UPDATES

ട്രെന്‍ഡിങ്ങ്

വ്യാജരേഖ കേസ് അന്വേഷണം സത്യസന്ധമോ? ഫാ. പോള്‍ തേലക്കാടിന് പിന്തുണയുമായി സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകര്‍

വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും വെളിച്ചത്തു കൊണ്ടു വരുന്നതിനു പകരം ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാനുള്ള അമിതമായ വ്യഗ്രതയാണോ ഈ കുറ്റാന്വേഷണ രീതികളില്‍ സംഭവിക്കുന്നതെന്ന ആശങ്ക പ്രസ്താവനയില്‍ പങ്കുവയ്ക്കുന്നുണ്ട്.

സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന കേസില്‍ ഒന്നാം പ്രതിയാക്കപ്പെട്ട ഫാ. പോള്‍ തേലക്കാടിന് പിന്തുണയുമായി സാംസ്‌കാരിക-സാഹിത്യ പ്രവര്‍ത്തകര്‍. വ്യാജരേഖ കേസിന്റെ അന്വേഷണം സത്യസന്ധമായാണോ നടക്കുന്നതെന്ന സംശയവും ഫാ. തേലക്കാടിനുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവാനയില്‍ പറയുന്നുണ്ട്. നീതിപൂര്‍വകവും സമഗ്രവുമായ അന്വേഷണത്തിലൂടെ വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും വെളിച്ചത്തു കൊണ്ടു വരുന്നതിനു പകരം ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാനുള്ള അമിതമായ വ്യഗ്രതയാണോ ഈ കുറ്റാന്വേഷണ രീതികളില്‍ സംഭവിക്കുന്നതെന്ന ആശങ്കയാണ് തങ്ങള്‍ക്കുള്ളതെന്നു പ്രസ്താവനയില്‍ സാംസ്‌കാരിക-സാഹിത്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. രേഖകളുടെ ഉറവിടത്തെക്കുറിച്ചും ഉള്ളടക്കത്തെ കുറിച്ചുമാണ് സത്വരമായ അന്വേഷണം നടക്കേണ്ടത്. അന്വേഷണ രീതികളില്‍ സാംസ്‌കാരിക കേരളത്തിന് അപമാനകരമാകുന്ന തെറ്റായ സമീപനങ്ങള്‍ എടുക്കാതെ സത്യസന്ധവും സുതാര്യവുമായ വിധത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടു വരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കേരളത്തിലെ സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ കഴിഞ്ഞ 30 വര്‍ഷങ്ങളിലേറെയായി സജീവ സാന്നിധ്യമായ ഫാ. പോള്‍ തേലക്കാട് സത്യത്തിനും നീതിക്കും വേണ്ടി എന്നും ശക്തമായ നിലപാട് എടുക്കുന്ന വ്യക്തിയാണെന്നും പ്രസ്താവനയില്‍ പറയുന്നു. സമൂഹത്തിലെ അധാര്‍മികതയ്‌ക്കെതിരേ ശക്തമായി തന്റെ തൂലിക ഉപയോഗിക്കുന്ന അച്ചന്‍ സ്വന്തം സമുദായത്തിലെയും സഭയിലേയും പ്രശ്‌നങ്ങളെ പോലും ആത്മവിമര്‍ശനാത്കമായി കാണുകയും തുറന്നു പറയുകയും ചെയ്യുന്ന വ്യക്തിയാണ്. സിറോ മലബാര്‍ സഭയിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് അനുബന്ധമായി അച്ഛന് ലഭിച്ച ഏതാനും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളുടെ സത്യാവസ്ഥയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഒരു പത്രാധിപര്‍ കൂടിയായ അച്ചനെ പ്രതിയാക്കിയത്. സാത്വികനായ ഫാ. തേലക്കാടിനെ വര്‍ഷങ്ങളായി അറിയാവുന്ന ഞങ്ങള്‍ക്ക് അച്ചന്റെ സത്യനിഷ്ഠയിലും നീതിബോധത്തിലും ധാര്‍മിക നിഷ്ഠയിലും പരിപൂര്‍ണ വിശ്വാസമുണ്ടെന്നും പ്രസ്താവനയില്‍ ഒപ്പു വച്ചിരിക്കുന്ന എം കെ സാനു മാസ്റ്റര്‍, കെ എല്‍ മോഹനവര്‍മ, അഡ്വ. സെബാസ്റ്റിയന്‍ പോള്‍, വിജയലക്ഷ്മി, സാറ ജോസഫ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മ്യൂസ് മേരി മാത്യു, അഡ്വ.ജയശങ്കര്‍, ആര്‍ ഗോപാലകൃഷ്ണന്‍, പ്രൊഫ. തോമസ് എം മാത്യു, ജോണ്‍ പോള്‍, എം വി ബെന്നി, എ കെ പുതുശ്ശേരി, ടി എം എബ്രഹാം എന്നിവര്‍ പറയുന്നു.

സുസജ്ജമായി ആരോഗ്യവകുപ്പ്; മൂന്ന് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാര്‍ഡ്, എറണാകുളത്ത് കൺട്രോൾ റൂം തുറക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍