UPDATES

ട്രെന്‍ഡിങ്ങ്

റോഹിങ്ക്യന്‍ പ്രശ്‌നം: സുപ്രിംകോടതിയില്‍ കളമൊരുങ്ങുന്നത് മുതിര്‍ന്ന അഭിഭാഷകരുടെ ഏറ്റുമുട്ടലിന്

രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കായി വാദിക്കാന്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖ അഭിഭാഷകരായ ഫാലി എസ് നരിമാന്‍, കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍, രാജീവ് ധവാന്‍, അശ്വനി കുമാര്‍ കോളിന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ ഹാജരാകും

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ രാജ്യത്ത് നിന്നും തിരിച്ചയയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരായ കേസില്‍ സുപ്രീം കോടതി വലിയ നിയമ വാദപ്രതിവാദങ്ങള്‍ക്ക് വേദിയാവാനുള്ള എല്ലാ സാഹചര്യവും ഒരുങ്ങിക്കഴിഞ്ഞു. രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കായി വാദിക്കാന്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖ അഭിഭാഷകരായ ഫാലി എസ് നരിമാന്‍, കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍, രാജീവ് ധവാന്‍, അശ്വനി കുമാര്‍ കോളിന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ ഹാജരാകും. സര്‍ക്കാരിന്റെ ഭാഗം വാദിക്കുന്നത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത മാത്രമാണെങ്കിലും വാദം കടുക്കുന്നതോടെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും ഹാജരായേക്കും. ഇതോടെ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകര്‍ തമ്മിലുള്ള നിയമപോരാട്ടത്തിന് രാജ്യം സാക്ഷിയാവും.

കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വിശദമായി പരിശോധിക്കുന്നതിനായി ഇന്നലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായുള്ള ബഞ്ച് ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ ദേശീയ മനുഷ്യവകാശ കമ്മീഷന് നോട്ടീസ് അയയ്ക്കണമെന്ന് ധവാനും ഭൂഷണും വാദിച്ചെങ്കിലും ചീഫ് ജസ്റ്റിസ് അതിന് തയ്യാറായില്ല. നിയമപരമായ വശങ്ങളും ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തയയ്ക്കാന്‍ കോടതിക്ക് അധികാരമുണ്ടോയെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന 40,000ത്തോളം വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയ്ക്കുമെന്ന സത്യവാങ്മൂലം കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചാല്‍ അതിനെ എതിര്‍ക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മടക്കി അയക്കപ്പെട്ടാല്‍ ഇവരെല്ലാം കൊല്ലപ്പെടാനോ പീഡിപ്പിക്കപ്പെടാനോ സാധ്യതയുണ്ടെന്ന മാനുഷിക പരിഗണന കണക്കിലെടുത്ത് തിരിച്ചയയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്ന് സുപ്രീംകോടതിയോട് അപേക്ഷിക്കാനാണ് എന്‍എച്ച്ആര്‍സി ആലോചിക്കുന്നത്. മുഹമ്മദ് സലീമുള്ള, മുഹമ്മദ് ഷാക്വിര്‍ എന്നീ രണ്ട് അഭയാര്‍ത്ഥികളാണ് കേസ് സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, എന്‍എച്ച്ആര്‍സി, യുണൈറ്റഡ് നേഷന്‍സ് ഹൈ കമ്മീഷന്‍ ഫോര്‍ റഫ്യൂജിസ് (യുഎന്‍എച്ച്‌സിആര്‍) എന്നിവരെ കക്ഷി ചേര്‍ത്തിട്ടുണ്ട്.

അഭയാര്‍ത്ഥികളെ മടക്കി അയയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഇന്ത്യന്‍ ഭരണഘടനയുടെ 14, 21, 51(സി) വകുപ്പുകളുടെ ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ജീവന് ഭീഷണിയുള്ള രാജ്യത്തേക്ക് അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കരുത് എന്ന അന്താരാഷ്ട്ര തത്വങ്ങളുടെ ലംഘനവുമാണ് തീരുമാനമെന്നും ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. രോഹിങ്ക്യ അഭയാര്‍ത്ഥികള്‍ തീവ്രവാദികളാകുന്നു എന്ന ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ജമ്മു കാശ്മീരിലെ 23 ആവാസകേന്ദ്രങ്ങളില്‍ നിന്നും 7000 അഭയാര്‍ത്ഥികളും കോടതിയെ സമീപിച്ചിട്ടുണ്ട്. തീവ്രവാദവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും മുസ്ലീങ്ങള്‍ ആയതുകൊണ്ടുമാത്രമാണ് തങ്ങള്‍ വേട്ടയാടപ്പെടുന്നതെന്നും അവര്‍ പറയുന്നു. ജമ്മുവില്‍ താമസം തുടങ്ങി ഇത്രയും കാലമായിട്ടും സമൂഹത്തിനെതിരെ ഒരു ആരോപണം പോലും ഉയര്‍ന്നുവന്നിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പോലീസ് സമൂഹത്തിലെ ഓരോ കുടുംബത്തിന്റെയും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല ഓരോ മാസവും നിരവധി തവണ പോലീസ് ഇവര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പോലീസ് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും കൃത്യമായി നല്‍കാറുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതിനിടെ കേസില്‍ കക്ഷി ചേരുന്നതിനായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ കെഎന്‍ ഗോവിന്ദാചാര്യയും ചെന്നൈ ആസ്ഥാനമായുള്ള ഇന്‍ഡിക് കളക്ടീവ് ട്രസ്റ്റും മുന്നോട്ട് വന്നിട്ടുണ്ട്. രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മടക്കി അയയ്ക്കണമെന്നാണ് ഇരുകൂട്ടരുടെയും ആവശ്യം. രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ സാന്നിധ്യം രാജ്യത്ത് മറ്റൊരു വിഭജനത്തിന് കാരണമായേക്കുമെന്ന് വെള്ളിയാഴ്ച ഗോവിന്ദാചാര്യ പറഞ്ഞിരുന്നു. അല്‍-ക്വയ്ദ അഭയാര്‍ത്ഥികള്‍ക്കിടയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തകളും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തുടരുന്നതിന് ഭരണഘടനാപരമായ അവകാശമില്ലെന്നും അവരെ പുറത്താക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന്റെ പരമാധികാരത്തില്‍ പെട്ടതാണെന്നും അപേക്ഷയില്‍ പറയുന്നു.

രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ സാന്നിധ്യം ഇന്ത്യയ്ക്ക് സാമൂഹിക, സാമ്പത്തിക, സുരക്ഷ ഭീഷണിയാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ മ്യാന്‍മാറിന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടതെന്നുമാണ് ഇന്‍ഡിക് കളക്ടീവ് ട്രസ്റ്റ് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയില്‍ പറയുന്നത്. രോഹിങ്ക്യ പ്രശ്‌നം വലിയ മനുഷ്യാവകാശ പ്രശ്‌നമാണെന്നും എന്നാല്‍ അത് മ്യാന്‍മാറിന്റെ അതിര്‍ത്തിക്കുള്ളില്‍ തന്നെ പരിഹരിക്കേണ്ട ഒന്നാണെന്നുമാണ് അവര്‍ വാദിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍