UPDATES

ട്രെന്‍ഡിങ്ങ്

കാലലയ രാഷ്ട്രീയം: ജനാധിപത്യ വിരുദ്ധ വിദ്യാര്‍ത്ഥി സംഘടനകളും വിമര്‍ശിക്കപ്പെടണം

വൈവിധ്യങ്ങളായ ആശയ പ്രകാശനത്തിന്റെ സര്‍ഗാത്മക ഇടങ്ങളായി കാമ്പസുകള്‍ മാറുമ്പോഴാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ സൗന്ദര്യം  ഒരു ജനത നേരിട്ടും കോടതികള്‍ പരോക്ഷമായും ആസ്വദിക്കുക

”കൊളോണിയലിസത്തിനടിമപ്പെട്ട മനുഷ്യന്‍ തന്റെ മജ്ജയില്‍ സമന്വയിച്ചിരിക്കുന്ന അക്രമാസക്തതയെ ആദ്യം സ്വന്തം ജനങ്ങള്‍ക്കെതിരെയാണ് ഉപയോഗിക്കുക. നീഗ്രോകള്‍ പരസ്പരം തല്ലുകയും വടക്കന്‍ ആഫ്രിക്കയിലെ കുറ്റകൃത്യങ്ങളുടെ അനന്തമായ തിരമാലകള്‍ക്കു മുമ്പില്‍ എങ്ങോട്ടാണ് തിരയേണ്ടതെന്നറിയാതെ പോലീസുകാരും ന്യായാധിപന്‍മാരും കുഴങ്ങുകയും ചെയ്യുന്ന സമയം ഇതാണ്. ക്രമസമാധാന പാലകര്‍ക്ക് ദിവസം മുഴുവന്‍ നാട്ടുകാരെ തല്ലാനും ചീത്ത വിളിക്കാനും അധികാരമുണ്ടെങ്കിലും സ്വന്തക്കാരന്റെ അല്‍പം ശത്രുത നിറഞ്ഞതോ അക്രമാസക്തമോ ആയ നോട്ടം വീണാല്‍ മതി നാട്ടുകാരന്‍ കത്തിയെടുക്കുന്നത് കാണാം. കാരണം നാട്ടുകാരന്റെ അവസാന അഭയം തന്റെ സഹോദരനെതിരെ തന്റെ വ്യക്തിത്വം കാത്ത് സൂക്ഷിക്കുകയെന്നതാണ്. ഈ പെരുമാറ്റത്തില്‍ അവര്‍ ഒരിക്കല്‍ കൂടെ തങ്ങളുടെ ദ്വന്ദ്വാത്മക സ്വഭാവം വെളിപ്പെടുത്തുകയാണ്. കാരണം മര്‍ദ്ദകന്‍ ജീവിക്കുന്നത് മര്‍ദ്ദിത സഖാക്കളുടെ ഉള്ളില്‍ തന്നെയാണ്. ഞങ്ങളുടെ സഖാക്കളെ അക്രമിക്കുമ്പോള്‍ അവര്‍ പരോക്ഷമായി മര്‍ദ്ദകനെ കൂടി അക്രമിക്കുകയാണ്’‘.  (മര്‍ദ്ദിതരുടെ ബോധന ശാസ്ത്രം- പൗലോ ഫ്രെയര്‍ )

കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രിയം പാടില്ല എന്ന നിരീക്ഷണത്തിലൂടെയാണ് ഇത്തവണ കേരള ഹൈക്കോടതി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. വിദ്യാര്‍ഥികള്‍ പഠിക്കാന്‍ വേണ്ടിയാണ് കലാലയങ്ങളില്‍ വരുന്നതെന്നും അതിനാല്‍ പഠനം തടസ്സപ്പെടുത്തുന്ന രാഷ്ടിയ പ്രവര്‍ത്തനം കാമ്പസില്‍ അനുവദിക്കാന്‍ സാധ്യമല്ല എന്ന നിരീക്ഷണമാണ് കോടതി നടത്തിയിരിക്കുന്നത്. തീര്‍ച്ചയായും കോടതിയുടെ ഈ അഭിപ്രായത്തെ സാമൂഹ്യബോധമുള്ള മുഴുവന്‍ ആളുകളും തള്ളിക്കളയും. കാരണം വിദ്യാര്‍ഥികളുടെ സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധാനങ്ങളെ ഇത്തരം അസംബന്ധ നിരീക്ഷണങ്ങള്‍ കൊണ്ട് റദ്ദാക്കിക്കളയാം എന്നുള്ളത് കോടതിയുടെ വ്യാമോഹം മാത്രമായിരിക്കും. കാമ്പസ് രാഷ്ട്രീയം നിരോധിച്ചിട്ടില്ലെങ്കിലും കുട്ടികള്‍ക്കത് വേണ്ടെന്ന കൃത്യമായ നിലപാടാണ് കോടതി നിരീക്ഷിച്ചത്. കലാലയങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുുള്ള വേദിയല്ല. പഠിപ്പിക്കാനും പഠിക്കാനും കോളേജുകളില്‍ എത്തുന്നവര്‍ ആ പ്രവര്‍ത്തി ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഹൈജാക്ക് ചെയ്യുന്ന അവസ്ഥ ഉണ്ടാവരുത്. രാഷ്ട്രീയ പ്രവര്‍ത്തനം കലാലയത്തിന് പുറത്ത് ആയിക്കോട്ടെ. ഇങ്ങനെ പോകുന്നു കോടതിയുടെ നിരീക്ഷണം. പ്രതിലോമപരവും ജനാധിപത്യവിരുദ്ധവുമായ ഇത്തരം തീര്‍പ്പുകളെ തള്ളിക്കളയുമെന്ന് തന്നെയാണ് കേരളീയ സാമൂഹ്യ പരിസരം വ്യക്തമാക്കുന്നത്. പക്ഷെ, വിദ്യാര്‍ഥി സംഘടനകള്‍ അന്വേഷിക്കേണ്ട ഒരു യാഥാര്‍ത്ഥ്യം ഈ കോടതി നിരീക്ഷണത്തില്‍ അടങ്ങിട്ടുണ്ട്. അഥവാ കോടതി ഇത്തരത്തിലുള്ള ഒരു അഭിപ്രായത്തിലേക്ക് എത്തിച്ചേരാനുള മരുന്ന് ഇട്ട് കൊടുക്കുന്ന പ്രവര്‍ത്തിയാണ് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നമ്മുടെ വിദ്യാര്‍ഥി സംഘടനകള്‍ കാമ്പസുകളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ ഒരു ഫ്രെയിമിനുള്ളില്‍ നിന്ന് കൊണ്ടാണ് കേരളത്തിലെ കാമ്പസ് രാഷ്ട്രീയം മുന്നോട്ട് പോവുന്നത്. ഒട്ടും സര്‍ഗാത്മകമല്ലാത്ത ഏക പാര്‍ട്ടി കാമ്പസ് എന്ന നിലയിലേക്ക് നമ്മുടെ കലാലയങ്ങള്‍ വീണ് പോയതിന്റെ ഉത്തരവാദിത്തം ഇവിടുത്തെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കാണ്.

പ്രത്യേകിച്ച് എസ്. എഫ്. ഐ എന്ന ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന അതിന്റെ ജനാധിപത്യ വിരുദ്ധത പല കാമ്പസുകളിലും വളരെ കൃത്യമായി കൊണ്ട് നടക്കുന്നു എന്നുള്ളത്  പരമാര്‍ത്ഥമാണ്. സംഘ്പരിവാര്‍ സംഘടനകളുടെ ജനിതക സ്വഭാവമായ ജനാധിപത്യ വിരുദ്ധത എന്ന് മുതലാണ് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന നെഞ്ചേറ്റിയത്? നിര്‍ഭയമായി ഒരു വിദ്യാര്‍ഥിക്ക് അവന്റെ ആശയം ഉയര്‍ത്തി പിടിക്കാന്‍ കേരളത്തിലെ കാമ്പസുകള്‍ സാധ്യമാകുമ്പോഴാണ് നമുക്കതിനെ ജനാധിപത്യ കാമ്പസ് എന്ന് വിളിക്കാന്‍ കഴിയുക. എതിരഭിപ്രായമുള്ള വിദ്യാര്‍ഥിയുടെ കയ്യോ കാലോ തല്ലി ഒടിക്കുകയാണ് ഇപ്പോള്‍ കാമ്പസിലെ രാഷ്ട്രീയ പ്രവര്‍ത്തനം.  ഇത്തരത്തിലുള്ള തെറ്റായ പാഠം പഠിപ്പിക്കുന്നതില്‍ എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി സംഘടനക്ക് ചരിത്രപരമായ റോള്‍ ഉണ്ട് എന്ന സത്യം വിസ്മരിച്ചിട്ട് കാര്യമില്ല. വൈവിധ്യങ്ങളായ ആശയ പ്രകാശനത്തിന്റെ സര്‍ഗാത്മക ഇടങ്ങളായി കാമ്പസുകള്‍ മാറുമ്പോഴാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ സൗന്ദര്യം  ഒരു ജനത നേരിട്ടും കോടതികള്‍ പരോക്ഷമായും ആസ്വദിക്കുക. അക്രമവും അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധതയും പ്രസരിക്കുന്ന ഇടങ്ങളായി കാമ്പസുകളെ പരിവര്‍ത്തിപ്പിച്ചവര്‍ തന്നെയാണ് ഇത്തരത്തിലുള്ള കോടതി നിരീക്ഷണങ്ങളെ ക്ഷണിച്ചു വരുത്തിയത്.

ഇവിടെ കേരളത്തിലെ മുഖ്യധാര വിദ്യാര്‍ഥി സംഘടനകള്‍ മുഴുവന്‍ ഇത്തരത്തിലുള്ള അപചയത്തിലേക്ക് എത്തിക്കുന്നതില്‍ സമാനമായ പങ്ക് ഉണ്ട് എന്ന് പറയുന്നതോടൊപ്പം എസ്.എഫ്.ഐ യുടെ ജനാധിപത്യവിരുദ്ധത മുഖ്യ ഘടകമാണ് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. കാരണം പല സ്വാശ്രയ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് അവരുടേതായ ഇടിമുറികള്‍ ഉള്ളത് പോലെ എസ്.എഫ്.ഐ ക്കും അവരുടേതായ സ്വന്തം ഇടിമുറികള്‍ ഗവണ്‍മെന്റ്, എയിഡഡ് കോളേജുകളില്‍ ഉണ്ട് എന്നുള്ളതും ഒരു യാഥാര്‍ത്ഥ്യമാണ്. ഇവിടെ ഒരു വസ്തുത നാം മനസ്സിലാക്കേണ്ടത് ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല വിദ്യാര്‍ഥി രാഷ്ട്രീയം നടക്കുന്ന ഒരു കലാലയമാണ് ജെ. എന്‍. യു. അവിടെ വ്യത്യസ്ഥങ്ങളായ സംഘടനകള്‍ അവരുടെ ബാനറില്‍ ഒത്ത് ചേര്‍ന്ന് അഭിപ്രായങ്ങള്‍ പറയുകയും വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയും ചെയ്ത് കാമ്പസ് രാഷ്ട്രീയത്തെ സര്‍ഗ്ഗാത്മകമാക്കുന്നു. ഇവിടങ്ങളില്‍ നടക്കുന്ന ചൂടേറിയ സംവാദങ്ങള്‍ പൊതു സമൂഹം പലപ്പോഴും എറ്റെടുത്തതായി നമുക്ക് കാണാം. ഇവിടെ നിന്ന് കൈയോ കാലോ ഒടിച്ചതായുള്ള വാര്‍ത്തകള്‍ വരുന്നില്ല എന്ന് മാത്രമല്ല അക്കാദമിക നിലവാരത്തില്‍ മുന്‍ നിരയിലാണ് ഈ കലാലയം നിലകൊള്ളുന്നത്.

കലാലയത്തിലെ സമാധാന അന്തരീക്ഷം നഷ്ടപ്പെടുകയും അക്കാദമിക നിലവാരം പാടെ തകരുകയും വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്ഥങ്ങളായ അറിവ് ആര്‍ജിക്കാനുള്ള ഒരു കേന്ദ്രം എന്ന നിലയിലുള്ള കലാലയത്തിന്റെ അന്തസത്തക്ക് കോട്ടം വരുത്തിവെക്കുകയും ചെയ്യുന്ന ഒരു പ്രവര്‍ത്തന സംസ്‌കാരമാണ് ഇവിടെ അരങ്ങേറുന്നത്. വിദ്യാഭ്യാസത്തില്‍ നിന്ന് മുക്തമായ രാഷ്ട്രീയവും രാഷ്ട്രീയത്തില്‍ നിന്ന് മുക്തമായ വിദ്യാഭ്യാസവും അല്ല നാം വിഭാവന ചെയ്യേണ്ടത്. രണ്ടും ഒന്നിച്ച് ഒരേ താളത്തില്‍ ക്രിയാത്മകമായി മുന്നേറുമ്പോഴാണ് സര്‍ഗാത്മക അറിവിടങ്ങളായി നമ്മുടെ കാമ്പസുകള്‍ മാറുകയുള്ളൂ. തങ്ങള്‍ക്കാധിപത്യമുളള കാമ്പസുകളില്‍ സ്വന്തമായി ഇടിമുറികള്‍ സ്ഥാപിച്ച് കൊണ്ട് മറു ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയ സംസ്‌കാരം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചാല്‍ മാത്രമെ കോടതികളില്‍ നിന്നുളള ഇത്തരം തീര്‍പ്പുകള്‍ക്കെതിരെ പൊതു സമൂഹത്തിന്റെ ശബ്ദങ്ങള്‍ ഉയര്‍ന്ന് വരികയുള്ളൂ. ഭരണകൂടത്തിന്റെ, അധികാര കേന്ദ്രത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതാണ് കോടതികള്‍ എന്ന് ബോധ്യമുള്ളത് കൊണ്ട് തന്നെ കോടതികളുടെ കപട ഉദാരതയെ വിലമതിക്കേണ്ടതില്ല. കോടതികള്‍ മര്‍ദ്ദകരുടെ പക്ഷത്ത് നിന്ന് കൊണ്ട് മര്‍ദിതര്‍ക്കെതിരെ നിരന്തരം വിധി പുറപ്പെടുവിക്കുമ്പോഴും ഈ കോടതി തന്നെയാണ് നമ്മുടെ ഭരണഘടനയെ സംരക്ഷിച്ച് നിര്‍ത്തുന്ന അവസാന ആശ്രയം എന്നതും നാം വിസ്മരിച്ചു കൂടാ. അതിനാല്‍ വിദ്യാര്‍ഥി സംഘടനകള്‍ നിലവിലുള്ള വ്യവസ്ഥ ഉല്‍പാദിപ്പിക്കുന്ന തെറ്റായ, മാനവ വിരുദ്ധമായ, അസംവാദാത്മകമായ രീതി ശാസത്രങ്ങള്‍ ഉപേക്ഷിക്കണം.

കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് പറയുന്ന കോടതി ഇവര്‍ പറയുന്നത് കൂടി കേട്ടു നോക്കൂ

കേരളത്തിലെ വിദ്യാര്‍ഥി സംഘടനകള്‍ അവരുടെ യാഥാസ്തിതികമായ ഫ്യൂഡല്‍ മനസ്സ് മാറ്റിവെച്ച് സംവാദത്തിന്റെ പുതിയ ലോകത്തേക്ക് വികസിക്കുവാന്‍ ഒരു തരത്തിലുള്ള മാറ്റം സന്നദ്ധമാവേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. തങ്ങളുടെ തല മൂത്തവരില്‍ നിന്ന് അത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കും എന്ന് കാത്ത് നില്‍ക്കാതെ പുതിയ പാത വെട്ടിതെളിക്കാന്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വരണം. ഒറ്റ ശബ്ദമുള്ള ഒറ്റ വര്‍ണ്ണമുള്ള ഏകസ്വര കാമ്പസ് എന്നതിന് പകരം വിത്യസ്ത ശബ്ദങ്ങളും വിത്യസ്ത വര്‍ണങ്ങളും ഉള്ള ബഹുസ്വര കാമ്പസ് എന്ന സ്വപ്നത്തിലേക്ക് നാം വികസിക്കുവാനുള്ള ജനാധിപത്യ ഊര്‍ജമാണ് സത്യത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ സംഭരിക്കേണ്ടത്. അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു ലോകത്തെ മാക്‌സിം ഗോര്‍ക്കി സ്വപനം കാണുന്നുണ്ട്. ഇവിടെ അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്നില്ലെങ്കിലും അത് പ്രകടിപ്പിക്കുവാനുള്ള അവന്റെ അവകാശം വകവെച്ച് കൊടുക്കുവാനുള്ള സഹിഷ്ണുതയെങ്കിലും പ്രകടിപ്പിച്ചാല്‍ മാത്രമെ ജനാധിപത്യത്തിന്റെ ബാലപാഠം പഠിച്ചവരായി നാം മാറുകയുള്ളൂ. കോടതികള്‍ എത്രമാത്രം മാനവ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോഴും നാം നമ്മോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട് നമ്മുടെ ജനാധിപത്യ ബോധം എത്രമാത്രം വികസിച്ചിട്ടുണ്ട് എന്ന്. അതിനാല്‍ കലാലയ രാഷ്ട്രിയം നിരോധിക്കണം എന്ന കോടതിയുടെ അഭിപ്രായം നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്തത് പോലെ വിദ്യാര്‍ഥി സംഘടനകള്‍ക്ക് നിലവിലുള്ള അവസ്ഥയില്‍ തുടര്‍ന്ന് പോവാനും അര്‍ഹതയില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ഹാരിസ് കെ.പി

ഹാരിസ് കെ.പി

സോളിഡാരിറ്റി പ്രവര്‍ത്തകന്‍, ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സി.ഇ.ഒ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍