UPDATES

ഇന്ത്യ

തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രിംകോടതി

ദേശീയ ഗാനം ആലപിക്കണോയെന്നത് തീയറ്റര്‍ ഉടമകള്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി

സിനിമ തിയറ്ററുകളില്‍ ഓരോ പ്രദര്‍ശനങ്ങള്‍ക്ക് മുമ്പും ദേശീയഗാനം ആലപിക്കണമെന്നത് നിര്‍ബന്ധമല്ലെന്ന് സുപ്രിംകോടതി. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിലെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.

ദേശീയ ഗാനം ആലപിക്കണോയെന്നത് തീയറ്റര്‍ ഉടമകള്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. സിനിമ പ്രദര്‍ശനത്തിന് മുമ്പ് രാജ്യത്തെ എല്ലാ തിയറ്ററുകളിലും ദേശീയ ഗാനം ആലപിക്കണമെന്നും അപ്പോള്‍ ആളുകള്‍ എഴുന്നേറ്റ് നിന്ന് ആദരിക്കണമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. എന്നാല്‍ ഈ നിലപാടില്‍ മാറ്റം വരുത്തുന്നതായി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. തല്‍ക്കാലം സിനിമശാലകളില്‍ ദേശീയഗാനം വേണ്ടെന്നാണ് സര്‍ക്കാര്‍ ഇന്നലെ നിലപാട് മാറ്റിയത്.

തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് ഉത്തരവിട്ട സുപ്രിംകോടതി തന്നെ നേരത്തെ സ്വന്തം നിലപാട് മാറ്റിയിരുന്നു. ദേശീയഗാനത്തോടുള്ള ആദരത്തില്‍ മാതൃരാജ്യത്തോടുള്ള സ്‌നേഹവും ബഹുമാനവുമാണ് പ്രതിഫലിക്കുന്നതെന്ന് 2016 നവംബറിലെ വിധിയിലാണ് സുപ്രിംകോടതി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് ഇതേ കോടതി തന്നെ സ്വന്തം നിലപാടിനെ നിശിതമായി വിമര്‍ശിച്ചു. ‘ദേശഭക്തി നെറ്റിയില്‍ ഒട്ടിച്ചു നടക്കേണ്ടതല്ല. നാളെ മുതല്‍ തിയറ്ററില്‍ ടീ ഷര്‍ട്ടും ഷോര്‍ട്‌സും ഇടരുതെന്നും ഇട്ടാല്‍ അത് ദേശീയഗാനത്തെ അപമാനിക്കലാകുമെന്നും പറഞ്ഞാല്‍ ഈ സദാചാര പോലീസിങ് എവിടെ ചെന്ന് നില്‍ക്കും?’ എന്നാണ് കോടതി അന്ന് ചോദിച്ചത്. ഉത്തരവിന്റെ നിര്‍ബന്ധിത സ്വഭാവം ഒഴിവാക്കണമെന്നും അന്ന് കോടതി ആവശ്യപ്പെട്ടു. തിയറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് അന്ന് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. ഈ ഹര്‍ജിയിലെ വിധിയാണ് ഇന്നുണ്ടായിരിക്കുന്നത്.

ഇന്ത്യ വൈവിധ്യമുള്ള രാജ്യമാണെന്നും ഏകരൂപം സാധ്യമാക്കാന്‍ സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം ആലപിക്കണമെന്നുമാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ അന്ന് മറുപടി നല്‍കിയത്. ഈ നിലപാടാണ് ഇന്നലെ സര്‍ക്കാര്‍ തിരുത്തിയത്. ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കണമെന്നും ദേശീയഗാനം ആലപിക്കുന്നത് സംബന്ധിച്ച് ആറ് മാസത്തിനകം മാര്‍ഗ്ഗരേഖയുണ്ടാക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍