UPDATES

കൊച്ചി പഴയ കൊച്ചി തന്നെ; ഹോട്ടല്‍ തൊഴിലാളിക്കും ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയിക്കും ഹോട്ടലുടമയുടെ ക്രൂരമര്‍ദ്ദനം; കാഴ്ചക്കാരായി ജനം

കൊച്ചി ഇടപ്പള്ളി മരോട്ടിച്ചോടിന് സമീപം പ്രവര്‍ത്തിക്കുന്ന താല്‍ ഹോട്ടലുടമയ്ക്കെതിരെ പ്രതിഷേധം ശക്തം

ഇന്നലെയാണ് കൊച്ചി ഇടപ്പള്ളി മരോട്ടിച്ചോടിന് സമീപം പ്രവര്‍ത്തിക്കുന്ന താല്‍ ഹോട്ടലിന്റെ ഉടമയും ജീവനക്കാരും ചേര്‍ന്ന് ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയ് ആയ ജവഹര്‍ കാരാടിനെ അതിക്രൂരമായി തല്ലിച്ചതച്ചത്. ഹോട്ടലിന്റെ ഉടമയുടെ മകനും ജീവനക്കാരും ഗുണ്ടാ രീതിയിലാണ് ഇടപെടുന്നതെന്ന പരാതി വ്യാപകമാണ്. ജീവനക്കാര്‍ക്ക് ഇവിടെ മര്‍ദ്ദനം പതിവാണെന്നും ആരോപണമുണ്ട്. ഇന്നലെയും ജീവനക്കാരന് മര്‍ദ്ദനമേല്‍ക്കുമ്പോള്‍ ഇടപെട്ടതിന്റെ പേരിലാണ് ജവഹര്‍ കാരോടിനു മര്‍ദ്ദനമേറ്റത്. ഗുരുതര പരുക്കേറ്റ ജവഹര്‍ കാരോട് ഇക്കഴിഞ്ഞ പ്രളയദുരന്ത നിവാരണ പ്രവർത്തനങ്ങളായിൽ സജീവമായി ഇടപെട്ട വ്യക്തി കൂടിയാണ്.

വാർത്ത പുറത്തറിഞ്ഞതോടെ നവമാധ്യമങ്ങളില്‍ ഹോട്ടലിനും ഉടമക്കുമെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു. ചില മുഖ്യധാരാ മാധ്യമങ്ങൾ ഹോട്ടലിന്റെ പേര് മറച്ചു വെച്ച് വാർത്ത റിപ്പോട്ട് ചെയ്തതും പ്രതിഷേധത്തിന് വഴിയൊരുക്കി. ‘ജസ്റ്റിസ് ഫോർ ജവഹർ’എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് കൊണ്ടും, ജവഹറിന് നീതി ലഭിക്കണം എന്നാവശ്യം മുന്നോട്ടു വെച്ച് കൊണ്ടും ഒരു ഫെയ്സ്ബൂക് പേജ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

‘ഹോട്ടല്‍ ജീവനക്കാരനെ തലങ്ങും വിലങ്ങും ഉടമ ഹോട്ടലിന് മുന്നിലിട്ട് തല്ലി ചതക്കുമ്പോള്‍ അവിടെ ഒരു കൂട്ടം ജനങ്ങള്‍ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഈ സമയം അത്രയും ആളുകള്‍ ഈ ക്രൂരത കണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. അവരാരും ഹോട്ടല്‍ ഉടമയെ ഒന്നു പിന്തിരിപ്പിക്കാന്‍ പോലും മുതിര്‍ന്നില്ല. ഇത്രയും പ്രതികരണ ശേഷിയില്ലാത്ത ജനമായോ നാം? ഒരു മനുഷ്യനെ പട്ടാപകല്‍ പൊതു നിരത്തിലിട്ട് തല്ലിച്ചതക്കുന്നത് കണ്ടുനില്‍ക്കാന്‍ എനിക്ക് തോന്നിയില്ല. അതുകൊണ്ടാണ് അയാളെ തടഞ്ഞത്’, ഹോട്ടല്‍ അധികൃതരുടെ ക്രൂര പീഡനത്തിന് ഇരയായ ഊബര്‍ ഈറ്റ്സ് ഡെലിവറി ജീവനക്കാരനും മലപ്പുറം സ്വദേശി ജവഹര്‍ അഴിമുഖത്തോട് പറഞ്ഞു. ഇടപ്പള്ളി മരോച്ചുവട്ടില്‍ പ്രവര്‍ത്തിക്കുന്ന താല്‍ റസ്റ്ററന്റില്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെ ഊബര്‍ ഈറ്റ്സില്‍ ഓര്‍ഡര്‍ എടുക്കുന്നതിനായി റസ്റ്ററന്റില്‍ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത് ജവഹര്‍ പറയുന്നു.

‘ഇടപ്പള്ളിയിലെ ഹോട്ടലിന് മുന്നില്‍ ബൈക്ക് നിര്‍ത്തി നോക്കുമ്പോള്‍ 30 വയസു തോന്നിക്കുന്ന ജീവനക്കാരനെ റോഡിലിട്ട് തലങ്ങും വിലങ്ങും ഉടമ മര്‍ദിക്കുന്നതാണ് കണ്ടത്. കൂടി നിന്നവരോട് എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ മറുപടിയൊന്നും കിട്ടിയില്ല. ഹോട്ടലുടമ തൊഴിലാളിയെ മര്‍ദിക്കുകയായിരുന്നു. ഒടുവില്‍ ഉടമയെ പിടിച്ച് മാറ്റുകയായിരുന്നു താന്‍. തുടര്‍ന്ന് ഓര്‍ഡര്‍ എടുക്കുന്നതിനായി ഹോട്ടലിനകത്ത് കയറിയ തന്നെ ഉടമയും മറ്റ് ജീവനക്കാരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഈ സമയത്തും പുറത്ത് ഇതെല്ലാം കണ്ടുകൊണ്ട് ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. ആരും പ്രതികരിച്ചില്ല. ഭക്ഷണം കഴിക്കാന്‍ ഉപപയോഗിക്കുന്ന ഫോര്‍ക്കുപയോഗിച്ചും അവരെന്നെ മര്‍ദിച്ചു. ഉടമയും ജീവനക്കാരും ചേര്‍ന്ന് റസ്റ്ററന്റിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തന്നെ അരമണിക്കൂറോളം തടഞ്ഞുവച്ചാണ് മര്‍ദിച്ചത്. ” നാല്‍പത് ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച എന്റെ ഹോട്ടലില്‍ ഞാന്‍ എന്തും ചെയ്യും.. നീയാരാടാ ഇതൊക്കെ ചോദിക്കാന്‍ എന്നാക്രോശിക്കുകയായിരുന്നു ഹോട്ടല്‍ ഉടമ. മൊബൈല്‍ ഫോണ്‍ വലിച്ചെറിയുകയും ബൈക്കിന്റെ താക്കോല്‍ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുകയും ചെയ്തു,’ ജവഹര്‍ പറയുന്നു.

ക്രൂര മര്‍ദനമേറ്റ തന്നെ ആശുപത്രിയില്‍ എത്തിക്കാനോ സഹായിക്കാനോ ആരും തയാറായില്ല. ഒടുവില്‍ സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ട് വിളിച്ച് വരുത്തിയാണ് ആശുപത്രിയില്‍ പോയതെന്നും ജവഹര്‍ പറയുന്നു. മര്‍ദനത്തില്‍ ജവഹറിന് ദേഹമാസകലം ചതവും നീര്‍ക്കെട്ടുമുണ്ട്. രണ്ട് ചെവിക്കും തോളെല്ലിനും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ഉച്ചയൂണിന്റെ സമയത്ത് ഹോട്ടലിലെ ജീവനക്കാര്‍ തമ്മിലുണ്ടായ പ്രശ്നത്തിന്റെ ഭാഗമായാണ് ഹോട്ടല്‍ ഉടമ രണ്ട് ജീവനക്കാരെ മര്‍ദിച്ചത്. പ്രശ്‌നം ഉണ്ടാക്കിയ ജീവനക്കാരെ ഓരോരുത്തരെയായി ഹോട്ടലിനെ പുറത്തേക്ക് വിളിച്ച് ഉടമസ്ഥന്‍ മര്‍ദിക്കുകയായിരുന്നു. രണ്ടാമത്തെയും ജീവനക്കാരനെ മര്‍ദിക്കുന്നത് കണ്ടാണ് ജവഹര്‍ ഉടമസ്ഥനെ ചോദ്യം ചെയ്യുന്നത്.

ആറുമാസം മുമ്പ് ഗള്‍ഫിലുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മലപ്പുറം സ്വദേശിയായ ജവഹര്‍ കാരാട് നാട്ടിലെത്തി ഊബര്‍ ഈറ്റ്സില്‍ ഡെലിവറി ബോയ് ആയി കൊച്ചിയില്‍ ജോലിയില്‍ പ്രവേശിച്ചത്. പ്രളയത്തെ തുടര്‍ന്ന് ക്യാമ്പുകളിലും വീട് നഷ്ടപ്പെട്ടവരെയും സഹായിക്കുന്നതിന് കൊച്ചിയില്‍ ജവഹര്‍ ഉള്‍പ്പെടുന്ന സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മ തന്നെ ഉണ്ട്. സ്വന്തമായും പലരില്‍ നിന്നും ശേഖരിക്കുന്ന തുകയ്്ക് ഭക്ഷണം പാചകം ചെയ്ത് എത്തിച്ചിരുന്നു ഈ ചെറുപ്പക്കാരനും സുഹൃത്തുക്കളും. ഇപ്പോഴും പ്രളയം നാളം വിതച്ച വീടുകളിലേക്ക് വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിറര്‍ എന്ന സംഘടനയുടെ സഹായത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഈ ചെറുപ്പക്കാരന്‍ പങ്കാളിയാകുന്നുണ്ട്.

ജവഹർ നേരിട്ട ആക്രമണവുമായി ബന്ധപ്പെട്ട് ‘ താൽ ഹോട്ടൽ’ ഉടമയെ അഴിമുഖം റിപ്പോട്ടർ ബന്ധപ്പെട്ടപ്പോൾ മാനേജർ ഇല്ലെന്നു പറഞ്ഞ് കോൾ ഡിസ്കണക്ട് ചെയ്യുകയായിരുന്നു. ഹോട്ടൽ ഉടമകളുടെ വിശദീകരണം ലഭ്യമാകുന്ന മുറയ്ക്ക് റിപ്പോട്ട് ചെയ്യുന്നതായിരിക്കും.

കൊച്ചിയില്‍ യുവാവ് നാലാം നിലയില്‍ നിന്നും റോഡില്‍ വീണു; തിരിഞ്ഞുനോക്കാതെ ജനം; തുണയായത് അഭിഭാഷക; എഫ്ബി ലൈവുമായി ജയസൂര്യ (വീഡിയോ)

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍