വിവാദത്തെ തുടര്‍ന്ന് വൈരമുത്തു ഖേദംപ്രകടിപ്പിച്ചാല്‍ ദേവദാസി സമൂഹത്തോട് അദ്ദേഹത്തിനോടുള്ള പുച്ഛമാണ് തെളിയുന്നതെന്ന് ടിഎം കൃഷ്ണ
ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആത്മീയ കവി ആണ്ടാളിനെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ തമിഴ് കവി വൈരമുത്തുവിനെതിരെ കലാപമുയര്‍ത്തി ഹിന്ദു സംഘടനകള്‍. ശ്രീവില്ലിപുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തില്‍ കഴിഞ്ഞയാഴ്ച വൈരമുത്തു നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ആണ്ടാള്‍ ഒരു ദേവദാസി സമുദായക്കാരിയാണെന്ന് പറഞ്ഞതാണ് വിവാദമാക്കുന്നത്. പ്രസംഗം പ്രസിദ്ധീകരിച്ച തമിഴിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രമായ ദിനമണിയുടെ ഓഫീസിലെക്ക് ബിജെപിയുടെയും മറ്റ് ഹിന്ദു സംഘടനകളുടെയും പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
തന്റെ പ്രസംഗത്തില്‍ ആണ്ടാള്‍ ദേവദാസി സമുദായക്കാരിയായിരുന്നെന്നും ജീവിച്ചതും മരിച്ചതും തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലാണെന്നും ഒരു അമേരിക്കന്‍ പണ്ഡിതന്റെ പുസ്തകത്തെ ഉദ്ധരിച്ചാണ് വൈരമുത്തു പറഞ്ഞത്. ദക്ഷിണേന്ത്യന്‍ സംസ്‌കാരമനുസരിച്ച് ഒരു ക്ഷേത്ര പ്രതിഷ്ഠയെ ഒരു പെണ്‍കുട്ടി വിവാഹം കഴിക്കുന്നതും ജീവിതകാലം മുഴുവന്‍ ആ പ്രതിഷ്ഠയെ സേവിക്കുകയും ചെയ്യുന്ന മതാചാരമാണ് ദേവദാസി സമ്പ്രദായം. സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുകയും പെണ്‍കുട്ടികള്‍ ക്ഷേത്രത്തിന്റെ സ്വത്താകുകയും ലൈംഗികമായി ചൂഷണം ചെയ്യപ്പടുകയും ചെയ്യുന്നത് ഈ സമ്പ്രദായത്തിന്റെ ഭാഗമാണ്.
ദിനമണിയ്ക്കും വൈരമുത്തുവിനും എതിരെ കലാപമുയര്‍ത്താനാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ദേവദാസി പരാമര്‍ശം ബിജെപി നേതാവ് എച്ച് രാജ ഉപയോഗിച്ചിരിക്കുന്നത്. ‘വൈരമുത്തുവിന്റെ വാക്കുകള്‍ വിഷം നിറഞ്ഞതാണ്. ഈ നാണംകെട്ട മനുഷ്യന്റെ പ്രസംഗത്തിന് ഇടം കൊടുത്ത ദിനമണിയുടെ പ്രവര്‍ത്തി ദുര്‍ഭാഗ്യകരമാണ്. ഒറ്റനിമിഷം കൊണ്ട് ദിനമണിയുടെ നിലവാരവും അന്തസും നഷ്ടമായിരിക്കുന്നു. അവരും ഈ വിഷയത്തില്‍ ജനങ്ങളോട് മാപ്പ് പറയണം’ എന്നാണ് രാജ പറഞ്ഞത്.
ആല്‍വാര്‍ എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യയിലെ പന്ത്രണ്ട് ആത്മീയകവികളില്‍ ഒരേയൊരു സ്ത്രീയാണ് ആണ്ടാള്‍. ഈ ആത്മീയകവികളെല്ലാം തന്നെ വിഷ്ണുവിനെയോ അവതാരമായ കൃഷ്ണനെയോ പ്രകീര്‍ത്തിച്ചാണ് കവിതകള്‍ എഴുതിയിരുന്നത്. ആണ്ടാളിന്റെ 30 ഖണ്ഡങ്ങളുള്ള തിരുപ്പവ്വായിയിലെ കവിതകള്‍ പതിവായി തമിഴ് മാസമായ മാര്‍ഗഴിയില്‍ ഡിസംബര്‍ 16 മുതല്‍ ജനുവരി 13 വരെ ആലപിക്കാറുണ്ട്. സ്ത്രീപക്ഷത്തുള്ള ഭക്തകവികളില്‍ പ്രമുഖയാണ് ആണ്ടാള്‍.
അതേസമയം വൈരമുത്തുവിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ദിനമണി തങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പ്രസംഗം നീക്കം ചെയ്തിരിക്കുകയാണ്. വിഷയത്തില്‍ വൈരമുത്തുവും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഖേദം പ്രകടിപ്പിച്ചു. ‘തമിഴൈ ആണ്ടാളിനെക്കുറിച്ചുള്ള എന്റെ ലേഖനത്തില്‍ ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പഠനത്തിലെ വരികള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് എന്റെ അഭിപ്രായമല്ല. പകരം ആ ഗവേഷകന്റെ വാദങ്ങളാണ്. മഹത് വ്യക്തികളെ മൃദുഭാവത്തോടെ അവതരിപ്പിക്കുകയെന്നതാണ് സാഹിത്യത്തിന്റെ ലക്ഷ്യം അല്ലാതെ അവരുടെ മഹത്വം ഇടിച്ചു താഴ്ത്തുകയെന്നതല്ല. ഞാന്‍ ആണ്ടാളിനെക്കുറിച്ച് നടത്തിയ പ്രസംഗത്തില്‍ അവരുടെ മഹത്വത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞതെന്ന് എല്ലാവര്‍ക്കും അറിയാം. ആരുടെയും വികാരം മുറിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു’. അദ്ദേഹം പറയുന്നു. അതേസമയം പ്രസംഗം നടന്ന ക്ഷേത്രത്തിന്റെ മുന്നില്‍ നിന്ന് ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നാണ് ഹൈന്ദവ സംഘടനകളുടെ ആവശ്യം. ഇത് ഉന്നയിച്ച് അവര്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.
അതേസമയം ചില തമിഴ് എഴുത്തുകാര്‍ പറയുന്നത് ഇതില്‍ വിവാദമാക്കാന്‍ ഒന്നുമില്ലെന്നാണ്. ബിജെപി നേതാവ് രാജ ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും വൈരമുത്തു തന്റെ പ്രസംഗത്തില്‍ ഒരു ലേഖനത്തില്‍ പരാമര്‍ശം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും തമിഴ് എഴുത്തുകാരന്‍ അഴൈ സെന്തില്‍നാതന്‍ പറയുന്നു. കൂടാതെ ദേവദാസിയെന്ന പദം തമിഴില്‍ സാധാരണയായി തന്നെ ഉപയോഗിക്കുന്നതാണെന്നും ഭരതനാട്യത്തിന്റെയും കര്‍ണാടിക് സംഗീതത്തിന്റെയും പോലും ചരിത്രം പറയുമ്പോള്‍ ഈ വാക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴില്‍ ഒട്ടനവധി വാക്കുകള്‍ അപമാനകരമായി കണക്കാക്കുന്നുണ്ടെങ്കിലും ദേവദാസി അത്തരമൊരു വാക്കല്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
എന്നാല്‍ എഐഡിഎംകെയുടെ പാര്‍ലമെന്റംഗവും എഴുത്തുകാരനുമായ വി മൈത്രേയന്‍ മറ്റൊരു വാദമാണ് ഉന്നയിക്കുന്നത്. ആണ്ടാളിനെ മോശമാക്കിയാണ് വൈരമുത്തു ചിത്രികരിച്ചതെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. ഭക്തിയുടെയും ദൈവത്തോടുള്ള പ്രണയത്തിന്റെ രൂപമായ ആണ്ടാളിനെ കേവലമൊരു ദേവദാസിയാക്കി ചിത്രീകരിച്ചുവെന്നും ഇദ്ദേഹം ആരോപിക്കുന്നു. അതേസമയം ഈ വിവാദം അസ്വസ്ഥപ്പെടുത്തുന്നുവെന്നാണ് കവിയും സംഗീതജ്ഞനുമായ ടിഎം കൃഷ്ണയുടെ വാദം. ദേവദാസി സമുദായക്കാര്‍ക്ക് ആദരവ് നല്‍കുന്നതില്‍ അസ്വസ്ഥപ്പെടുന്നവരാണ് വൈരമുത്തുവിന്റെ പരാമര്‍ശത്തിനെതിരെ കലാപമുയര്‍ത്തുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.
ആണ്ടാളിനെ പോലെ വിശുദ്ധയായ ഒരാള്‍ എങ്ങനെ ദേവദാസിയാകും എന്ന ചിന്തയില്‍ നിന്നുമാണ് ഈ വിവാദം ഉയരുന്നത്. ആ ചിന്ത ആ സമുദായത്തെ അപമാനിക്കുന്നതാണ്. അതേസമയം വിവാദത്തെ തുടര്‍ന്ന് വൈരമുത്തു ഖേദംപ്രകടിപ്പിച്ചാല്‍ ദേവദാസി സമൂഹത്തോട് അദ്ദേഹത്തിനോടുള്ള പുച്ഛമാണ് തെളിയുന്നതെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.