UPDATES

തിയേറ്ററിനകത്ത് ദേശസ്‌നേഹം പഠിപ്പിക്കാന്‍ കയറുന്ന മര്‍ദ്ദകസംഘങ്ങളോട് കടക്ക് പുറത്തെന്നു പറഞ്ഞ കോടതി വിധി

ദേശസ്‌നേഹത്തിന്റെ പേരില്‍ നാളിതുവരെ നടന്ന ആക്രമണങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത കേന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്കുണ്ട്‌

തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന കോടതി ഉത്തരവ് മരവിപ്പിക്കണമെന്ന് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രിംകോടതി ഇന്ന് ഉത്തരവിടുകയും ചെയ്തിരിക്കുകയാണ്. സിനിമശാലകളില്‍ നിര്‍ബന്ധമായും ദേശീയഗാനം ആലപിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ശാഠ്യം തന്നെയാണ് ഇന്നലെ അവരെക്കൊണ്ട് കോടതിയോട് അഭ്യര്‍ത്ഥിക്കുന്ന അവസ്ഥയിലെത്തിച്ചത്. 2016 നവംബറിലെ സുപ്രിംകോടതിയുടെ തന്നെ ഉത്തരവ് മരവിപ്പിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന. ഈ സുപ്രിംകോടതി ഉത്തരവ് നേടിയതും ഇതേ കേന്ദ്രസര്‍ക്കാരായിരുന്നുവെന്നത് നാം മറന്നിട്ടില്ല. ദേശീയഗാനം ആലപിക്കുന്നത് സംബന്ധിച്ച് ആറ് മാസത്തിനകം മാര്‍ഗ്ഗരേഖയുണ്ടാക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഇന്നലെ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് സിനിമാശാലകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രിംകോടതിയുടെ തന്നെ വിധിയെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയഗാനം സംബന്ധിച്ച കേസില്‍ തങ്ങള്‍ പരാജയപ്പെടുമെന്ന് വ്യക്തമായ ബിജെപി സര്‍ക്കാര്‍ തന്ത്രപൂര്‍വം തലയൂരുകയാണെന്ന് വേണം മനസിലാക്കാന്‍.

ദേശസ്‌നേഹ രാഷ്ട്രീയത്തിലൂടെ ബിജെപിയ്ക്കും ആര്‍എസ്എസിനും രാജ്യത്ത് അപരാജിതമായ ഭാവി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പുറത്തെടുത്ത ഒരു ആയുധമായിരുന്നു ദേശീയഗാന വിവാദം. ആദ്യം സര്‍ക്കാരും പിന്നീട് കോടതിയും സിനിമാശാലകളിലെ പ്രദര്‍ശനങ്ങള്‍ക്ക് മുമ്പ് ദേശീയഗാനം നിര്‍ബന്ധിതമാക്കിയതോടെ രാജ്യത്ത് വലിയ തോതിലുള്ള ധ്രുവീകരണമാണ് നടന്നത്. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ദേശസ്‌നേഹം പ്രകടിപ്പിച്ചില്ലെന്നും ദേശീയഗാനത്തെ ആദരിച്ചില്ലെന്നും ആരോപിച്ച് വികലാംഗര്‍ പോലും ആക്രമിക്കപ്പെട്ടു. ചലച്ചിത്രമേളകളില്‍ പോലും ദേശസ്‌നേഹം നടപ്പാക്കപ്പെടുന്നുണ്ടെന്ന് പോലീസ് ജാഗ്രത പുലര്‍ത്തി. ചലച്ചിത്രമേള നടക്കുമ്പോള്‍ തിയേറ്ററിനുള്ളില്‍ നിന്നും ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്തുകൊണ്ട് പോകാന്‍ അനുവദിക്കില്ലെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ പറഞ്ഞതും വിവാദമായി. അതുവരെയും കമല്‍ എന്ന് സാംസ്‌കാരിക കേരളത്തില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കമാലുദ്ദീന്‍ എന്ന ഔദ്യോഗിക പേര് ഒറ്റദിവസം കൊണ്ട് കേരളം മുഴുവന്‍ മനസിലാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ മാര്‍ച്ച് നടത്തുകയും കോലം കത്തിക്കുകയുമെല്ലാം ചെയ്തു. കമലിനെ പാകിസ്ഥാനിലേക്ക് പറഞ്ഞു വിടണമെന്നായിരുന്നു സംഘപരിവാറുകാരുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഈ ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിച്ചത്. ഇവരുടെ ഹര്‍ജിയിലാണ് സുപ്രിംകോടതി ഇന്ന് വിധി പ്രഖ്യാപിച്ചത്.

ഇന്നലെ കോടതിയ്ക്ക് മുമ്പാകെ നിലപാട് മാറ്റിയ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ കോടതി വിധി അനുകൂലമാകില്ലെന്ന തിരിച്ചറിവാണ് അതിന് പിന്നിലെന്ന് വ്യക്തമാകും. ‘ദേശീയഗാനവുമായി ബന്ധപ്പെട്ട എല്ലാവശങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ 12 അംഗ സമിതിയെ നിയമിച്ചു. ജൂണ്‍ അഞ്ചിനകം ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നത് തടയാനുള്ള നിയമത്തില്‍ മാറ്റം വരുത്തും, ആവശ്യമായ മാര്‍ഗരേഖ പുറത്തിറക്കും. അതുവരേയ്ക്കും 2016ലെ സുപ്രിംകോടതി ഉത്തരവ് മരവിപ്പിക്കണം’ ഇതായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ ഉള്ളടക്കം. എന്നാല്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന് മുമ്പാകെ സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞത് ഇതൊന്നുമായിരുന്നില്ല. ഇന്ത്യ വൈവിധ്യമുള്ള രാജ്യമാണെന്നും ഏകരൂപം സാധ്യമാക്കാന്‍ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടതുണ്ടെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ദേശഭക്തി നെറ്റിയില്‍ ഒട്ടിച്ചുനടക്കേണ്ടതില്ലെന്നും ദേശഭക്തി ഇങ്ങനെ പ്രദര്‍ശിപ്പിക്കണമെന്ന് വാശിപിടിച്ചാല്‍ നാളെ മുതല്‍ സിനിമാ തിയേറ്ററില്‍ ടീഷര്‍ട്ടും ഷോട്‌സുമൊന്നും ഇടരുതെന്നും ഇട്ടാല്‍ അത് ദേശീയഗാനത്തെ അവഹേളിക്കലാണെന്നും പറയുമെന്നാണ് കോടതി ഇതിന് നല്‍കിയ മറുപടി. ഇത് സദാചാര ആക്രമണങ്ങളിലേക്കായിരിക്കും നയിക്കുകയെന്നും വിലയിരുത്തി. ഒരു വര്‍ഷത്തിനിപ്പുറം കോടതിയ്ക്ക് ഇത്തരമൊരു വീണ്ടുവിചാരമുണ്ടായത് ദേശീയഗാനത്തിന്റെയും ദേശഭക്തിയുടെയും പേരില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയും അവരുടെ സംഘപരിവാര്‍ സംഘടനകളും രാജ്യത്ത് കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ കണ്ടാണ്. ഇതിന്റെ പേരിലുള്ള ആക്രമണങ്ങളെക്കുറിച്ച് നിരന്തരമായി വന്ന വാര്‍ത്തകള്‍ തങ്ങളെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നുവെന്ന് കോടതിയുടെ നിരീക്ഷണത്തില്‍ നിന്നു തന്നെ വ്യക്തമാണ്.

ഈ കോടതി നിരീക്ഷണമുണ്ടായിട്ടും കേന്ദ്രസര്‍ക്കാരിന് വീണ്ടു വിചാരമുണ്ടായില്ലെന്ന് വേണം മനസിലാക്കാന്‍. അല്ലെങ്കില്‍ ഒക്ടോബറിലുണ്ടായ കോടതി നിരീക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാന്‍ രണ്ട് മാസത്തോളം സമയമെടുക്കേണ്ട കാര്യമില്ലല്ലോ. കേസില്‍ ഇന്നുണ്ടാകുമെന്ന് ഉറപ്പുള്ള വിധിയ്ക്ക് ഒരുമാസം മാത്രം കഷ്ടിച്ച് വേണ്ടപ്പോഴാണ് അവര്‍ മേല്‍പ്പറഞ്ഞ സമിതിയെ നിയോഗിച്ചിരിക്കുന്നത്. ഈ കാരണം പറഞ്ഞ് മുന്‍ നിലപാടുകളില്‍ നിന്നും അവര്‍ പിന്തിരിയുകയും ചെയ്തിരിക്കുന്നു. ഇനി കേസില്‍ തങ്ങള്‍ക്ക് നേരിട്ടിരിക്കുന്നത് തിരിച്ചടിയല്ലെന്നും പകരം തങ്ങളുടെ കൂടി നിലപാടാണ് കോടതി വിധിയില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നും ഒരു മടിയും കൂടാതെ അവര്‍ക്ക് അവകാശപ്പെടാം. ഇനി തീയറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നത് തീയറ്റര്‍ ഉടമയുടെ തീരുമാനമാണ്. അതാണ് കോടതി ഉത്തരവ്. എന്നിരുന്നാലും ദേശസ്‌നേഹത്തിന്റെ പേരില്‍ നാളിതുവരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന അക്രമങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത കേന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്കാണ്. ആറ് മാസത്തിന് ശേഷം ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നത് തടയാനുള്ള നിയമത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പറയുന്നു. ദേശസ്‌നേഹം സംബന്ധിച്ചുള്ള ബിജെപിയുടെയും സംഘപരിവാറിന്റെ പഴയകാല പ്രവര്‍ത്തികള്‍ പരിശോധിക്കുമ്പോള്‍ ആ മാറ്റം ഏത് വിധത്തിലായിരിക്കുമെന്ന ആശങ്കയ്ക്ക് ഇവിടെ പ്രസക്തിയുണ്ട്.

വാല്‍ക്കഷണം: ഉത്തരവ് പിന്‍വലിച്ചെങ്കിലും സിനിമയ്ക്കു മുമ്പ് ദേശസ്‌നേഹം പ്രകടിപ്പിക്കണമെന്നുള്ളവര്‍ക്ക് മനസ്സില്‍ ദേശീയ ഗാനം പാടിക്കൊണ്ട് എഴുന്നേറ്റു നില്‍ക്കാന്‍ ഇത് തടസ്സമാവില്ലല്ലോ അല്ലേ?(ചില ഫേസ്ബുക്ക് ആത്മഗതങ്ങളില്‍ കണ്ടത്)

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍