UPDATES

ട്രെന്‍ഡിങ്ങ്

ജിഷ്ണു പ്രണോയ് സ്മാരകം പൊളിച്ചുമാറ്റണമെന്ന് പോലീസ്; പറ്റില്ലെന്ന് എസ് എഫ് ഐ

സിപിഐയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാമ്പാടി നെഹ്‌റു കോളേജിന് സമീപം സ്ഥാപിച്ച സബ്കളക്ടര്‍ സ്മാരകം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത്

ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ച് നീക്കണമെന്ന് സബ്കളക്ടറുടെ ഉത്തരവ്. സിപിഐയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സബ്കളക്ടര്‍ സ്മാരകം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് പാമ്പാടി നെഹ്‌റു കോളേജിന് സമീപം സ്ഥാപിച്ച ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചു നീക്കണമെന്ന് പോലീസ് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു കാരണവശാലും അത്തരം നടപടികള്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍.

പാമ്പാടി നെഹ്രു കോളജിന് സമീപം ജിഷ്ണു പ്രണോയിയുടെ സ്മാരകം സ്ഥാപിച്ചത് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നീ സംഘടനകള്‍ ചേര്‍ന്നാണ്. കോളജിന്റെ പിറകിലെ കവാടത്തിനടുത്ത് എഐടിയുസി ഓഫീസിന് സമീപത്തായി റോഡരികിലാണ് സ്മാരകം. സിപിഐ വിട്ട് ചിലര്‍ സിപിഎമ്മില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എഐടിയുസി ഓഫീസിനോട് ചേര്‍ന്ന് നിര്‍മിച്ച സ്മാരകം രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അത് പൊളിച്ചുനീക്കണമെന്ന് സിപിഐ പരാതി നല്‍കിയത്. തൃശൂര്‍ സബ്കലക്ടര്‍ രേണു രാജാണ് സ്മാരകം പൊളിക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്.

സ്മാരകം പൊളിച്ചു നീക്കാന്‍ സബ് കലക്ടര്‍ പഴയന്നൂര്‍ എസ്‌ഐയോട് ആവശ്യപ്പെട്ടു. ഉത്തരവ് പ്രകാരം സ്മാരകം പൊളിച്ചു നീക്കാന്‍ എസ്എഫ്‌ഐ ഭാരവാഹികളോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ ഇതിന് കൂട്ടാക്കിയില്ല.

‘സ്മാരകം പൊളിച്ചു നീക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന് കഴിയില്ല എന്ന കാര്യം ഞങ്ങളും അറിയിച്ചിട്ടുണ്ട്. പൊളിച്ച് നീക്കാന്‍ തീരുമാനിച്ചാല്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകും. ഇവിടുത്തെ സിപിഎം നേതാക്കളടക്കം ഒരു കാരണവശാലും സ്മാരകം പൊളിക്കാന്‍ സമ്മതിക്കരുതെന്ന നിലപാടെടുത്തിട്ടുണ്ട്. മറ്റൊരു കാര്യമുള്ളത് എഐടിയുസി ഓഫീസിന് മുന്‍വശത്തായി സ്ഥിതിചെയ്യുന്ന സ്മാരകം എന്നാണ് സബ്കളക്ടറുടെ ഉത്തരവില്‍ പറയുന്നത്. യഥാര്‍ഥത്തില്‍ അത് മുന്‍വശത്തായല്ല. എഐടിയുസി ഓഫീസിന് സമീപം റോഡിനോട് ചേര്‍ന്നാണ്. അത്തരത്തില്‍ തെറ്റായ കാര്യം ചൂണ്ടിക്കാട്ടിയാണ് സ്മാരകം പൊളിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് ഒരുക്കിലും അംഗീകരിക്കില്ല.’നെഹ്‌റു കോളേജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അതുല്‍ ജോസ് പറഞ്ഞു.

ഉത്തരവ് പാലിച്ചില്ലെങ്കില്‍ പൊലീസ് തന്നെ പൊളിച്ചു നീക്കുമെന്ന് വിദ്യാര്‍ത്ഥികളെ അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍