UPDATES

സിനിമ

മിസ്റ്റര്‍ കമല്‍, സുരഭിയോട് സാമാന്യ മര്യാദയെങ്കിലും കാണിക്കാമായിരുന്നു

ഉത്ഘാടന ചടങ്ങിലേക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടി ആനയിക്കപ്പെട്ടപ്പോളും ദേശീയ പുരസ്‌കാര ജേതാവിന് ആരാണ് ആയിത്തം കല്‍പ്പിച്ചത്

ആദരിക്കേണ്ട, തീര്‍ത്തും അവഗണിക്കാതിരിക്കാമായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേള എന്നാല്‍ വെറും പ്രാദേശിക പരിപാടിയല്ലെന്നറിയാം. അതുകൊണ്ട് കൂടിയാണ് പറയുന്നത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന ചലച്ചിത്രകാരന്മാര്‍ക്കും ചലച്ചിത്ര പ്രേമികള്‍ക്കും മുന്നില്‍ ഇതാ, ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും അഭിനയത്തിന് രാജ്യം നല്‍കുന്ന വലിയ പുരസ്‌കാരം നേടിയ ഒരു നടി എന്ന നിലയില്‍ സുരഭിക്ക് ഒരിടം നല്‍കാമായിരുന്നു. സമ്പ്രദായങ്ങളും നടപ്പുരീതികളും പറഞ്ഞ് സ്വന്തം ഭാഗം ന്യായീകരിക്കുന്നവരോട് ഒന്നേ പറയുന്നുള്ളൂ, ഭരണഘടനാലംഘനമൊന്നും ആകാത്തിടത്തോളം സുരഭി ലക്ഷ്മിയോട് കാണിക്കാമായിരുന്ന മര്യാദ നിങ്ങള്‍ക്ക് തന്നെയായിരുന്നു യശ്ശസ് നല്‍കുമായിരുന്നത്.

സുരഭി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹയായപ്പോള്‍ നമ്മളെല്ലാവരുമൊന്ന് പിന്നോട്ട് നോക്കി, 13 കൊല്ലങ്ങള്‍, അതേ ഒരു പതിറ്റാണ്ടിനും അപ്പുറത്തായിരുന്നു മലയാളത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം കിട്ടുന്നത്. ഈയൊരു വ്യാഴവട്ടക്കാലത്തിനിടയില്‍ ആയിരക്കണക്കിന് സിനിമകളാണു മലയാളത്തില്‍ ഉണ്ടാക്കപ്പെട്ടത്. ആറുപത്തിനാലു വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ചരിത്രത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തിന് സമ്മാനിച്ച അഞ്ചാമത്തെ നടിയാണ് സുരഭി ലക്ഷ്മിയെന്നു കൂടി ആലോചിക്കുമ്പോള്‍ നമ്മുക്കവര്‍ ഏത്രമാത്രം പ്രധാനപ്പെട്ടതാണെന്നു മനസിലാക്കാം. എന്നിട്ടും കേരളത്തിന്റെ അഭിമാനമായൊരു ചലച്ചിത്രമേളയില്‍ സുരഭിക്ക് ഒരിടം കിട്ടാതെ പോയി.

ശാരദ, മോനിഷ, ശോഭന, മീര; ഇവര്‍ക്കൊപ്പമാണ് ഇനി സുരഭിയും; യോഗ്യന്മാര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറയുന്നത് ദേശീയ അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്ന രീതി ചലച്ചിത്രമേളയില്‍ ഇല്ലെന്നാണ്. ശരിയാകാം. പക്ഷേ തന്നെ താലപ്പൊലിയുമായി എതിരേറ്റ് പൊന്നാടയണിയിക്കാന്‍ സുരഭി ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടില്ല. മേളയില്‍ പങ്കെടുക്കാനുള്ള ആഗ്രഹം മാത്രമായിരുന്നു സുരഭി പ്രകടിപ്പിച്ചത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയാതെ വന്നപ്പോഴാണ്, അക്കാദമിയെ നേരിട്ട് ബന്ധപ്പെട്ടത്. അക്കാദമി അംഗമായ നടന്‍ മണിയന്‍ പിള്ള രാജുവിനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ ദേശീയ അവാര്‍ഡ് ജേതാവായ നടിയല്ലേ പാസ് തരാന്‍ അക്കാദമി ചെയര്‍മാനായ കമലിനെ നേരിട്ട് വിളിച്ചു പറയാനും രാജു നിര്‍ദേശിച്ചു. അതു പ്രകാരം താന്‍ കമല്‍ സാറിനെ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ പാസ് നല്‍കാനുള്ള ഏര്‍പ്പാട് ഉണ്ടാക്കാമെന്നു പറഞ്ഞതല്ലാതെ പിന്നീട് ഒരു നടപടിയും തന്റെ കാര്യത്തില്‍ ഉണ്ടായില്ലെന്നുമാണ് സുരഭി പറഞ്ഞത്. മേളയുടെ പകിട്ട് കുറയ്ക്കാനോ വിവാദം ഉണ്ടാക്കാനോ വേണ്ടിയല്ല, ചലച്ചിത്ര മേളയില്‍ പങ്കെടുക്കണമെന്ന തന്റെ ആഗ്രഹം നടക്കാതെ പോയതിന്റെ വിഷമം മാത്രമാണ് സുരഭി പങ്കുവച്ചിരിക്കുന്നത്. മണിയന്‍ പിള്ള രാജു പറഞ്ഞപോലെ ദേശീയ അവാര്‍ഡ് നേടിയ ഒരു നടിക്ക് സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ പാസ് വേഗം കിട്ടണമല്ലോ, അതിനവര്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കണമല്ലോ. എന്തുകൊണ്ടങ്ങനെ ഉണ്ടായില്ല. ഉത്ഘാടന ചടങ്ങിലേക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടി ആനയിക്കപ്പെട്ടപ്പോളും ദേശീയ പുരസ്‌കാര ജേതാവിന് ആരാണ് ആയിത്തം കല്‍പ്പിച്ചതെന്ന് അറിയണമല്ലോ.

അഭിനേത്രി എന്ന നിലയില്‍ എന്നെ കണ്ടിരുന്നോ? ഞാനാ ഓരത്ത് കൂടി നടന്നു പോയ ആളാണ്‌: സുരഭി/അഭിമുഖം

സുരഭി ഉയര്‍ത്തിയിരിക്കുന്നൊരു ചോദ്യം വളരെ പ്രസക്തമാണെന്ന് കൂടി ഓര്‍മിപ്പിക്കട്ടെ, അവള്‍ക്കൊപ്പം എന്ന് വിളിച്ചു പറയുന്നവര്‍ നിറയുന്ന ഒരു മേളയില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന ‘ അവളാകാന്‍’ തനിക്ക് എത്രകാലം ദൂരം ഉണ്ടെന്ന്? സ്വന്തം അഭിനേതാക്കള്‍ക്കിടയില്‍ പോലും വിവേചനം നിറച്ചു നിര്‍ത്തിയിരിക്കുന്ന ഒരു സിനിമ മേഖലയാണല്ലോ ഇങ്ങനെയൊരു അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കു പിന്നില്‍ സംഘാടകരാകുന്നതെന്നോര്‍ക്കുമ്പോള്‍, ലജ്ജ തോന്നുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍