UPDATES

ട്രെന്‍ഡിങ്ങ്

ആക്രമിക്കപ്പെട്ട നടിക്കെതിരെ പിസി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശം: ന്യായീകരണവുമായി അപ്പനും മകനും

ഭാഗ്യലക്ഷ്മിയ്ക്കും സയനോരയ്ക്കും പി സി ജോര്‍ജ്ജിന്റെ മറുപടി, ന്യായീകരണ വീഡിയോയുമായി ഷോണും

ആക്രമിക്കപ്പെട്ട നടിക്കെതിരെ കഴിഞ്ഞ ദിവസം വിവാദ പരാമര്‍ശം നടത്തിയ പി സി ജോര്‍ജ്ജും മകന്‍ ഷോണ്‍ ജോര്‍ജ്ജും ന്യായീകരങ്ങളുമായി രംഗത്ത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായിക സയനോര എന്നിവര്‍ വിവാദ പരാമര്‍ശത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പി സി ജോര്‍ജ്ജിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് പി സി ഇന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

‘ഈ പ്രായത്തിലെത്തിനില്‍ക്കുന്ന ഞാന്‍ പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തു നിന്നുമൊരു കോച്ചിംഗ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കൂടി മാന്യ സോദരിയായ സ്ത്രീരത്‌നത്തെ അറിയിക്കുന്നു’ എന്നാണ് പിസി ഭാഗ്യലക്ഷ്മിയോട് പറയുന്നത്. ‘ദൂരെ നിന്ന് പോലീസിനെ കണ്ടും പിന്നവരെക്കുറിച്ചുമുള്ള കേട്ടറിവും മാത്രമല്ലേ കുഞ്ഞിനുള്ളൂ? എനിക്കങ്ങനെയല്ല കുഞ്ഞേ അടുത്തു നിന്നുള്ള അറിവുണ്ട്. ജനങ്ങള്‍ എന്നെയേല്‍പ്പിച്ച ഞാന്‍ ചെയ്യുന്ന ജോലിയുടെ ഒരു പ്രത്യേകത മൂലം പോലീസിനെക്കുറിച്ചും അവര്‍ തയ്യാറാക്കുന്ന എഫ്‌ഐആറിനെക്കുറിച്ചും വളരെ അടുത്തു നിന്നുള്ള കൃത്യമായ അറിവ് എനിക്കുണ്ട്. അതുകൊണ്ടാണ് പോലീസ് റിപ്പോര്‍ട്ടുകളെയും മാധ്യമ റിപ്പോര്‍ട്ടുകളെയും ഞാന്‍ വെള്ളം തൊടാതെ വിഴുങ്ങാത്തത്’ എന്നാണ് സയനോരയ്ക്കുള്ള മറുപടി.

തന്റെ പരാമര്‍ശത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും കേരള സമൂഹത്തിലും നടക്കുന്ന ചര്‍ച്ചകളോടുള്ള പി സി ജോര്‍ജ്ജിന്റെ വിശദീകരണം നല്‍കുന്ന വീഡിയോ ആണ് ഷോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോലീസ് തെളിവില്ലാതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന് ആവര്‍ത്തിക്കുന്ന പി സി ജോര്‍ജ്ജ് മാധ്യമങ്ങള്‍ എന്തിനാണ് ദിലീപിനെ കുറ്റക്കാരനാക്കാന്‍ ഇത്രമാത്രം ശ്രമിക്കുന്നതെന്നും ചോദിക്കുന്നു. ഡല്‍ഹിയിലെ നിര്‍ഭയ കേസിനേക്കാള്‍ ക്രൂരമായി നടി പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. നിര്‍ഭയ കേസില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഒരാഴ്ചയോളം അത്യാസന്ന നിലയില്‍ കിടന്ന് മരിക്കുകയായിരുന്നു. നിര്‍ഭയ കേസിലെ പെണ്‍കുട്ടിയേക്കാള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നടി എങ്ങനെ രണ്ട് ദിവസത്തിന് ശേഷം ഷൂട്ടിംഗിന് പോകുമെന്ന് മാത്രമാണ് ഞാന്‍ ചോദിച്ചത്. അതെങ്ങനെ തെറ്റാകും. പോലീസ് ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും പിസി പറയുന്നു. അല്ലാതെ സിനിമ നടിയുടെ മാന്യതയെക്കുറിച്ചല്ല താന്‍ പറഞ്ഞത്. തനിക്ക് അതിന്റെ ആവശ്യവുമില്ല.

ആ സിനിമ നടിയെ ഉപദ്രവിച്ചവര്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹം. സുനിയെന്ന നരാധമന്‍ മുമ്പ് ഡ്രൈവറായിരുന്ന എംഎല്‍എയായ സിനിമ നടന്റെ ഡ്രൈവറായിരുന്നു. മുമ്പ് സുനി ഒരു നടിയെ ആക്രമിച്ചപ്പോള്‍ ഇയാള്‍ ഈ എംഎല്‍എയുടെ ഡ്രൈവറായിരുന്നു. എന്തുകൊണ്ട് ഈ എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ജോര്‍ജ്ജ് ചോദിക്കുന്നു. ദിലീപിനോട് മാത്രം കുശുമ്പ് കുത്താന്‍ പിണറായി ഇറങ്ങിത്തിരിക്കേണ്ടെന്നും മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കാവ്യ മാധവന്‍ എന്നിവരുടെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കണമെന്നും പി സി ജോര്‍ജ്ജ് ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍