UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കടകള്‍ തുറക്കും, ബസ്സുകള്‍ നിരത്തിലിറങ്ങും; ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വിവിധ സംഘടനകള്‍

നിലവില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍പ്പോലും അടപ്പിച്ച കടകള്‍ വീണ്ടും തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

ശ്രീഷ്മ

ശ്രീഷ്മ

നാളത്തെ ഹര്‍ത്താലിനോട് വ്യാപാരികള്‍ സഹകരിക്കില്ലെന്ന് ഹര്‍ത്താല്‍ വിരുദ്ധ സമിതി. കടകമ്പോളങ്ങള്‍ തുറന്നുതന്നെ കിടക്കുമെന്നും മറ്റു സംഘടനകളും തങ്ങള്‍ക്കൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ കോഴിക്കോട്ട് പ്രതികരിച്ചു. സ്വകാര്യ ബസ്സുകളും ലോറികളും നിരത്തിലിറങ്ങുമെന്ന് ബസ്സ്-ലോറി ഓണേഴ്സ് അസോസിയേഷനും അറിയിച്ചതായി ഭാരവാഹികള്‍ പറയുന്നു. ഹര്‍ത്താലുകളോട് സഹകരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ വിവിധ സംഘടനകള്‍ തീരുമാനിക്കുകയും ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തിരുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പം തൊണ്ണൂറ്റിയാറോളം സംഘടനകള്‍ ചേര്‍ന്നാണ് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ രൂപീകരിച്ചതെന്നും 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചതാണെന്നും വക്താവ് സേതുമാധവന്‍ പറയുന്നു. വ്യാപാരികള്‍ ഹര്‍ത്താലിനോട് സഹകരിക്കാതെ കടകള്‍ തുറക്കുമെന്നും ഒപ്പം മറ്റു സംഘടനകളും അണിചേരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Read: “തിരിച്ചു വരും” എന്നു അവര്‍ പറഞ്ഞു; ബിന്ദുവും കനകദുര്‍ഗ്ഗയും വാക്ക് പാലിച്ചു

വിവിധ സംഘടനകളുടെ തീരുമാനമറിയാനായി ഇന്നുച്ചയോടെ നടന്ന യോഗത്തിലാണ് അന്തിമ തീരുമാനമായത്. വ്യാപാരി വ്യവസായി ഏകോപന സമിതി, ചേംബര്‍ ഓഫ് കൊമേഴ്സ്, ബസ്സ് ഓണേഴ്സ് അസോസിയേഷന്‍, ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ എന്നിവയടക്കമുള്ള സംഘടനകളെ കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള യോഗത്തില്‍, ഹര്‍ത്താല്‍ വിരുദ്ധ സമീപനവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു.

പത്തു മണിയോടെ കോഴിക്കോട് മിഠായിത്തെരുവിലെ എല്ലാ കടകളും ഒരേ സമയത്ത് തുറക്കുമെന്നും എല്ലാ സംഘടനകളുടെയും പ്രതിനിധികള്‍ ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറയുന്നു. നിലവില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍പ്പോലും അടപ്പിച്ച കടകള്‍ വീണ്ടും തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നാളെ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ നിയമപരമായിത്തന്നെ നേരിടുമെന്നും വ്യാപാരികള്‍ സൂചിപ്പിക്കുന്നു.

Read: ശബരിമല: നാടെങ്ങും അക്രമം, കലാപാഹ്വാനം, ഹര്‍ത്താല്‍; അതീവ ജാഗ്രതയ്ക്ക് നിര്‍ദ്ദേശം

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, തുറന്നിരിക്കുന്ന കടകള്‍ക്ക് ആവശ്യമെങ്കില്‍ പൊലീസ് സുരക്ഷ ഉറപ്പുവരുത്താനും തീരുമാനമായിട്ടുണ്ട്. ഏതു സാഹചര്യത്തിലും ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഹര്‍ത്താല്‍ വിരുദ്ധ സമിതി.

Read: ശബരിമലയില്‍ നട അടച്ചവര്‍ ഗുരുവായൂര്‍ നടയടയ്ക്കലിനെക്കുറിച്ച് കൂടി ഓര്‍മ്മിക്കുന്നത് നന്നായിരിക്കും

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍