UPDATES

ട്രെന്‍ഡിങ്ങ്

ഒരു രാജ്യദ്രോഹി ഇന്ത്യന്‍ സംസ്‌കാരത്തിന് മേല്‍ പടുത്തുയര്‍ത്തിയ കളങ്കമാണ് താജ്മഹല്‍: ബിജെപി എംഎല്‍എ

ലോകത്തിലെ ഏഴാമത്തെ മഹാത്ഭുതമായി കണക്കാക്കുന്ന താജ്മഹലിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള സര്‍ദാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ സംഗീത് സോം ഉന്നയിച്ചിരിക്കുന്നത്

വിവാദ ബിജെപി എംഎല്‍എ സംഗീത് സോം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനമായ താജ്മഹലിനെതിരെ തിരിഞ്ഞാണ് സോം വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നത്. ലോകത്തിലെ ഏഴാമത്തെ മഹാത്ഭുതമായി കണക്കാക്കുന്ന താജ്മഹലിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള സര്‍ദാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ സോം ഉന്നയിച്ചിരിക്കുന്നത്.

താജ്മഹല്‍ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമല്ലെന്നാണ് സോം പറയുന്നത്. കൂടാതെ ഒരു രാജ്യദ്രോഹി ഇന്ത്യന്‍ സംസ്‌കാരത്തിന് മേല്‍ പടുത്തുയര്‍ത്തിയ കളങ്കമാണ് താജ്മഹലെന്നും എംഎല്‍എ വിശേഷിപ്പിക്കുന്നു. താജ്മഹല്‍ നിര്‍മ്മിച്ച ഷാ ജഹാന്‍ തന്റെ പിതാവിനെ ജയിലില്‍ അടച്ചാണ് അധികാരം പിടിച്ചെടുത്തത്. ഹിന്ദുക്കളെയെല്ലാം തുടച്ചുനീക്കുകയായിരുന്നു അയാളുടെ ആവശ്യം. ഇത്തരം ആളുകളൊക്കെയാണ് നമ്മുടെ ചരിത്രത്തിന്റെ ഭാഗമെന്നത് കഷ്ടമാണ്. ഈ ചരിത്രത്തെ നാം മാറ്റേണ്ടതുണ്ട്- സോം പറയുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമീപകാലത്ത് പുറത്തിറക്കിയ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയതിനെക്കുറിച്ചും സോം സംസാരിച്ചു. സംസ്ഥാനത്തെ പ്രശസ്ത സ്മാരകങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ബുക്ക്‌ലെറ്റാണ് ടൂറിസം വകുപ്പ് പുറത്തിറക്കിയത്. ഗോരഖ്പൂര്‍ ക്ഷേത്രം പോലുള്ള ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകത്തില്‍ നിന്നും താജ്മഹല്‍ ഒഴിവാക്കുകയായിരുന്നു. ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ്. താജ്മഹലിന് ഇന്ത്യന്‍ സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ ആദിത്യനാഥും പ്രസ്താവിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍