UPDATES

ട്രെന്‍ഡിങ്ങ്

എന്റെ ഭാവി തൊലയ്ക്കാന്‍ എനിക്ക് വയ്യെന്ന് നീനുവിന്റെ സഹോദരന്‍; വേണ്ടത് ചെയ്യാമെന്ന് എഎസ്‌ഐ

നീനുവിന്റെ സഹോദരന്‍ ഷാനുവും ഗാന്ധിനഗര്‍ എഎസ്‌ഐ ബിജുവും തമ്മിലുള്ള സംഭാഷണം പുറത്ത്

കെവിന്‍ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ഷാനുവും ഗാന്ധി നഗര്‍ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബിജുവും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. കെവിനെ തട്ടിക്കൊണ്ട് പോയ ഞായറാഴ്ച പുലര്‍ച്ചെ 5.35നാണ് ഷാനുവുമായി പോലീസ് സംസാരിച്ചിരിക്കുന്നത്. അതേസമയം കെവിന്‍ മരിച്ച ശേഷമാണ് ഈ സംഭാഷണമെന്നാണ് സംശയിക്കപ്പെടുന്നത്. ഐജി വിജയ് സാഖറെ ഡിജിപിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഷാനു എഎസ്‌ഐ ബിജുവുമായാണ് ഫോണില്‍ സംസാരിച്ചതെന്ന് വ്യക്തമാക്കുന്നത്. കെവിന്‍ തട്ടിക്കൊണ്ട് പോകപ്പെട്ടത് എഎസ്‌ഐയുടെ വ്യക്തമായ അറിവോടെയാണ് സംഭവം നടന്നിരിക്കുന്നതെന്ന് ഈ സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. സംഭാഷണം പുറത്തു വന്നതിന് പിന്നാലെ ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. തലേന്ന് രാത്രി പെട്രോളിംഗിനിടെ ബിജു ഷാനുവിനെയും സംഘത്തെയും തടഞ്ഞു നിര്‍ത്തിയെന്നും എന്നാല്‍ പണം വാങ്ങി വിട്ടയയ്ക്കുകയായിരുന്നെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഐജിയുടെ നടപടി.

തന്റെ ഭാവി തൊലയ്ക്കാന്‍ തനിക്ക് വയ്യെന്നും തങ്ങള്‍ക്ക് നീനുവിനെ വേണമെന്നുമാണ് ഷാനു സംഭാഷണത്തിനിടെ പറയുന്നത്. എന്നാല്‍ ഞങ്ങള്‍ ചെയ്തത് തെറ്റാണെന്നും ന്യായീകരിക്കാനില്ലെന്നും അനീഷിനെ തിരികെ എത്തിക്കാമെന്നും ഇയാള്‍ പറയുന്നു. കെവിന്‍ രക്ഷപ്പെട്ടുവെന്ന് പറയുമ്പോള്‍ എവിടെ വച്ചാണ് രക്ഷപ്പെട്ടതെന്നാണ് എഎസ്‌ഐ ചോദിക്കുന്നത്. എന്നാല്‍ അത് തനിക്കറിയില്ലെന്നും താന്‍ വേറെ വണ്ടിയിലാണ് വന്നതെന്നും അത് അനീഷിന് അറിയാമെന്നുമാണ് ഷാനു പറയുന്നത്.

കൂടാതെ അനീഷിന്റെ വീട്ടിലുണ്ടായ നഷ്ടങ്ങള്‍ക്ക് പണം കൊടുക്കാമെന്നാണ് ഷാനു പോലീസിനോട് പറയുന്നത്. തനിക്കൊരു കുടുംബമുണ്ടെന്നും കല്യാണം കഴിഞ്ഞിട്ട് ആറ് മാസമേ ആയിട്ടുള്ളൂവെന്നും ഷാനു പറയുമ്പോള്‍ ഉദ്യോഗസ്ഥന്‍ തന്നെക്കൊണ്ടാവുന്നത് ചെയ്തു തരാമെന്ന ഉറപ്പാണ് നല്‍കുന്നത്. അതേസമയം ഷാനുവും പിതാവ് ചാക്കോയും നിരപരാധികളാണെന്ന് സ്ഥാപിക്കാനായി അവര്‍ തന്നെ പുറത്തുവിട്ട ഫോണ്‍ സംഭാഷണമാണ് ഇതെന്നാണ് സംശയിക്കപ്പെടുന്നത്. അതിനാലാണ് കെവിന്‍ എവിടെ വച്ചാണ് രക്ഷപ്പെട്ടതെന്ന് ഷാനുവിന് അറിയില്ലെന്ന് ഈ സംഭാഷണത്തില്‍ അവകാശപ്പെടുന്നത്.

ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണ രൂപം:

ഷാനു: പറ സാറെ.. കേട്ടോ. മറ്റവന്‍(കെവിന്‍) നമ്മുടെ കയ്യില്‍ നിന്നും ചാടിപ്പോയി. അവന്‍ ഇപ്പോള്‍ അവിടെ വന്നു കാണും.

പോലീസ്: അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.

ഷാനു: (നീരസത്തോടെ) ഏ.. എവിടെയോ വച്ചുപോയി. അതെനിക്കറിയില്ല. ഞാന്‍ വേറെ വണ്ടിയിലാണു വന്നത്. അതിവന്(അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാന്‍ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ(നീനു) വേണം. പിന്നെ സാറിന്.. ഒരു റിക്വസ്റ്റാണ്. ഞങ്ങള്‍ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനാകില്ല. ഞങ്ങള്‍ പുള്ളിക്കാരനെ(അനീഷ്) സുരക്ഷിതമായി നിങ്ങടെ കയ്യില്‍ എത്തിച്ചു തരാം.

ഓകെ? പിന്നെ വീട്ടില്‍ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?

പോലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുമ്ട്. കതകും തല്ലിത്തകര്‍ത്തു.

ഷാനു: അതുചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോണ്‍ടാക്ട് നമ്പറും പുള്ളിക്കാരന് കൊടുക്കാം. പക്ഷെ കൊച്ചിനോടൊന്നു(നീനു) പറഞ്ഞു തിരിച്ചു തരിച്ചു തരാന്‍ പറ്റുവാണെങ്കില്‍.. തരിക. ഞാന്‍ കാലുപിടിക്കാം.

പോലീസ്: എന്നെക്കൊണ്ടാകുന്നത് ഞാന്‍ ചെയ്തു തരാം ഷാനു.

ഷാനു: എനിക്കൊരു കുടുംബമുണ്ട് കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.

പോലീസ്: എന്നെക്കൊണ്ടാവുന്നത് ഞാന്‍ ചെയ്യാം. എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത്.

ഷാനു: ഓകെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍