UPDATES

ട്രെന്‍ഡിങ്ങ്

അതിജീവനത്തിന്റെ പോരാട്ടത്തിന് ജനകീയ പിന്തുണയേറുന്നു; സേവ് ആലപ്പാട് അന്താരാഷ്ട്രശ്രദ്ധയില്‍ എത്തിക്കാനും ശ്രമം

നിരാഹര സത്യാഗ്രഹം എഴുപത് ദിവസം പിന്നിടുമ്പോള്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ഉള്‍പ്പെടുന്ന ആലപ്പാട് പഞ്ചായത്തില്‍ നടക്കുന്ന കരിമണല്‍ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ജനകീയ സമരം കൂടുതല്‍ ശക്തമാക്കുന്നു. സേവ് ആലപ്പാട് എന്ന ഹാഷ് ടാഗ് ഓടുകൂടി സോഷ്യല്‍ മീഡിയയില്‍ ആലപ്പാടെ ജനതയുടെ സമരം വ്യാപക പ്രചാരം നേടിയതോടെ കൂടുതല്‍ പേര്‍ ആലപ്പാടിന് പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ്. ഇതോടെയാണ് സമരം അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍  തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര പ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകരെ ആലപ്പാട് എത്തിക്കുകയാണ് ഇതിനുള്ള മാര്‍ഗമായി കാണുന്നത്.

ചലച്ചിത്രപ്രവര്‍ത്തകരടക്കം സമൂഹത്തിന്റെ വിവിധമേഖലകളില്‍ ഉള്ളവര്‍ സേവ് ആലപ്പാട് കാമ്പയിന്റെ ഭാഗമായി സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചാരണമാണ് കരിമണല്‍ ഖനനത്തിനെതിരേ നടക്കുന്നത്. കരിമണല്‍ ഖനനം നിര്‍ത്തുക, ആലപ്പാടിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ആരംഭിച്ച ഖനനവിരുദ്ധ സമതിയുടെ എഴുപത് ദിവസം പിന്നിടുന്ന ജനകീയ സമരത്തില്‍ പങ്കാളികളാകാന്‍ പലയിടങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. ഭരണകൂടങ്ങളുടെയും മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളുടെയും പിന്തുണയില്ലാതെ തന്നെയാണ് സമരം ഇത്രമേല്‍ ശക്തമാകുന്നതെന്നും ശ്രദ്ധേയമാണ്. നവമാധ്യമങ്ങളിലുള്ളവര്‍, താരങ്ങള്‍ അടക്കമുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍,, പരിസ്ഥിതി സംഘടനകള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, എന്‍എസ്എസ് വോളന്റിയര്‍മാര്‍ എന്നിങ്ങനെ വ്യത്യസ്തതലങ്ങളില്‍ നിന്നുകിട്ടുന്ന പിന്തുണയും പങ്കാളിത്തവുമായി സമരം കരുത്തുറ്റതാക്കുന്നത്.

തുടക്കത്തില്‍ ഒരു ദിവസം ഒരാള്‍ എന്ന നിലയിലാണ് കരിമണല്‍ ഖനനത്തിനെതിരേയുള്ള നിരാഹാര സത്യഗ്രഹം ആരംഭിച്ചത്. മാധ്യമശ്രദ്ധ അധികം കിട്ടാതെ പോയതും ആലപ്പാട്ടെ ജനങ്ങളുടെ പോരാട്ടം പൊതുസമൂഹത്തിന്റെ മുന്നില്‍ എത്തുന്നതിന് ആദ്യകാലത്ത് തടസമായിരുന്നു. എങ്കിലും സമരം നിര്‍ത്താതെ മുന്നോട്ടുപോവുകയായിരുന്നു ഖനനവിരുദ്ധ സമിതി. എന്നാല്‍ സേവ് ആലപ്പാട് കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും പൃഥ്വിരാജ്, ടൊവിനോ തോമസ്, സണ്ണി വെയ്ന്‍ തുടങ്ങിയ സിനിമ താരങ്ങള്‍ അടക്കം ഖരിമണല്‍ ഖനനം ഒരു നാടിനെ ഇല്ലാതാക്കുന്നതിനെതിരേ ശബ്ദം ഉയര്‍ത്തുകയും ചെയ്തതോടെ സമീപകാലത്ത് കേരളം കണ്ടതില്‍വച്ച് ഏറ്റവും ജനപിന്തുണയേറിയൊരു സമരമായി ഇതു മാറുകയായിരുന്നു. നിരാഹാര സത്യാഗ്രഹത്തില്‍ പങ്കാളികളാകാന്‍ ക്ലബ്ബുകളും കൂട്ടായ്മകളും ഇപ്പോള്‍ രംഗത്തുണ്ട്. സമരപന്തലില്‍ കൂടുതല്‍പേരുടെ സാന്നിധ്യമുയര്‍ന്നു. ജില്ലയ്ക്കു പുറത്തും വിവിധയിടങ്ങളില്‍ ആലപ്പാട് ജനതയ്ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ആലപ്പാടേക്ക് സമര പിന്തുണയുമായി യുവാക്കളുടെ കൂട്ടായ്മയും എത്തുന്നുണ്ട്.

ആലപ്പാടിന്റെ അതിജീവന സമരത്തെ പിന്തുണയ്ക്കാന്‍ ചലച്ചിത്ര മേഖല എത്തിയതും ഏറെ നിര്‍ണായകമായിട്ടുണ്ട്. സമരത്തിനു കൂടുതല്‍ ശ്രദ്ധകൈവരിക്കാന്‍ താരങ്ങളുടെ ഇടപെടല്‍ കാരണമായി. ഒരു ജനത നടത്തുന്ന സമരം കാണാതെ അധികകാലം മുന്നോട്ടുപോകാന്‍ ആകില്ലെന്നും വിഷയം കേരളം ഏറ്റെടുക്കണമെന്നും ഉള്ള നടന്‍ ടൊവിനോ തോമസിന്റെ ആഹ്വാനം സമൂഹമാധ്യമങ്ങളില്‍ വന്‍സ്വീകാര്യതയാണ് നേടിയത്. ആലപ്പാടിന്റെ കാര്യത്തില്‍ അധികാരികള്‍ നടപടിയെടുക്കും വരെ ശബ്ദം ഉയരര്‍ത്തുമെന്ന പൃഥ്വിരാജിന്റെ വാക്കുകളും ആലപ്പാടിന്റെ പ്രശ്‌നത്തിലേക്ക് കൂടുതല്‍പേരുടെ ശ്രദ്ധ എത്തിച്ചു. ഇവര്‍ക്കു പിന്നാലെ സണ്ണി വെയ്ന്‍, അനു സിത്താര, പ്രിയ വാര്യര്‍, രജിഷ വിജയന്‍, മുരളി ഗോപി, രഞ്ജിത്ത് ശങ്കര്‍ തുടങ്ങി കൂടുതലും താരങ്ങളും സംവിധായകരും എഴുത്തുകാരുമെല്ലാം ആലപ്പാടെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മുന്നോട്ടുവന്നത് വലിയ മുന്നേറ്റമാണ് സമരത്തിന് ഉണ്ടാക്കിയിരിക്കുന്നത്.മനുഷ്യരും മനുഷ്യത്വവും മറ്റെന്തിനേക്കാളും വിലപ്പെട്ടതാണെന്ന വിശ്വാസം നമുക്ക് നഷ്ടമാവാത്ത കാലത്തോളം, ആലപ്പാടും അവിടത്തെ ജനങ്ങളും, ഈ യാത്രയില്‍ തനിച്ചല്ല എന്നായിരുന്നു ആലപ്പാട് ജനതയ്ക്ക് തന്റെ പിന്തുണയര്‍പ്പിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ എഴുതിയത്.

ഒരുകാലത്ത് മത്സ്യസമ്പത്തും കാര്‍ഷിക സമ്പത്തുംകൊണ്ട് വിഭവസമൃദ്ധമായിരുന്നു ഒരു നാട് ഇന്ന് ഭൂമുഖത്തു നിന്നുതന്നെ അപ്രത്യക്ഷമാകുന്ന ദുരന്തത്തിന്റെ വക്കിലെത്തി നില്‍ക്കുമ്പോള്‍, ജീവിക്കാന്‍ മാര്‍ഗമില്ലാതാകുന്നു മനുഷ്യന്‍ അതിജീവനത്തിന്റെ പാതയില്‍ നിന്നുകൊണ്ട് നടത്തുന്ന അവാസനപോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സമരസമിതിക്കാര്‍ പറയുന്നത്. ഈ പോരാട്ടം വിജയം കാണാന്‍ വേണ്ടി എല്ലാ വഴികളും നോക്കുമെന്നും ഇവര്‍ പറയുന്നു. സമൂഹമാധ്യമങ്ങള്‍ പരമാവധി ഇതിനായി ഉപയോഗിക്കും. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം, അതിനു തയ്യാറാകാത്ത പക്ഷം സമരം കൂടുതല്‍ ശക്തമാക്കി സര്‍ക്കാരിനെ തങ്ങള്‍ക്ക് അനുകൂലമാകാന്‍ നിര്‍ബന്ധിതരാക്കുമെന്നും സമരക്കാര്‍ പറയുന്നു. ഇപ്പോള്‍ ജനകീയ പിന്തുണയില്‍ ഈ പോരാട്ടത്തിന് വിജയം കാണാനാകുമെന്നും സമരസമിതിക്കാര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ആലപ്പാട് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളം മുഴുവന്‍ ഇത്തരം പാരിസ്ഥിതികപ്രശ്‌നങ്ങളുടെ പിടിയില്‍ പെടുമെന്നും ഒന്നിച്ചു നില്‍ക്കേണ്ടത് എല്ലാവരുടേയും നിലനില്‍പ്പിന്റെ ്പ്രശ്‌നമാണെന്നും ആലപ്പാട്ടെ ജനങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

പൊതുമേഖല സ്ഥാപനങ്ങളായ ചവറ ആസ്ഥാനമായുള്ള ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് ലിമിറ്റഡ്, കരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് എന്നിവയെയാണ് സമരക്കാര്‍ ആലപ്പാടിന്റെ ദുരിതത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. 1965 മുതല്‍ തുടരുന്ന ഖനനം മൂലം മേഖലയിലെ ഇരുപതിനായിരം ഏക്കറോളം ഭൂമിയാണ് കടലെടുത്തതെന്നാണ് പരാതി. ആലപ്പാട് കൂടാതെ കരുനാഗപ്പള്ളിയിലെ ആറു പഞ്ചായത്തുകളിലും ഖനനം നടക്കുന്നുണ്ട്.

അതേസമയം സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സേവ് ആലപ്പാട് കാമ്പയിനു പിന്നില്‍ സംശയങ്ങളും ഉയരുന്നുണ്ട്.കരിമണല്‍ ഖനനം നടത്തുന്നതിന് നിയമപരമായി അനുവാദമുള്ള ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ്, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് എന്നീ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടയുകയാണ് സേവ് ആലപ്പാട് കാമ്പയിന്റെ പിന്നിലെ ലക്ഷ്യമെന്നാണ് ഉയരുന്ന ഒരു ആക്ഷേപം. സ്വകാര്യ കമ്പനികള്‍ കരിമണല്‍ ഖനനത്തിന് കേരളത്തില്‍ അനുമതി നേടിയെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളായും ഇതിനെ കാണുന്നവരുണ്ട്. സമരം മുതലെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ നടക്കുന്ന സമരം വിശ്വാസയോഗ്യമല്ലെന്നും പരാതി ഉയര്‍ത്തുന്നവരുമുണ്ട്. എന്നാല്‍ ഇത്തരം ആക്ഷേപങ്ങള്‍ക്കും പരാതികള്‍ക്കും എതിരേ ശക്തമായ പ്രതിഷേധമാണ് പൊതുവില്‍ ഉയരുന്നത്. വരും ദിവസങ്ങളില്‍ കരിമണല്‍ ഖനനത്തിനെതിരേ ആലപ്പാടെ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സമരം ശക്തമാക്കുമെന്ന പ്രഖ്യാപനമാണ് ഉയര്‍ന്നു വരുന്നതും.

ആലപ്പാട്: ഞങ്ങളിത് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു; എന്താണ് ഈ തീരദേശത്ത് സംഭവിക്കുന്നത്? അറിയേണ്ടതെല്ലാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍