UPDATES

ട്രെന്‍ഡിങ്ങ്

ഫോണ്‍ സംഭാഷണം പുറത്തുവിട്ടത് കേസ് അട്ടിമറിക്കാനോ? ഷാനുവിന്റെ ബുദ്ധി അപാരം; പക്ഷേ..

നിയമവിദഗ്ധര്‍ നല്‍കിയ ഉപദേശ പ്രകാരം ഷാനു തന്നെയാണ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടത് എന്നാണ് സംശയിക്കപ്പെടുന്നത്

ഷാനുവും പോലീസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത് കേസ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണോയെന്ന സംശയം ബലപ്പെടുകയാണ്. ഫോണ്‍ സംഭാഷണത്തിലെ ചില അവകാശവാദങ്ങളും അതിനെ സാധൂകരിക്കാന്‍ ഷാനു ചൂണ്ടിക്കാട്ടുന്ന തെളിവുകളുമാണ് ഇത്തരത്തിലൊരു സംശയത്തിന് കാരണം. കൂടാതെ കെവിനൊപ്പം അക്രമി സംഘം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വെളിപ്പെടുത്തലുകളും ഈ സംശയം ബലപ്പെടുത്തുന്നു.

കെവിന്‍ രക്ഷപ്പെട്ടുവെന്നും എവിടെയാണ് രക്ഷപ്പെട്ടതെന്ന് തനിക്കറിയില്ലെന്നുമാണ് ഷാനു എഎസ്‌ഐ ബിജുവുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. ‘ഞാന്‍ വേറെ വണ്ടിയിലാണ് വന്നത്. അതിവന് അറിയാം’ എന്നും ഷാനു അനീഷിനെ ഉദ്ദേശിച്ച്‌ പറയുന്നു. അതേസമയം തന്നെ ഭീഷണിപ്പെടുത്തി സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പരാതിയില്ലെന്ന് ഷാനു പറയിച്ചെന്നാണ് അനീഷ് വെളിപ്പെടുത്തിയിരിക്കുന്നത്. അതിന് ശേഷമാണ് ഇയാളെ കോട്ടയത്തെത്തിച്ചത്. നീനുവിനെ വീട്ടില്‍ നിന്നും ഇറക്കി കൊടുക്കാമെന്ന് പറഞ്ഞാണ് അനീഷ് അക്രമികളില്‍ നിന്നും രക്ഷപ്പെട്ടതെന്നും പറയപ്പെടുന്നു. ഞായറാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടു പോകലിനിടെ അനീഷിന്റെ വീട്ടില്‍ സംഭവിച്ച കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാമെന്നാണ് കെവിന്‍ എഎസ്‌ഐ ബിജുവിനോട് പറഞ്ഞിരിക്കുന്നത്.

അനീഷിനെ സ്വാധീനിച്ച് കെവിന്റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് വരുത്തി തീര്‍ക്കാനാണ് ഷാനു ശ്രമിച്ചതെന്ന് ഈ ഫോണ്‍ സംഭാഷണവും അനീഷിന്റെ വെളിപ്പെടുത്തലുകളും ചേര്‍ത്തുവായിക്കുമ്പോള്‍ മനസിലാകും. എന്നാല്‍ രക്ഷപ്പെട്ട അനീഷ് തന്റെ പരാതിയില്‍ ഉറച്ചു നിന്നതാണ് ഇവരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചത്. കൂടാതെ മൃതദേഹം കണ്ടെത്തിയ പ്രദേശത്തിന് സമീപത്ത് വച്ച് കെവിനെ കാറില്‍ നിന്നും ഇറക്കി കിടത്തിയത് താന്‍ കണ്ടതായും അനീഷ് ഇന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. തലയ്ക്ക് അടിയേറ്റതിനാല്‍ ശര്‍ദ്ദിക്കാനായി നിര്‍ത്തിയപ്പോഴായിരുന്നു ഇതെന്നും അനീഷ് പറയുന്നു. അതോടെ അബോധാവസ്ഥയിലായ തന്നോട് കുറച്ച് സമയത്തിന് ശേഷം മടങ്ങിയെത്തിയ ഷാനു പറഞ്ഞത് കെവിന്‍ ഓടി രക്ഷപ്പെട്ടെന്നും പുഴ നീന്തി പോയെന്നുമാണ്. ഇത് വിശ്വസിക്കാനാകില്ലെന്നും അനീഷ് പറയുന്നു. താന്‍ അവസാനം കാണുമ്പോള്‍ തീര്‍ത്തും അവശനായിരുന്ന കെവിന് ഓടി രക്ഷപ്പെടാനാകില്ലെന്നും അനീഷ് വെളിപ്പെടുത്തുന്നു. ഇതിന് ശേഷമാണ് ഷാനു എഎസ്‌ഐയുമായി ഫോണില്‍ സംസാരിച്ചതെന്നും അനീഷ് പറയുന്നുണ്ട്. കൂടാതെ പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ നിന്ന് ഇതും വ്യക്തമാകുന്നുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണം നടക്കുന്നത് കെവിന്റെ മരണ ശേഷമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കെവിന്‍ ഓടി രക്ഷപ്പെട്ടെന്ന് അനീഷിനെ വിശ്വസിപ്പിച്ച് കൊലപാതക കുറ്റത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഷാനു ശ്രമിച്ചതെന്ന് കരുതുന്നത് അതിനാലാണ്.

മുങ്ങിമരണമാണ് സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അബോധാവസ്ഥയില്‍ വെള്ളത്തില്‍ തള്ളുന്നത് മൂലമുള്ള മരണവും സ്വാഭാവിക മുങ്ങിമരണവും തമ്മില്‍ വേര്‍തിരിക്കുക എളുപ്പമല്ലെന്നാണ് വിദഗ്ധര്‍ തന്നെ പറയുന്നത്. അഭിഭാഷകര്‍ നല്‍കിയ ഉപദേശ പ്രകാരം ഷാനു തന്നെയാണ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടത് എന്നാണ് സംശയിക്കപ്പെടുന്നത്. കൊല്ലുക എന്ന ലക്ഷ്യം തനിക്കില്ലായിരുന്നെന്നും രക്ഷപ്പെടാന്‍ ശ്രമിച്ച കെവിന്‍ പുഴയില്‍ മുങ്ങി മരിച്ചതാണെന്നും സ്ഥാപിക്കുകയായിരുന്നിരിക്കും ഇയാളുടെ ലക്ഷ്യം. തന്റെ ഭാവി നശിപ്പിക്കാന്‍ തനിക്ക് വയ്യെന്ന് എഎസ്‌ഐ ബിജുവിനോട് ഷാനു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. സാഹചര്യ തെളിവുകള്‍ കൊലക്കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കുമെന്ന നിയമോപദേശം ഇയാള്‍ക്ക് ഇതിനകം തന്നെ ലഭിച്ചിട്ടുമുണ്ടാകും. കൊലപാതകമെന്ന് കണ്ടെത്തിയാല്‍ തന്നെ കൂട്ടുപ്രതികളാണ് അത് ചെയ്തതെന്ന് വരുത്തി തീര്‍ക്കാനും ഈ ഫോണ്‍ സംഭാഷണത്തിലൂടെ സാധിക്കും. വളരെ ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകത്തില്‍ തനിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ സൃഷ്ടിക്കാന്‍ ഇയാള്‍ തുടക്കം മുതല്‍ മുന്‍കരുതലെടുത്തിരുന്നുവെന്ന് വേണം ഈ ഫോണ്‍ സംഭാഷണവും അത് പുറത്തുവിട്ടതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്നും മനസിലാക്കാന്‍.

അതേസമയം കെവിന്‍ ഓടി രക്ഷപ്പെട്ടതാണെന്ന് സ്ഥാപിക്കാനായാലും കൊലപാതക കേസില്‍ നിന്നും ഷാനുവിന് രക്ഷപ്പെടാനാകില്ലെന്നാണ് അഭിഭാഷകനായ റോണ്‍ ബാസ്റ്റിയന്‍ പറയുന്നത്. മരണ കാരണമാകുന്ന തരത്തിലുള്ള മര്‍ദ്ദനം കൊല്ലാനുള്ള ഉദ്ദേശം എല്ലാ ഇതിനകം വ്യക്തമാണ്. ഇന്നലെ പോലീസും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മരണത്തിനുള്ള സാഹചര്യങ്ങളെല്ലാം ഒരുക്കുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്തത് ഇയാളുടെ നേതൃത്വത്തിലാണെന്നതിനാല്‍ കൊലപാതക കേസ് തന്നെയാണ് ചാര്‍ജ്ജ് ചെയ്യപ്പെടുക. അത് ഐ ജി വിജയ സാഖറെ വ്യക്തമാക്കി കഴിഞ്ഞു. കൂടാതെ തിങ്കളാഴ്ച രാവിലെ പോലീസ് കണ്ടെത്തുമ്പോള്‍ കെവിന്റെ മൃതദേഹം അഴുകി തുടങ്ങിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. കെവിന്‍ രക്ഷപ്പെട്ടുവെന്ന് പറയപ്പെടുന്ന ഞായറാഴ്ച പുലര്‍ച്ചെ തന്നെ മരണവും സംഭവിച്ചിട്ടുണ്ടെന്നാണ് പോലീസ് ഇതില്‍ നിന്നും സംശയിക്കുന്നത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍