UPDATES

ട്രെന്‍ഡിങ്ങ്

ഐ.ഐ.ടി മദ്രാസിലെ സദാചാര പൊലീസിംഗ്; കാമ്പസില്‍ ഇന്ന് ഹഗ് ഡേ

സദാചാര പ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നും പരാതി

ഐഐടി മദ്രാസില്‍ നടക്കുന്ന സദാചാര പൊലീസിംഗിനെതിരേ കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ ആലിംഗനം ചെയ്ത് പ്രതിഷേധിക്കുന്നു. കാമ്പസിനുള്ളില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഒരനധ്യാപകന്റെ ഭാഗത്തു നിന്നുണ്ടായ സദാചാര പൊലീസിംഗ് നടപടിയില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ തെറ്റു ചെയ്ത വ്യക്തിക്കെതിരെ നടപടിയെടുക്കാതെ വിദ്യാര്‍ത്ഥികളെ നിരാശപ്പെടുത്തുന്ന സമീപനം കൈക്കൊള്ളുന്നുവെന്നതാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനു കാരണം. ഇത്തരം സദാചാര പ്രശ്‌നങ്ങള്‍ കാമ്പസിനുള്ളില്‍ നടന്നു വരികയാണെന്നും ഇത് അവസാനിപ്പിക്കാനും ഓരോ വിദ്യാര്‍ത്ഥിക്കും അവര്‍ നേരിട്ടിട്ടുള്ള ദുരനുഭവങ്ങള്‍ തുറന്നു പങ്കുവയ്ക്കുവാനും പ്രതിഷേധ വേദി ഉപയോഗപ്പെടുത്താമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ഈ മാസം പതിനെട്ടാം തീയതിയാണ് മദ്രാസ് ഐഐടി കാമ്പസിലെ സറ്റുഡന്റ് കഫേയുടെ മുന്നില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ ആലിംഗനം ചെയ്തത് സ്ഥാപനത്തിലെ ജീവനക്കാരനായ ഉദയകുമാര്‍ എന്നയാള്‍ മൊബൈലില്‍ പകര്‍ത്തിയത്. അപ്ലൈഡ് മെക്കാനിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അനധ്യാപക ജീവനക്കാരനായ ഇയാളോട് ഫോട്ടോ നീക്കം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തന്റെ കുട്ടികളെ കാണിക്കാനും അവരെ ഇത്തരം കാര്യങ്ങളില്‍ ബോധവാന്‍മാരാക്കനാണ് ഫോട്ടോ എടുത്തതെന്നുമാണ് ഇയാള്‍ മറുപടി നല്‍കിയത്.

താന്‍ ഇതിന് മുമ്പും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും ഒരുമിച്ചുള്ള ഫോട്ടോകള്‍ എടുത്തിട്ടുണ്ടെന്നും പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഇയാള്‍ തന്നെ സമ്മതിക്കുന്നു. സ്ഥാപനത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഉള്‍പ്പെടെ ഇടപെട്ടിട്ടും ചിത്രങ്ങള്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ തയ്യാറാകത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ കോട്ടൂര്‍പുരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് ഫോണ്‍ കണ്ടുകെട്ടിയെങ്കിലും അത് വരെ ഇയാള്‍ തന്നെ കൈവശം വെച്ചിരുന്ന ഫോണില്‍ നിന്ന് ചിത്രങ്ങള്‍ പുറത്തേക്ക് പോയിട്ടുണ്ടാകാമെന്ന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നു.

ഇത്തരം വിഷയങ്ങള്‍ സംഭവിക്കുമ്പോഴെല്ലാം പെണ്‍കുട്ടിയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്ന സമീപനമാണ് വിവിധ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുള്ളതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഈ സംഭവത്തില്‍ തന്നെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയോട് കുറച്ച് ദിവസം വീട്ടില്‍ പോയി നില്‍ക്കാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമായിരുന്നു ഡീന്‍ ഉപദേശിച്ചത്.

പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ജീവനക്കാരനെതിരെ സ്ഥാപനം നടപടികള്‍ ഒന്നും എടുത്തിട്ടില്ല. മുന്‍പും ഇത്തരം നടപടികള്‍ ചെയ്തിട്ടുള്ള ഈ വ്യക്തിക്കെതിരെ ഉചിതമായ നടപടികള്‍ എടുക്കണമെന്നും വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും വിദ്യാര്‍ത്ഥികളുടെ സംയുക്ത പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. നിരന്തരമായ സദാചാര പോലീസിംഗും ഇരയെ കുറ്റപ്പെടുത്തലും നടന്ന് വരുന്നതിനാല്‍ സുരക്ഷ ജീവനക്കാര്‍ക്കും മറ്റ് സ്റ്റാഫിനും ‘ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ ‘ വര്‍ക്ക്‌ഷോപ്പുകള്‍ നടത്തണമെന്നതാണ് മറ്റൊരു ആവശ്യം.

ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് ഡീനിന്റെ ഓഫീസിനു മുന്‍പില്‍ വിദ്യാര്‍ത്ഥികള്‍ ആലിംഗനം ചെയ്ത് പ്രതിഷേധിക്കുന്നത്. ക്യാംപസിലെ സദാചാര പോലീസിംഗ് സംഭവങ്ങള്‍ തുറന്ന് പറയാനും രേഖപ്പെടുത്താനും ചര്‍ച്ച ചെയ്യാനുമുള്ള വേദിയായി കൂടിയാണ് ഈ പ്രതിഷേധ സംഗമം ആസൂത്രണം ചെയ്തിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍