UPDATES

ട്രെന്‍ഡിങ്ങ്

പിണറായി സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ക്വൊട്ടേഷനും ഇനി സ്വാമിക്ക്… പക്ഷേ!

സ്വാമിയെ നമ്പിയാല്‍ എങ്ങനെയിരിക്കും എന്ന് കൂടി ബിജെപി – ആര്‍എസ്എസ് നേതൃത്വം അറിഞ്ഞിരിക്കേണ്ടതാണ്.

കെ എ ആന്റണി

കെ എ ആന്റണി

പിണറായി സര്‍ക്കാരിനെ എങ്ങിനെ പിരിച്ചുവിടീക്കാം എന്നോര്‍ത്ത് ഇനിയങ്ങോട്ട് കുമ്മനാദികള്‍ തല പുകക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല . അക്കാര്യം സാക്ഷാല്‍ സുബ്രഹ്മണ്യന്‍ സ്വാമി അവറുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. കേന്ദ്രം ഇടപെട്ടു കേരള സര്‍ക്കാരിനെ അടിയന്തിരമായി പിരിച്ചുവിടണമെന്നാണ് സ്വാമി ഇന്നലെ ആവശ്യപ്പെട്ടിരിക്കുന്നത്. പിരിച്ചുവിടാനുള്ള കാരണങ്ങളും സ്വാമി വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തി ആഘോഷിക്കുകയാണ് കേരളത്തിലെ സിപിഎം എന്നതുതന്നെ മുഖ്യകാരണം. മതിഭ്രമം ബാധിച്ചവരാണ് കേരളം ഭരിക്കുന്നതെന്നത് രണ്ടാമത്തെ കാരണം. ഒരു സര്‍ക്കാരിനെ പിരിച്ചുവിടാന്‍ പോന്ന എല്ലാ അനുകൂല ഘടകങ്ങളും സ്വാമി നിരത്തിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ കേരളത്തില്‍ ആര്‍എസ്എസുകാര്‍ മാത്രമാണോ കൊല്ലപ്പെടുന്നതെന്നോ ആര്‍എസ്എസുകാര്‍ സിപിഎംകാരെ കൊല്ലുന്നില്ലേ എന്നൊന്നും ചോദിച്ചുകളയരുത്.

തൊഴില്‍പരമായി നോക്കിയാല്‍ സുബ്രമണ്യന്‍ സ്വാമിയും വക്കീലാണ്. എന്നുകരുതി എല്ലാ വക്കാലത്തും ഏറ്റെടുക്കുന്ന ആളൂര്‍ വക്കീലുമായി നമ്മുടെ സ്വാമിയെ താരതമ്യം ചെയ്തു കളയരുത്. നമ്മുടെ സ്വാമി സാമ്പത്തിക – രാഷ്ട്രീയ – വിദേശ കാര്യങ്ങളില്‍ പാണ്ഡിത്യം നേടിയ ആളാണ്. പോരെങ്കില്‍ നല്ലൊരു ഗണിതശാസ്ത്ര പണ്ഡിതനും. ബിജെപിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭ അംഗവുമാണ്. മുമ്പൊരിക്കല്‍ കേന്ദ്ര മന്ത്രിയുമായിട്ടുണ്ട്. ഇതിനെല്ലാം ഉപരിയായി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്ന കുശാഗ്ര ബുദ്ധി കൂടിയാണ്; കഥകളൊരുപാടുണ്ട് സ്വാമിയുടേതായി.

സര്‍വോദയ പ്രസ്ഥാനത്തിലൂടെ ജനതാ പാര്‍ട്ടിയില്‍ എത്തിയ സ്വാമി പിന്നീട് അതിന്റെ അധ്യക്ഷനായി. സ്വാമിയുടെ ജനതാപാര്‍ട്ടി പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ലയിച്ചു. അന്നുമുതല്‍ ഇന്നുവരെ സ്വാമി ബിജെപിക്ക് ഒപ്പമാണ്. അതുകൊണ്ട് കൂടിയാവണമല്ലോ സാമ്പത്തിക – രാഷ്ട്രീയ – വാണിജ്യ രംഗങ്ങളിലെ പ്രാഗത്ഭ്യം പരിഗണിച്ച് സ്വാമിയെ ബിജെപി രാജ്യസഭയിലേക്ക് അയക്കുന്നത്. തമിഴ്നാട്ടിലെ മൈലാപ്പൂരില്‍ ജനിച്ചതുകൊണ്ടാവാം സ്വാമിയുടെ കണ്ണ് പ്രധാനമായും തമിഴകത്തേക്ക് തിരിയുന്നത്. പക്ഷെ സ്വാമിയുടെ ഗണിതശാസ്ത്ര വൈദഗ്ധ്യമൊന്നും തമിഴ് രാഷ്ട്രീയത്തില്‍ ഏശിയില്ല, ഇതുവരെ. എന്നുകരുതി ഇനിയങ്ങോട്ട് ഏശികൂടായ്കയുമില്ല; കാരണം ജയലളിതയെ മരണം വരെ വേട്ടയാടുകയും ശശികലയെ ജയിലിലാക്കുകയും ചെയ്ത അനധികൃത സ്വത്ത്‌ സമ്പാദന കേസിലെ ഹര്‍ജിക്കാരന്‍ സ്വാമിയായിരുന്നു.

തത്ക്കാലം സ്വാമി ശശി തരൂരിന് പിന്നാലെയാണ്. സുനന്ദ പുഷ്‌കറിന്റെ മരണ കാരണം കണ്ടെത്താതെ ഉറക്കമില്ലെന്ന വാശിയിലാണ് സ്വാമി. അതിനടിയിലാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തിലേക്ക് സ്വാമിയുടെ കണ്ണ് പതിഞ്ഞിരിക്കുന്നത്. ഇക്കാര്യത്തിലും രണ്ടിലൊന്ന് അറിയാതെ സ്വാമിക്ക് വിശ്രമം ഉണ്ടാവില്ലെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. എന്നാല്‍ ഈ കുശാഗ്ര ബുദ്ധിശാലിയുടെ തനിനിറം ഈ അടുത്ത കാലത്ത് വീണ്ടും വാര്‍ത്തയായിരുന്നു. ജനതാ പാര്‍ട്ടി അധ്യക്ഷന്‍ ആയിരിക്കുന്ന കാലത്ത് (കൃത്യമായി പറഞ്ഞാല്‍ 1993ല്‍) സ്വാമി കേരളത്തിലെ ഒരു മലയാള പത്രത്തിന്റെ 51 ശതമാനം ഷെയര്‍ വാങ്ങി. എക്കാലത്തും തൃശൂരിന്റെ ശബ്ദമായിരുന്ന തൃശൂര്‍ എക്‌സ്പ്രസ് എന്ന പത്രസ്ഥാപനം അതോടെ സ്വാമിയുടെ പൂര്‍ണ നിയന്ത്രണത്തിലായി. ആറ് വര്‍ഷത്തിന് ശേഷം സ്ഥാപനം അടച്ചുപൂട്ടി. ശക്തമായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സ്ഥാപനം തുറന്നെങ്കിലും അധികം വൈകാതെ തന്നെ എന്നന്നേക്കുമായി വീണ്ടും അടച്ചുപൂട്ടി.

ഈ അടുത്ത കാലത്ത് നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രം അടച്ചു പൂട്ടിയതുമായി ബന്ധപ്പെട്ട കേസില്‍ സ്വാമി, സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കോടതിയെ സമീപിച്ചപ്പോള്‍ എക്‌സ്പ്രസ് പത്രം അടച്ചുപൂട്ടിയത് സ്വാമിയെ തിരിഞ്ഞുകുത്തുന്നതാണ് കണ്ടത്. ശമ്പളവും പിഎഫ്, ഇഎസ്‌ഐ തുടങ്ങിയ ആനുകൂല്യങ്ങളും നല്‍കാതെ സ്വാമി തങ്ങളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് എക്‌സ്പ്രസ് പത്ര സ്ഥാപനത്തിലെ 165 മുന്‍ ജീവനക്കാരനാണ് അന്ന് രംഗത്തുവന്നത്. അവര്‍ സ്വാമിക്കെതിരെ കേസ് ഫയല്‍ ചെയ്തെങ്കിലും ഒന്നും എവിടെയും എത്തിയിട്ടില്ല. ഇക്കാര്യം ഇവിടെ ഇപ്പോള്‍ സൂചിപ്പിച്ചത് സ്വാമിയെ നമ്പിയാല്‍ എങ്ങനെയിരിക്കും എന്ന് ബിജെപി – ആര്‍എസ്എസ് നേതൃത്വം അറിഞ്ഞിരിക്കുന്നതിന് വേണ്ടി കൂടിയാണ്.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍