UPDATES

സിനിമ

ശിവ-പാര്‍വതിമാരും ഡ്രാഗണും; ക്രൂരമായൊരു കൊലപാതകത്തിന്റെ ചുരുളഴിയിച്ച തെളിവുകള്‍

ജനുവരി 21 നാണ് തെക്കന്‍ ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നത്

കൈകാലുകള്‍, ഉടല്‍ ഭാഗങ്ങള്‍, തല എന്നിവ ഓരോരോയിടങ്ങളില്‍ നിന്നായി കണ്ടെത്തുക. തുടര്‍ന്ന്, കൊല്ലപ്പെട്ടതാര്? കൊന്നതാര്? എന്നീ ചോദ്യങ്ങളിലേക്ക് നീളുന്ന അന്വേഷണം. ഇത്തരം പ്രമേയങ്ങളില്‍ സ്വീകരിച്ച ക്രൈം ത്രില്ലറുകള്‍ തമിഴ് സിനിമയില്‍ സമീപകാലത്തും ഉണ്ടായിട്ടുണ്ട്. സംഭവകഥകളെ ആധാരമാക്കി എന്ന ടാഗ് ലൈനിലാണ് ഇവയില്‍ പലതും ചലച്ചിത്രങ്ങളായതും. സംവിധായകന്‍ എസ് ആര്‍ ബാലകൃഷ്ണന്‍ തന്റെ ഭാര്യയും നടിയുമായി സന്ധ്യയെ വെട്ടിനുറുക്കി കൊലപ്പെടുത്തിയതും ആദ്യ കേള്‍വിയില്‍ ഒരു ത്രില്ലര്‍ സിനിമയുടെ കഥയോ എന്നു സംശയിക്കാം.

ജനുവരി 21 നാണ് തെക്കന്‍ ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നത്. പള്ളിക്കരണയിലെ മാലിന്യശേഖരണ കേന്ദ്രത്തില്‍ ശുചീകരണ തൊഴിലാളികളുടെ ശ്രദ്ധയില്‍ ആദ്യം പെടുന്നത് രണ്ടു കാലുകളായിരുന്നു. പിന്നീട് വെട്ടിമാറ്റിയ കൈകള്‍ കണ്ടെത്തി. എന്നാല്‍ തല ഉള്‍പ്പെടെ ബാക്കി ഭാഗങ്ങളൊന്നും കണ്ടെത്താനാവാതെ വന്നതോടെ ആരാണ് കൊല്ലപ്പെട്ടതെന്നു മനസിലാക്കാന്‍ കഴിയാതെ വന്നു.

കാലുകളിലും കൈയിലും ഉണ്ടായിരുന്ന പച്ചകുത്തലുകളും ഒരു വളയും പൊലീസിന് പിടിവള്ളികളായി. സ്ത്രീകളെ കാണാതായതുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളില്‍ ഏതെങ്കിലും കൈയിലും കാലിലും പച്ചകുത്തിയ ആരെങ്കിലും ഉണ്ടോയെന്നു അന്വേഷിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് പൊലീസ് ചെയ്തത് ശിവ പാര്‍വതിമാരുടെയും ഡ്രാഗന്റെയും പച്ചകുത്തലുകളും വളയും അടയാളം പറഞ്ഞ് നല്‍കിയ പരസ്യമാണ്. അതിനു ഫലം കണ്ടു. തന്റെ മകളെ കാണാതായിട്ടുണ്ടെന്നു പറഞ്ഞ് തൂത്തുക്കുടിയില്‍ നിന്നും സന്ധ്യയുടെ അമ്മ എത്തി. അതോടെ കൊല്ലപ്പെട്ടത് സന്ധ്യയാണെന്നു പൊലീസിന് ഉറപ്പിക്കാന്‍ കഴിഞ്ഞു. അതിനൊപ്പം തന്നെ കൊലയാളിയിലേക്കുള്ള വഴിയും തെളിഞ്ഞു. തന്റെയടുത്തു നിന്നും സന്ധ്യ രണ്ടു ദിവസം മുന്നേ തൂത്തുക്കുടിയിലേക്ക് പോയിരുന്നുവെന്ന് ബാലകൃഷ്ണന്‍ തങ്ങളോട് പറഞ്ഞിരുന്നതായി സന്ധയുടെ അമ്മ അറിയിച്ചു. പക്ഷേ മകളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കഴിഞ്ഞിരുന്നില്ലെന്നും ആ അമ്മ പറഞ്ഞതോടെ പൊലീസിന്റെ സംശയം ബാലകൃഷ്ണനിലേക്ക് തിരിയുകയായിരുന്നു. തുടര്‍ന്ന് ബാലകൃഷ്ണനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ അയാള്‍ കുറ്റസമ്മതം നടത്തി.

ജനുവരി 19 ന് ആണ് സന്ധ്യയെ ബാലകൃഷ്ണന്‍ കൊലപ്പെടുത്തുന്നത്. പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാമെന്നു പറഞ്ഞ് ജാഫര്‍ഖാന്‍പേട്ടിലുള്ള വീട്ടിലേക്ക് സന്ധ്യയെ ബാലകൃഷ്ണന്‍ വിളിച്ചു വരുത്തുകയായിരുന്നു. അവിടെ വച്ചായിരുന്നു കൊല ചെയ്തത്. തുടര്‍ന്ന് ശരീരം പല കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളിലാക്കി വിവിധ മാലിന്യകൂമ്പാരങ്ങളില്‍ തള്ളി. ബാലകൃഷ്ണന്‍ നല്‍കിയ വിവരം വച്ചാണ് സന്ധ്യയുടെ അരയ്ക്ക് താഴേയ്ക്കുള്ള ഭാഗം പൊലീസ് കണ്ടെത്തിയത്. അയാള്‍ തന്നെ നല്‍കിയ വിവരങ്ങള്‍ വച്ച് തല കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കാതല്‍ ഇളവസം എന്ന പ്രണയചിത്രത്തിന്റെ സംവിധായകനില്‍ നിന്നാണ് ബാലകൃഷ്ണന്‍ അതിക്രൂരനായൊരു കൊലപാതകിയായി മാറിയിരിക്കുന്നത്. തിയേറ്ററില്‍ സ്വീകരിക്കപ്പെടാതെപോയ കന്നി ചിത്രത്തിനുശേഷം മറ്റൊരു സിനിമ ചെയ്യാന്‍ ബാലകൃഷ്ണന് സാധിച്ചില്ല. നിര്‍മാണ ബാധ്യത കൂടി വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും വീണു. ഇതിനു പുറമെയാണ് സ്‌നേഹിച്ച് വിവാഹം കഴിച്ച സന്ധ്യയ്ക്കു മേല്‍ സംശയരോഗം കൂടുന്നതും.

2000ല്‍ ആയിരുന്നു ബാലകൃഷ്ണന്റെയും സന്ധ്യയുടെയും വിവാഹം. സംവിധാന സഹായിയ ബാലകൃഷ്ണനും ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സന്ധ്യയും വിവാഹം കഴിക്കുമ്പോള്‍ ബാലകൃഷ്ണനു പ്രായം 34 ഉം സന്ധ്യക്ക് 20 ഉം ആയിരുന്നു. 14 വയസിന്റെ വ്യത്യാസം ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. എന്നാല്‍ കുടുംബപ്രശ്‌നങ്ങള്‍ മൂലം ഇരുവരും പരസ്പരം അകന്നു കഴിയുകയായിരുന്നു. രണ്ടാമതൊരു സിനിമ ചെയ്യാന്‍ പണം ആവശ്യപ്പെട്ട് സന്ധ്യയെ നിരന്തരം ബാലകൃഷ്ണന്‍ ബുദ്ധിമുട്ടിക്കുമായിരുന്നു. ഉപദ്രവം സഹിക്കാതെ വന്നതോടെയാണ് സന്ധ്യ ബാലകൃഷ്ണനെ വിട്ട് സ്വന്തം വീട്ടിലേക്ക് പോകുന്നത്. സന്ധ്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് അവരെ അരുംകൊല ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ബാലകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍