UPDATES

ട്രെന്‍ഡിങ്ങ്

ചരിത്രത്തെ കത്തിക്കാനുള്ള ആര്‍എസ്എസ് ശ്രമം വീണ്ടും പരാജയം: തലൂക്കര കലാവേദി ഇന്നുമുതല്‍

സോഷ്യല്‍ മീഡിയ കണ്ട ഏറ്റവും ജനകീയമായ കാമ്പെയ്‌നിംഗുകളില്‍ ഒന്നാണ് തലൂക്കര കലാവേദിയ്ക്ക് വേണ്ടി നടന്നത്

ആര്‍എസ്എസ് കത്തിച്ച് ചാമ്പലാക്കിയ മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത്‌ തലൂക്കര എകെജി സ്മാരക കലാവേദിയുടെ പുനര്‍ ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മുന്‍വാതില്‍ തകര്‍ത്ത് ആര്‍എസ്എസ് നടത്തിയ ആക്രമണത്തില്‍ ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും കത്തിപ്പോകുകയും 90 ശതമാനം പുസ്തകങ്ങള്‍ കത്തിനശിക്കുകയും ബാക്കിയുള്ളവ ഉപയോഗ ശൂന്യമാകുകയും ചെയ്തിരുന്നു. കെട്ടിടത്തിന്റെ ചുമര്‍ ഒഴികെ എല്ലാം നശിക്കുകയായിരുന്നു.

ഒരു വായനശാല എന്നതിലുപരി നാട്ടുകാര്‍ക്ക് ഒരു കലാവേദിയായിരുന്ന ഇതിനെ ചുറ്റി രൂപപ്പെട്ട ചരിത്രത്തെ സംഘപരിവാര്‍ ഭയപ്പെടുന്നുവെന്നാണ് ഈ ആക്രമണം തെളിയിക്കുന്നതെന്നാണ് ഇടതുകേന്ദ്രങ്ങള്‍ പറയുന്നത്. ‘തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലാത്ത സമ്പന്ന ചരിത്രത്തെ ഇല്ലായ്മ ചെയ്യല്‍ അവരുടെ പ്രധാന അജണ്ടയാണല്ലോ. അതിനാല്‍ തന്നെ അതൊരു പുസ്തകം കത്തിക്കല്‍ ഏര്‍പ്പാടായല്ല ഫേസ്ബുക്കില്‍ ഇടതുപക്ഷം പരിഗണിച്ചത്. ചരിത്രത്തെ കത്തിക്കാനുള്ള ശ്രമമായാണ്’ എന്ന് റഫീഖ് ഇബ്രാഹിമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. അമാനവ അനാര്‍ക്കി ഗ്രൂപ്പുകളും കലാവേദി പുനഃസ്ഥാപിക്കുന്നതിനെതിരെ പ്രചരണം നടത്തി സംഘപരിവാറിന് പിന്തുണ നല്‍കിയതായും ഈ പോസ്റ്റില്‍ ആരോപിക്കുന്നു. എന്നിട്ടും നാടിന്റെ നാനാഭാഗത്തു നിന്നുമൊഴുകിയെത്തിയ മുദ്രാവാക്യങ്ങളും പുസ്തകങ്ങളുമാണ് ഈ മണ്ണ് സംഘപരിവാറിന് പാകപ്പെട്ടതല്ലെന്ന് വിളിച്ചു പറഞ്ഞത്.

2016 ഓഗസ്റ്റ് 17നാണ് തലൂക്കര കലാവേദിയുടെ പുനര്‍നിര്‍മ്മാണം മുദ്രാവാക്യം വിളികളുമായി പിണറായി ഉദ്ഘാടനം ചെയ്തത്. ‘കേരളമാണിത് കേരളമാണ്.. ഇടതുപക്ഷ കേരളമാണ്..’ എന്നായിരുന്നു ആ മുദ്രാവാക്യം. ഇന്ന് അദ്ദേഹം തന്നെ കലാവേദി നാടിന് സമര്‍പ്പിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയ കണ്ട ഏറ്റവും ജനകീയമായ കാമ്പെയ്‌നിംഗുകളില്‍ ഒന്നാണ് തലൂക്കര കലാവേദിയ്ക്ക് വേണ്ടി നടന്നത്. ഓഗസ്റ്റ് 15ന് ആലപ്പുഴയില്‍ വച്ച് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്ത പുസ്തക കളക്ഷന്‍ വണ്ടി തെക്കന്‍ കേരളവും മലബാറും കറങ്ങി തലൂക്കരയില്‍ തിരികെയെത്തിയപ്പോള്‍ എട്ട് കാറുകള്‍ നിറയെ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. ഈ പുസ്തകങ്ങളുമായാണ് ഇന്ന് വീണ്ടും ഈ കലാവേദി പ്രവര്‍ത്തനം ആരംഭിക്കുന്നത്.

റഫീഖ് ഇബ്രാഹിമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“ആർ എസ് എസുകാർ തീവെച്ചു നശിപ്പിച്ച തലൂക്കര എ.കെ.ജി.ഗ്രന്ഥാലയത്തിന്റെ പുനർനിർമ്മിച്ച കെട്ടിടം നാളെ പൊതുജനങ്ങൾക്കായി കേരള മുഖ്യമന്ത്രി തുറന്നു കൊടുക്കുന്നു”

ആവേശോജ്വലമായ ഒരു രാഷ്ട്രീയ വിജയം കൂടിയാണത്.മലയാള ഇടതുപക്ഷ ഫേസ് ബുക്ക് പ്രൊഫൈലുകൾ ഒട്ടു മിക്കതും ഏറിയും കുറഞ്ഞും പ്രവർത്തിച്ച ഒരു രാഷ്ട്രീയ സമരത്തിന്റെ വിജയം.ചുട്ടു ചാരമാക്കിയിട്ടും കടയോടറുത്തിട്ടും ഇരട്ടിയായി തിരിച്ചു വന്ന മാനവികതയുടെ വിജയഗാഥയാണു തലൂക്കര.

തലൂക്കരയിലെ എ കെ ജി ഗ്രന്ഥാലയം സംഘപരിവാർ തീവെച്ച് നശിപ്പിച്ചതറിഞ്ഞ്, അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം സ്വയമേറ്റെടുത്ത സമാനമനസ്കരായ ചില ഫേസ് ബുക് ഐ ഡി കൾ കഴിഞ്ഞ വർഷം മെയ് അവസാനം ഓൺലൈനിൽ ഒന്നു ചേരുകയായിരിന്നു.അവരിൽ പലരും ഇന്നും നേരിട്ടു കണ്ടുമുട്ടിയിട്ടില്ല.ഫേസ് ബുക്കിലും പുറത്തും ചിട്ടയായ പ്രവർത്തനം കാഴ്ച്ച വെച്ചതോടെ ബുക് കളക്ഷന് അഭൂതപൂർവ്വമായ പിന്തുണ കിട്ടുകയും ആയിരക്കണക്കിനാളുകൾ സ്വമേധയാ പുസ്തകങ്ങൾ സംഭാവന ചെയ്യുകയുമുണ്ടായി. ഒരു പക്ഷേ സോഷ്യൽ മീഡിയ കണ്ട ഏറ്റവും ജനകീയമായ കാമ്പയിനുകളിലൊന്നായി അതു മാറുകയും ചെയ്തു. ആഗസ്ത് 15 ന് ആലപ്പുഴയിൽ വെച്ച് സ: തോമസ് ഐസക് ഫ്ലാഗ് ഓഫ് ചെയ്ത പുസ്തക കളക്ഷൻ വണ്ടി തെക്കൻ കേരളവും മലബാറും ചുറ്റി തലൂക്കരയിലെത്തിയപ്പോഴേക്ക് – ഒരു വണ്ടിയുടെ ഡിക്കിയിൽ പുസ്തകം പ്രതീക്ഷിച്ചു പോയ ഞങ്ങൾ പോലും അത്ഭുതപ്പെടുന്ന മട്ടിൽ – എട്ട് കാറ് നിറയെ പുസ്തകങ്ങളുണ്ടായിരുന്നു. ആ പുസ്തകങ്ങളുമായാണ് ഗ്രന്ഥശാല നാളെ പ്രവർത്തിച്ചു തുടങ്ങുന്നത്

………………………………………………………………..

തലൂക്കര ഒരു പരിഛേദമാണ്. രണ്ടർത്ഥത്തിലും.നവോത്ഥാന കേരളം ഉയർത്തിക്കൊണ്ടുവന്ന ജനാധിപത്യ മതേതര മൂല്യങ്ങളും അതിന്റെ രാഷ്ട്രീയ സാംസ്കാരിക സാധ്യതകളുടെ ആവിഷ്കാരങ്ങളും ചേർന്ന ഒരു ടിപ്പിക്കൽ മധ്യവർത്തി കേരള ഗ്രാമം.തവനുർ, തിരൂർ നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി . കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തോടൊപ്പം വളർന്നും സ്വയം ഇടപെട്ടും നിരന്തരം പുതുക്കുന്ന ഇടതു പൊതുബോധം തന്നെയാണ് തലൂക്കരയുടെ രാഷ്ട്രീയ ചായ്വ്. എഴുപതുകൾ മുതലുള്ള സമരതീക്ഷ്ണതയുടെ ചരിത്രം പറയാൻ തലൂക്കരയിലെ ഇന്നത്തെ തലമുറക്ക് കഴിയും.ബൃഹത്തായ ഒരു ചരിത്ര മുന്നേറ്റത്തിന്റെ സാക്ഷിയും ഇടപെടൽ കേന്ദ്രവുമാണ് തലൂക്കര ലൈബ്രറി. ഇതൊരു ലൈബ്രറി ആവുന്നത് 2003 ലാണ്. 1974 ലെ ചെറിയ പെരുന്നാൾ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ഒരു സംഗീത പരിപാടിയിൽ നിന്നാരംഭിച്ച കലാവേദിയാണ് ഇന്നത്തെ നിലയിലേക്കെത്തിയത്. ഈ പരിപാടി ജനങ്ങൾക്കിടയിൽ ഒരു സാംസ്കാരിക കൂട്ടായ്മയുടെ ആവശ്യകത ബോധ്യപ്പെടുത്തുകയും നാട്ടുകാരായ ചില ചെറുപ്പക്കാർ മുൻകൈയെടുത്ത് കലാവേദി സ്ഥാപിക്കുകയുമുണ്ടായി.എ.കെ.ജി യുടെ മരണത്തെത്തുടർന്ന് ഇതിന് എ.കെ.ജി കലാവേദി എന്ന് പേരിടുകയായിരുന്നു. കെ.ടി.മുഹമ്മദിന്റെ പല നാടകങ്ങളുടെയും അരങ്ങിലും അണിയറയിലും ഈ കലാവേദിയുമായി ബന്ധപ്പെട്ടവരുണ്ടായിരുന്നു. നാട്ടുകാരായ മുസ്ലീം സ്ത്രീകൾ അക്കാലത്ത് പല നാടകങ്ങളിലും വേഷം കെട്ടുകയുണ്ടായിട്ടുണ്ട്.നിലമ്പൂർ ആയിഷ അടക്കമുള്ളവരുടെ വളർച്ചയിൽ വലിയ പങ്ക് കലാവേദിക്കുണ്ട്.അടിയന്തരവസ്ഥയും പൂഴിക്കുന്ന് പ്ളെവുഡ് കമ്പനിയിലെ തൊഴിൽ സമരവുമായൊക്കെ ബന്ധപ്പെട്ട ദീപ്തസ്മരണകളും ഇനിയും ബാക്കി നിൽക്കുന്ന ചുമരുകൾക്കുണ്ട്.

നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത പണം കൊണ്ടുണ്ടാക്കിയ കെട്ടിടമായതോടെയാണ് കലാവേദി ലൈബ്രറിയായി ഉയർത്തിയത്. അപ്പോഴും കലാവേദിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നില്ല. വായനശാലയിൽ വൈകുന്നേരങ്ങളിൽ നാട്ടിലെ ഗായകരും സംഗീതജ്ഞരും ചേർന്ന് മെഹ്ഫിൽ സന്ധ്യകൾ നിരന്തരം സംഘടിപ്പിച്ചു വന്നിരുന്നു.വേദനാജനകമായ മറ്റൊരു കാര്യം അവിടെ ഉണ്ടായിരുന്ന സംഗീതോപകരണങ്ങൾ തബല, ഹാർമ്മോണിയം, എല്ലാം RSS ആക്രമണത്തിൽ കത്തി നശിക്കുകയുണ്ടായി എന്നതാണ്.മുൻവാതിൽ തകർത്ത് അകത്ത് കയറിയ ആക്രമിസംഘം പെട്രോൾ ഒഴിച്ച് തീവെക്കുകയാണുണ്ടായത്. ഫർണിച്ചർ പൂർണമായി കത്തിപ്പോയി,90% പുസ്തകങ്ങളും. ബാക്കി വന്നവ ഉപയോഗയോഗ്യമല്ലാതായി.കെട്ടിടം ചുമരൊഴികെ ബാക്കി മുഴവൻ നശിച്ചു.

ഒരു വായനശാല എന്നതിലുപരി ഇതൊരു കലാവേദിയാണാവുന്നത്. കലാവേദിയിലേക്ക് പോകാമെന്നാണ് അന്നാട്ടുകാർ പറയുന്നത് തന്നെ.ഈ കലാവേദിയെ ചുറ്റി രൂപപ്പെട്ട ചരിത്രത്തെയായിരിക്കണം സംഘ് ഭയപ്പെടുന്നത്. തങ്ങൾക്ക് യാതൊരു പങ്കുമില്ലാത്ത സമ്പന്ന ചരിത്രത്തെ ഇല്ലായ്മ ചെയ്യൽ അവരുടെ പ്രധാന അജണ്ടയാണല്ലോ. അതിനാൽ തന്നെ അതൊരു പുസ്തകം കത്തിക്കൽ ഏർപ്പാടായല്ല ഫേസ് ബുക്കിൽ ഇടതുപക്ഷം പരിഗണിച്ചത്, ചരിത്രത്തെ കത്തിക്കാനുള്ള ശ്രമമായാണ്. ഗ്രാമങ്ങൾ തോറും അവർ ശ്രദ്ധ ചെലുത്തുന്ന ചരിത്ര നിർമ്മാർജ്ജനത്തിന്റെ പ്രത്യക്ഷ ഉദാഹരണത്തിന്റെയും അതിനോടുള്ള ജനകീയ പ്രതിരോധത്തിന്റെയും കൂട്ടിയിടിക്കലാണ് തലൂക്കരയിൽ കേട്ടത്.ദോഷം പറയരുതല്ലോ ചുവന്ന ചായമടിച്ച, ഇ.എം.എസിന്റെ സമ്പൂർണ കൃതികളും പരിഷതിന്റെ ബാലസാഹിത്യവും വായിക്കാനുള്ള ഒരുപയോഗവുമില്ലാത്ത കെട്ടിടങ്ങൾ വീണ്ടും നിർമ്മിക്കാൻ ഇവൻമാർക്ക് തലക്ക് ഓളമാണോയെന്ന സ്വാഭാവിക കുത്തിത്തിരുപ്പുമായി അമാനവ അനാക്രി ഗ്രൂപ്പും സംഘിന് കഴിയുന്ന വിധത്തിൽ പിന്തുണ നൽകി. അതിൽ നിന്ന് ഭിന്നമായി നാടിന്റെ നാനാഭാഗത്തു നിന്നൊഴുകിയെത്തിയ മുദ്രാവാക്യങ്ങളും പുസ്തകങ്ങളുമാണ് ഈ മണ്ണ് സംഘപരിവാറിന് പാകപ്പെട്ടതല്ലെന്ന് വിളിച്ചു പറഞ്ഞത്.

ആവേശകരമായിരുന്നു, രാഷ്ട്രീയ ശരി ഉയർത്തിപ്പിടിച്ചിരുന്നു, പ്രതിരോധത്തിന്റെ കരുത്തുണ്ടായിരുന്നു, സൗഹൃദത്തിന്റെ സ്നിഗ്ധതയുണ്ടായിരുന്നു, പങ്കെടുത്തവർ മുഴുവൻ തങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ ഗൗരവം ഉൾക്കൊണ്ടിരുന്നു, ഒരിക്കലും മറക്കാനാവാത്ത നിരവധി നിമിഷങ്ങളുണ്ടായിരുന്നു, തിരികെ യാത്രയിൽ എല്ലാവരുടെയും മിഴികൾ നിറഞ്ഞിരുന്നു.

തലൂക്കരയിൽ 2016 ആഗസ്റ്റ് 17 ന് നൂറ് കണക്കിന് കണ്ഠങ്ങൾ ഏറ്റു വിളിച്ച മുദ്രാവാക്യം നാളെ നാടമുറിച്ച് കൊണ്ട് സഖാവ് പിണറായി വിജയൻ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ്.

കേരളമാണിത് കേരളമാണ്…. ഇടതുപക്ഷ കേരളമാണ്”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍