UPDATES

ട്രെന്‍ഡിങ്ങ്

ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതുവരെ അനുവദിച്ചത് 320.18 കോടി; കണക്കുകള്‍ പുറത്ത് വിട്ട് സര്‍ക്കാര്‍

ദുരിത ബാധിത കുടുംബങ്ങള്‍ക്കായി പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തിര സഹായത്തിലേക്ക് ഒരു കുടുംബത്തിന് 6,200 രൂപ വച്ചാണ് ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ പ്രളയ ദുരിതം നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനയുടെ വിനിയോഗം സംബന്ധിച്ച് ആദ്യ കണക്കുകള്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 31വരെയുള്ള വരവ് ചിലവ് കണക്കുകളാണ് ദുരിതാശ്വാസ നിധിയുടെ വെബ് സൈറ്റില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഇതു പ്രകാരം കഴിഞ്ഞ മാസം 31 വരെ 1031.21 കോടി രൂപ വിവിധ രീതികളിലൂടെ സംഭവനയായി ദുരിതാശ്വാസ നിധിയിലേക്കെത്തിയപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 320.18 കോടി വിനിയോഗിച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. പണം അനുവദിച്ചതിന് ശേഷം 711.03 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കഴിഞ്ഞ 31ന് ബാക്കിയുള്ളത്.

രണ്ട് പ്രത്യക ഉത്തരവുകള്‍ പ്രകാരം ഓഗസ്റ്റ് 24, 30 തിയ്യതികളിലായി അനുവദിച്ച ജില്ലകള്‍ തിരിച്ചുള്ള കണക്കുകളാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതു പ്രകാരം കൊല്ലം, ആലപ്പുഴ, മലപ്പുറം പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്ക് രണ്ട് തവണയും ഫണ്ട് അനുവദിച്ചിട്ടുണ്ട്.  ആദ്യതുകയ്ക്ക് പുറമെ അധിക തുക ആവശ്യപ്പെട്ടുള്ള കളക്ടര്‍മാരുടെ കത്തുകളുടെ അടിസ്ഥാനത്തിലാണ് അഞ്ച് ജില്ലകള്‍ക്ക് അധിക തുക അനുവദിച്ചിരിക്കുന്നത്. ദുരിത ബാധിത കുടുംബങ്ങള്‍ക്കായി പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തിര സഹായത്തിലേക്ക് ഒരു കുടുംബത്തിന് 6,200 രൂപ വച്ചാണ് ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചിട്ടുള്ളത്.

ഓഗസ്റ്റ് 24 ലെ കണക്കുകള്‍ പ്രകാരം 3,91,494 കുടുംബങ്ങള്‍ക്ക് സഹായ ധനം അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് 30 ന് അനുവദിച്ച ഫണ്ട്. ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലയ്ക്കാണ് കൂടുതല്‍ തുക അനുവദിച്ചിട്ടുള്ളത്. 1,58,835 കുടുംബങ്ങള്‍ക്കായി 984,777,000 രൂപയാണ് ജില്ലയ്ക്ക് നീക്കിവച്ചിട്ടുള്ളത്. 13 കുടുംബങ്ങള്‍ക്ക് മാത്രം പണം അനുവദിച്ചിട്ടുള്ള കാസര്‍കോടിന് 80,600 രൂപയും സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. സംസ്ഥാനം മഴക്കെടുതിയില്‍ വലഞ്ഞപ്പോള്‍ താരതമ്യേന പ്രശ്‌നങ്ങള്‍ കുറഞ്ഞ പ്രദേശമായിരുന്നു കാസര്‍കോട്.

തിരുവനന്തപുരം ജില്ലയിലെ 356 കുടുംബങ്ങള്‍ക്കായി 2,207,200 രൂപയും അനുവദിച്ചിട്ടുണ്ട്. (ബ്രാക്കറ്റില്‍ പരിഗണിച്ച കുടുംബങ്ങളുടെ എണ്ണം) കൊല്ലം 24,787,600 (3998), പത്തനംതിട്ട 209,814,200 (33841) ആലപ്പുഴ – 474,982,000 (76610), കോട്ടയം- 248,744,000 (40120), ഇടുക്കി- 65,906,000 (10630), തൃശൂര്‍- 323,435,400 (52167), പാലക്കാട്- 3,881,200 (626) മലപ്പുറം- 42,891,600 (6918), കോഴിക്കോട് – 2,901,600 (468), വയനാട് 42,110,400 (6792), കണ്ണൂര്‍- 744,000 (120) എന്നിങ്ങനെയാണ്. ഇതു പ്രകാരം ആദ്യ ഉത്തരവ് പ്രകാരം 391494 കുടുംബങ്ങള്‍ക്കായി 2,427,262,800 രൂപ പ്രളയത്തിന് ശേഷം അടിയന്തിരമായി ദുരിതാശ്വാസ നിധിയില്‍ നിന്നും നീക്കിവച്ചിട്ടുണ്ട്.

രണ്ടാം തവണ തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പ്രകാരം അഞ്ച് ജില്ലകള്‍ക്കാണ് പണം നീക്കിവച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതു പ്രകാരം കൊല്ലം ജില്ലയ്ക്ക് 3500000 കോടിയും, ആലപ്പുഴ- 420298000, മലപ്പുറം- 37460400 പാലക്കാട്- 206,416,600, കോഴിക്കോട് – 106838400 രൂപയും നീക്കിവയ്ച്ചിട്ടുണ്ട്. ആകെ 774513400 കോടിയാണ് 30 ന് അനുവദിച്ചിട്ടുള്ളത്.

അതേസമയം, ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇപ്പോഴും സംഭാവനകള്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞമാസം വിവിധ ഇലക്ട്രോണിക് പേയ്‌മെന്‍റുകള്‍ വഴി 161.19 കോടിയും, യുപി ഐ, ക്യൂആര്‍, വിപിഎ സംവിധാനങ്ങളിലൂടെ 46.04 കോടിയും അക്കൗണ്ടിലെത്തിയപ്പോള്‍, കറന്‍സി, ചെക്ക്, ആര്‍ടിജിഎസ് എന്നിവയിലൂടെ 835.86 കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍