UPDATES

ട്രെന്‍ഡിങ്ങ്

ഒത്തുതീര്‍പ്പ്: പനീര്‍സെല്‍വം വീണ്ടും മുഖ്യമന്ത്രിയാവുന്നു; പളനിസ്വാമി പാര്‍ട്ടിയെ നയിക്കും

ജയലളിതയുടെ മരണത്തിനു മുമ്പു തന്നെ താത്കാലികമായി മുഖ്യമന്ത്രി പദത്തിലേറിയ പനീര്‍സെല്‍വത്തെ ശശികല വിഭാഗം പിന്നീട് പുറത്താക്കുകയായിരുന്നു

എ.ഐ.എ.ഡി.എം.കെ വിമത നേതാവ് ഒ. പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിക്കൊണ്ടും നിലവിലെ മുഖ്യമന്ത്രി ഇ.കെ പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയുമുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുല തയാറാവുന്നു. ഈ രീതിയിലുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ഇന്നു രാവിലെ മുതല്‍ തുടക്കമാകും. ഇതോടെ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് രണ്ടായ എ.ഐ.എ.ഡി.എം.കെ വിഭാഗങ്ങള്‍ വീണ്ടും ഒന്നിക്കും. പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകുമെന്നാണ് കരുതുന്നത്.

122 എം.എല്‍.എമാരില്‍ പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്ന എം.എല്‍.എമാര്‍ വെറും ആറു പേര്‍ മാത്രമേ ഉള്ളുവെങ്കിലും സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഇവരുടെ പിന്തുണ അത്യാവശ്യമായി വന്നതോടെയാണ് പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള ആവശ്യം അംഗീകരിക്കുന്നതെന്നാണ് പളനിസ്വാമി വിഭാഗം നേതാക്കള്‍ പറയുന്നത്.

ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ നിലവിലെ ആരോഗ്യമന്ത്രി സി. വിജയഭാസ്‌ക്കറിനെ പുതിയ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി ഒരുകാലത്ത് ജയലളിതയുടെ വിശ്വസ്തനായിരുന്ന ശെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും നീക്കമുണ്ട്. ശശികല വിഭാഗം എം.എല്‍.എമാരെ റിസോര്‍ട്ടില്‍ എത്തിച്ചപ്പോള്‍ അവിടെ ഉറച്ചുനിന്നവരില്‍ ഒരാളായിരുന്നു ബാലാജി. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം പനീര്‍ശെല്‍വം ക്യാമ്പിലെത്തി. ഒരുകാലത്ത് ജയലളിതയുടെ വലംകൈയായിരുന്ന ബാലാജി, ജയലളിതയുടെ പിന്‍ഗാമിയായി സ്വയം പ്രഖ്യാപിച്ചതോടെ അദ്ദേഹത്തെ കഴിഞ്ഞ മന്ത്രിസഭയില്‍ നിന്ന് അവര്‍ ഒഴിവാക്കിയിരുന്നു.

ഇരുവിഭാഗങ്ങളും ലയിക്കുന്നതിന്റെ ഭാഗമായി പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള എം.ഐ.എ.ഡി.എം.കെ (പുരട്ചി തലൈവി അമ്മ) വിഭാഗം ഉന്നയിച്ചിരുന്ന പ്രാധാന ആവശ്യം ഔദ്യോഗിക എ.ഐ.എ.ഡി.എം.കെ (അമ്മ) വിഭാഗത്തില്‍ നിന്ന് ശശികലയേയും ദിനകരനേയും പുറത്താക്കുക എന്നതായിരുന്നു. തുടര്‍ന്ന് ഇരുവരേയും പുറത്താക്കാന്‍ പളനിസ്വാമി അടക്കമുള്ളവര്‍ തീരുമാനിക്കുകയും ചെയ്‌തെങ്കിലും ഔദ്യോഗികമായി ഇത് ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ തിങ്കളാഴ്ച ദിനകരന്‍ ഡല്‍ഹി പോലീസിനു മുമ്പായി ഹാജരാകുന്നതിനു മുമ്പ് രാജി എഴുതി വാങ്ങാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്‌നമായ രണ്ടില തങ്ങള്‍ക്ക് കിട്ടാനായി ഇടനിലക്കാരന്‍ വഴി ദിനകരന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്.

ജയലളിതയുടെ മരണത്തിനു മുമ്പു തന്നെ താത്കാലികമായി മുഖ്യമന്ത്രി പദത്തിലേറിയ പനീര്‍സെല്‍വത്തെ ശശികല വിഭാഗം പിന്നീട് പുറത്താക്കുകയായിരുന്നു. ശശികലയ്ക്ക് മുഖ്യമന്ത്രി പദത്തില്‍ കണ്ണുണ്ടായിരുന്നെങ്കിലും അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ പളനിസ്വാമിയെ ഈ സ്ഥാനത്ത് അവരോധിക്കുകയും ചെയ്തു. ഇപ്പോള്‍ പനീര്‍ശെല്‍വം വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നതോടെ ശശികല കുടുംബം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിന്ന് പുര്‍ണമായി അപ്രത്യക്ഷമാകുന്ന സാഹചര്യമാണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍