍ ഇപ്പോള്‍ ശരിയായിരിക്കുന്നു. നിയമങ്ങള്‍ പാലിക്കാതെ, ഐഎഎസുകാരനായ പ്രതിയുടെ വാക്കുകള്‍ കേട്ടു മാത്രം പ്രവര്‍ത്തിക്കുകയാണ് പൊലീസ് ചെയ്തത്. അപകടം ഉണ്ടായ സ്ഥലത്ത് വളരെ പെട്ടെന്നു തന്നെ പൊലീസ് എത്തിയതാണ്. പ്രതിയെ സംഭവസ്ഥലത്ത് തന്നെ കിട്ടുകയും ചെയ്തു. ഈ സമയം പ്രതിയായ ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് സാക്ഷി മൊഴികളും ഉള്ളതാണ്. അപകടം ഉണ്ടാക്കിയ വാഹനത്തില്‍ ഒപ്പം ഉണ്ടായിരുന്ന വഫ ഫിറോസ് എന്ന സ്ത്രീയുടെ മൊഴിയിലും ശ്രീറാം മദ്യപിച്ചിരുന്നുവെന്നു പറയുന്നുണ്ട്. ഇത്രയൊക്കെ ആയിട്ടും പൊലീസ് ശ്രീറാമിന്റെ രക്തം എടുക്കാന്‍ തയ്യാറായില്ല. ഡോക്ടറോട് ഈ ആവശ്യം പറഞ്ഞില്ല. ഒടുവില്‍ വലിയ സമ്മര്‍ദ്ദങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെയാണ് രക്തപരിശോധനയയ്ക്ക് തയ്യാറായത്. അപ്പോഴേക്കും വിലപ്പെട്ട പത്തു മണിക്കൂര്‍ പിന്നിട്ടിരുന്നു. മനഃപൂര്‍വമായ ആ കാലതാമസം കോടതിയില്‍ ശ്രീറാമിന് അനുകൂലമാവുകയും ചെയ്തു.

ഇനിയീ കേസില്‍ 304 നിലനില്‍ക്കാന്‍ സാധ്യത കുറവാണ് എന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 304 പ്രകാരം ബോധപൂര്‍വം ഒരു കൊലപാതകമാണ് നടത്തിയതെന്നു തെളിയിക്കാന്‍ ഇതേ പൊലീസിന് കഴിയുമെന്നു കരുതാനും വയ്യ. മനഃപൂര്‍വമല്ലാത്ത നരഹത്യ(304എ) ആയി കേസ് മാറിയേക്കാം. മദ്യലഹരിയില്‍, അപകടമുണ്ടാകുമെന്നും മരണം വരെ സംഭവിച്ചേക്കാമെന്നും അറിഞ്ഞുകൊണ്ട് തന്നെ വാഹനമോടിച്ച് എന്ന പൊലീസിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ അംഗീകരിക്കപ്പെടാതെ പോകാം. ഈ കേസ് 304 എ ആയി മാറുകയും പൊലീസിന് അവശ്യമായ തെളിവുകള്‍ ഇല്ലാതാവുകയും ചെയ്താല്‍ പരമാവധി മൂവായിരം രൂപ പിഴയൊടുക്കി കേസില്‍ നിന്നും സ്വതന്ത്രമാകാനുള്ള വഴിയൊരുങ്ങും ശ്രീറാം വെങ്കിട്ടരാമന്. അതിനാണ് തൊണ്ണൂറ്റിയൊമ്പത് ശതമാനവും സാധ്യത.

ശ്രീറാമിനെ ഡോപമൈന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് സിറാജ് മാനേജ്‌മെന്റിന്റെ വക്കീല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അപകടം ഉണ്ടാകുമ്പോള്‍ പ്രതി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവോ എന്നറിയാനാണ് ഡോപമൈന്‍ ടെസ്റ്റ്. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി തീരുമാനമൊന്നും പറഞ്ഞിട്ടില്ല. അപകടമുണ്ടായ സ്ഥലത്തെത്തിയ സാക്ഷികള്‍ നല്‍കിയ വിവരമനുസരിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ നിലത്ത് കാലുറയ്ക്കാത്ത നിലയിലായിരുന്നുവെന്നാണ്. എന്നിട്ടുപോലും രക്തപരിശോധന നടത്തിയപ്പോള്‍ മദ്യത്തിന്റെ അംശം പോലും അദ്ദേഹത്തിന്റെ ശരീരത്തില്‍ കണ്ടെത്താനായില്ല. അവിടെയാണ് ഡോപമൈന്‍ ടെസ്റ്റ് നടന്നാല്‍ തന്നെ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ എന്ന ചോദ്യം.

ഏതായാലും ഈ കേസില്‍ പൊലീസിന് വീഴ്ച്ചയുണ്ടായിട്ടുണ്ടെന്ന് പൊലീസിലെ ഉന്നതര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായിരുന്നു മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ് ഐ ജയപ്രകാശനെ സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ ഈ കേസ് വിശദമായി അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘത്തെയും ഡിജിപി രൂപീകരിച്ചിട്ടുണ്ട്. എഡിജിപിക്കാണ് അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ തലവന്‍ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയെയാണ് നിയോഗിച്ചിരിക്കുന്നത്. കിട്ടേണ്ട തെളിവുകളെല്ലാം കാലേക്കൂട്ടി തന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നിടത്ത് പ്രത്യേക സംഘം എന്ത് അന്വേഷണം നടത്തുമെന്നു മാത്രം അറിയില്ല. ചെയ്യാന്‍ കഴിയുമെന്ന് ഇനി വിശ്വസിക്കാന്‍ പറ്റുന്ന ഒരേയൊരു കാര്യം കൃത്യവിലോപം കാട്ടിയ പൊലീസുകാരെ കണ്ടെത്തുകയാണ്. പക്ഷേ അക്കാര്യത്തിലും പൊലീസിനുമേല്‍ അത്ര ഉറപ്പ് വയ്ക്കാന്‍ കഴിയില്ല.

ജാമ്യം കിട്ടിയതോടെ, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷ്യലിറ്റ് ഐ സിയുവില്‍ കിടക്കുന്ന ശ്രീറാമിന് സ്വന്തം ഇഷ്ടപ്രകാരമുള്ള ആശുപത്രിയിലേക്ക് ചികിത്സ തേടി പോകാം. കസ്റ്റഡിയില്‍ എടുത്ത സമയത്ത് തന്നെ സ്വന്തം തീരുമാനപ്രകാരം തെരഞ്ഞെടുത്ത കിംസ് ആശുപത്രിയിലേക്ക് മാറണമെങ്കിലും ഇനി തടസമില്ല.

Read More: സൂപ്പര്‍ ഹീറോയില്‍ നിന്നും വില്ലനിലേക്ക് ഒറ്റ രാത്രികൊണ്ട് ഓടിച്ചു കയറിയ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍