UPDATES

ട്രെന്‍ഡിങ്ങ്

ഝാര്‍ഖണ്ഡിലെ പട്ടിണി മരണങ്ങള്‍: രണ്ടാഴ്ചയ്ക്കുള്ളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി

പട്ടിണിമൂലം മരിച്ച സന്തോഷി കുമാരി എന്ന പതിനൊന്നുകാരിയുടെ അമ്മയും സഹോദരിയുടെയും പരാതിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്‌

ഝാര്‍ഖണ്ഡിലെ പട്ടിണി മരണങ്ങളെക്കുറിച്ചുള്ള ഹര്‍ജി രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഗണിക്കാമെന്ന് സുപ്രിംകോടതി. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനാല്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കിയതാണ് ഇവരുടെ മരണത്തില്‍ കലാശിച്ചതെന്നാണ് ആരോപണം. റേഷന്‍ ലഭിക്കാതെ വന്നതോടെ ദരിദ്രരായ ഇവര്‍ പട്ടിണിയിലാകുകയായിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് ഒന്നും അയച്ചിട്ടില്ലെങ്കിലും പരാതിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസിനോട് സര്‍ക്കാരിന്റെ അഭിഭാഷകന് പരാതിയുടെ പകര്‍പ്പ് അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പട്ടിണി മൂലം മരിച്ച സന്തോഷി കുമാരി എന്ന പതിനൊന്നുകാരിയുടെ അമ്മയ്ക്കും സഹോദരിയ്ക്കും വേണ്ടിയാണ് ഗോണ്‍സാല്‍വസ് ഹാജരാകുന്നത്. ദരിദ്രരായ ദലിത് കുടുംബങ്ങളെക്കുറിച്ച് അധികൃതരുടെ ശ്രദ്ധ എത്തുക എന്ന ലക്ഷ്യത്തോടെ ഒരു സാമൂഹിക പ്രവര്‍ത്തകന്റെ സഹായത്തോടെയാണ് ഇവര്‍ ഉന്നത കോടതിയെ സമീപിച്ചത്. പൊതുവിതരണ പദ്ധതിയുടെ കീഴിലുള്ള ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ക്ക് ലഭിക്കുന്നില്ല.

അതേസമയം തങ്ങള്‍ക്ക് ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്നാല്‍ ഇവര്‍ ഇത് പരസ്പരം ബന്ധപ്പെടുത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മാര്‍ച്ച് 2017 മുതല്‍ ഇവര്‍ക്ക് റേഷന്‍ ലഭിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സന്തോഷി കുമാരി പട്ടിണി മൂലം മരിച്ചത്. എട്ട് ദിവസമായി ഈ കുട്ടി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. ദുര്‍ഗ പൂജയ്ക്കായി സ്‌കൂള്‍ അടച്ചിരുന്നതിനാല്‍ സ്‌കൂളില്‍ നിന്നുള്ള ഉച്ചഭക്ഷണം എട്ട് ദിവസമായി ലഭിച്ചിരുന്നില്ല.

സുപ്രിംകോടതി ഉത്തരവ് ലംഘിച്ച് സന്തോഷി കുമാരിയെപ്പോലുള്ളവരുടെ കുടുംബങ്ങള്‍ക്ക് പൊതുവിതരണ സംവിധാനത്തിന് കീഴിലെ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാതിരുന്നതിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഗോണ്‍സാല്‍വെസ് വാദിക്കുന്നത്. അതേസമയം നിലവില്‍ അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന ആധാര്‍ പ്രൊജക്ടിനെ തന്റെ കക്ഷികള്‍ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആധാര്‍ മൂലം റേഷന്‍ ലഭിക്കാത്തതിനാല്‍ സന്തോഷി കുമാരിയുടെ മരണത്തിന് ശേഷം ഏഴ് മരണമെങ്കിലും ഝാര്‍ഖണ്ഡില്‍ നടന്നിട്ടുണ്ടെന്നാണ് ഭക്ഷണത്തിനുള്ള അവകാശത്തിന് വേണ്ടി നിലകൊള്ളുന്ന സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. പട്ടിണി മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരിയില്‍ ഒരു പാനലിനെ നിയോഗിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍