UPDATES

സിനിമാ വാര്‍ത്തകള്‍

പ്രിയ വാര്യരുടെ ഹര്‍ജി: ‘മാണിക്യ മലരായ പൂവി’ക്കെതിരെ ഒരിടത്തും കേസെടുക്കുന്നതെന്ന് സുപ്രിംകോടതി

ചിത്രത്തിലെ നായിക പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രിംകോടതി ഉത്തരവ്

വിവാദമായ ‘മാണിക്യ മലരായ പൂവി..’ എന്ന ഗാനത്തിനെതിരായ എഫ്‌ഐആറിലെ തുടര്‍ നടപടികള്‍ സുപ്രിംകോടതി വിലക്കി. ‘ഒരു അഡാര്‍ ലൗ’ എന്ന ഒമര്‍ ലുലു ചിത്രത്തിലെ ഗാനത്തിനെതിരെ ഹൈദ്രാബാദില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് സുപ്രിംകോടതി തടഞ്ഞത്. മഹാരാഷ്ട്രയിലും ചിത്രത്തിനെതിരെ കേസുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലും ഈ ഗാനത്തിനെതിരെ കേസെടുക്കുന്നത് സുപ്രിംകോടതി വിലക്കിയിട്ടുണ്ട്. ചിത്രത്തിലെ നായിക പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രിംകോടതി ഉത്തരവ്. കേസില്‍ സുപ്രിംകോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും.

ഹൈദ്രാബാദിലെ ഫലക്‌നാമ പോലീസ് സ്‌റ്റേഷനില്‍ റാസ അക്കാദമിയും മഹാരാഷ്ട്രയില്‍ ജന്‍ജാഗരണ്‍ സമിതിയുമാണ് പരാതികള്‍ നല്‍കിയിരുന്നത്. മാപ്പിളപ്പാട്ട് ശൈലിയുള്ള ഗാനം ഇസ്ലാം മതത്തെയും പ്രവാചകനെയും അധിക്ഷേപിക്കുന്നതാണെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. പാട്ട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ത്ഥം മാറുന്നതായും പരാതിയില്‍ പറയുന്നു. എന്നാല്‍ വര്‍ഷങ്ങളായി കേരളത്തിലെ മുസ്ലിങ്ങള്‍ പാടി വരുന്ന മാപ്പിളപ്പാട്ടാണ് ഇതെന്നും പരാതിയില്‍ അടിസ്ഥാനമില്ലെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ഗാനത്തിനെതിരെ കേസെടുക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നായിരുന്നു ഒമര്‍ ലുലുവും പ്രിയ വാര്യരും നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വിവാദങ്ങളും കേസും വന്നതോടെ യൂടൂബില്‍ നിന്നും സിനിമയില്‍ നിന്നും ഗാനരംഗം ഒഴിവാക്കാന്‍ സംവിധായകന്‍ ആലോചിച്ചിരുന്നു. എന്നാല്‍ വ്യാപകമായ പിന്തുണ ലഭിച്ചതോടെ ഈ നീക്കം ഉപേക്ഷിക്കുകയും ചെയ്തു. പിഎംഎ ജബ്ബാറിന്റെ വരികള്‍ക്ക് തലശേരി റഫീഖ് ഈണം നല്‍കി എരഞ്ഞോളി മൂസ ആലപിച്ച മാപ്പിളപ്പാട്ടാണ് ഇത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനാണ് ഈ ഗാനം ചിത്രത്തില്‍ ആലപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍