UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി പിന്നില്‍ നിന്നു കുത്തി; ലക്ഷ്യം മോദിയെ താഴെയിറക്കുക എന്നതു മാത്രം – ഹാര്‍ദിക് പട്ടേല്‍

ഗുജറാത്തില്‍ കരുത്താനായി നില്‍ക്കുന്നിടത്തോളം കാലം മോദിയെ ദേശീയതലത്തിലും തോല്‍പ്പിക്കാനാകില്ല

വരുന്ന ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിക്ഷിക്കുകയും ചെയ്യുക എന്ന ഏകലക്ഷ്യം മുന്നില്‍ കണ്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പട്ടിദാര്‍ (പട്ടേല്‍) സമുദായത്തിന്റെ യുവനേതാവ് ഹര്‍ദിക് പട്ടേല്‍. 2015ല്‍ ഗുജറാത്തിനെ സംഘര്‍ഷഭരിതമാക്കിയ പ്രതിഷേധങ്ങള്‍ക്ക് ശേഷം തന്റെ സമുദായത്തിന് ബിജെപിയുമായുള്ള എല്ലാ ബന്ധങ്ങളും ഇല്ലാതാക്കാനാണ് ഹര്‍ദിക് പട്ടേല്‍ ശ്രമിക്കുന്നത്. പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ നേതൃത്വത്തില്‍ 2015 ഓഗസ്റ്റില്‍ സമുദായം ഒന്നടങ്കം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തങ്ങളെ മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധക്കാരെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ 12 പട്ടേല്‍ സമുദായക്കാര്‍ അന്ന് കൊല്ലപ്പെടുകയും ചെയ്തു. അതിന് ശേഷം ഏറെക്കാലം ജയിലിലായിരുന്ന ഹര്‍ദിക് പട്ടേല്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ് ഗുജറാത്തില്‍ തിരികെയെത്തിയത്. മടങ്ങിയെത്തിയ ഹര്‍ദിക് പട്ടേല്‍ അന്ന് മുതല്‍ ബിജെപിക്ക് എതിരെ വോട്ട് ചെയ്യുന്നതിന്റെ ആവശ്യം തന്റെ സമുദായക്കാരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.

സംസ്ഥാന അസംബ്ലിയിലെ 182 സീറ്റുകളില്‍ 50 എണ്ണത്തിലെങ്കിലും പട്ടിദാര്‍ സമുദായക്കാര്‍ക്ക് വിജയിക്കാന്‍ സാധിക്കുമെന്ന് ഹര്‍ദിക് സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു. ഇപ്പോള്‍ ഇതില്‍ ഭൂരിഭാഗം സീറ്റുകളും ബിജെപിയുടേതാണ്. പട്ടിദാര്‍ സീറ്റുകളിലെല്ലാം ബിജെപി പരാജയപ്പെടുമെന്ന് ഉറപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഹര്‍ദിക് പട്ടേല്‍ പറയുന്നു. ഇതുകൂടാതെ വേറെ മുപ്പത് സീറ്റുകളിലും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനുള്ള ആള്‍ബലം പട്ടിദാര്‍ സമുദായത്തിനുണ്ട്. ഈ സീറ്റുകളിലും ഭൂരിപക്ഷവും ഇപ്പോള്‍ ബിജെപിയുടെ കൈവശമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഈ സീറ്റുകളെല്ലാം നഷ്ടപ്പെടുമെന്നും പട്ടേല്‍ പറയുന്നു.

പട്ടിദാര്‍ സമുദായത്തിനിടയില്‍ ബിജെപിയ്ക്ക് എതിരായ വികാരം എത്രമാത്രം ശക്തമാണെന്ന് സത്യത്തില്‍ അവര്‍ക്കറിയില്ല. പട്ടിദാര്‍ സമുദായത്തിന്റെ പിന്തുണ നേടാന്‍ ബിജെപി നിയമവിരുദ്ധമായ വഴികളാണ് നോക്കുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് ഈ പാര്‍ട്ടിയിലുണ്ടായിരുന്ന അന്ധമായ വിശ്വാസം ഇല്ലാതായെന്ന് ഇവര്‍ തിരിച്ചറിഞ്ഞിട്ടില്ല. ബിജെപി ഞങ്ങളെ പിന്നില്‍ നിന്നും കുത്തുകയായിരുന്നു. ഇന്ന് ഈ പാര്‍ട്ടിയോട് ഞങ്ങള്‍ക്ക് വെറുപ്പാണ്. ബിജെപിയെ ഗുജറാത്തില്‍ നിന്നും തൂത്തെറിയാന്‍ പാകത്തിനാണ് ആ വെറുപ്പ്. പട്ടിദാര്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള 5000-ത്തോളം ഗ്രാമങ്ങളില്‍ ബിജെപി നേതാക്കള്‍ക്ക് ഒരു പൊതുസമ്മേളനം പോലും വിളിച്ചുചേര്‍ക്കാന്‍ ആകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഹര്‍ദിക് പറയുന്നു.

ഇന്ന് പട്ടിദാര്‍ സമുദായം ബിജെപിയെ കാണുന്നത് ഹിന്ദുത്വയുടെ പ്രതിനിധിയായല്ല, തങ്ങളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ജയിച്ച ശേഷം പകരമായി വെടിയുണ്ടകള്‍ നല്‍കിയവരായാണ്. എല്ലാത്തിലുമുപരി 2002ലെ ഹിന്ദു-മുസ്ലിം കലാപത്തില്‍ ജയിലിലായവരില്‍ ഭൂരിഭാഗവും പട്ടിദാര്‍ സമുദായത്തിലുള്ളവരായത് എങ്ങനെയാണെന്നും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കലാപ കേസുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 147 പട്ടിദാര്‍ സമുദായക്കാര്‍ക്ക് വേണ്ടി ഹിന്ദുത്വ എന്താണ് ചെയ്തത്. ഈ സമുദായത്തിലെ ചെറുപ്പക്കാര്‍ ഭൂരിഭാഗവും തൊഴില്‍രഹിതരാണ്; കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്നത് എന്തുകൊണ്ടാണ്? ഹിന്ദുത്വയുടെ പേര് പറഞ്ഞ് ഇനി അധികകാലം പട്ടിദാര്‍മാരെ പറ്റിക്കാനാകില്ല. തെരഞ്ഞെടുപ്പ് ഹിന്ദുവും മുസ്ലിമും തമ്മിലുള്ള പോരാട്ടമല്ല, പകരം നല്ല ഭരണത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണെന്ന് അവര്‍ തിരിച്ചറിഞ്ഞുവെന്ന് പട്ടേല്‍ പറയുന്നു.

അസംബ്ലി തെരഞ്ഞെടുപ്പില്‍ 150ലേറെ സീറ്റുകളില്‍ ബിജെപി ജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മൂഢസ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും ഹര്‍ദിക് പട്ടേല്‍ പറയുന്നു. പ്രതീക്ഷകള്‍ നല്‍കി ഗുജറാത്തിലെ വോട്ടര്‍മാരെ ഇനിയും സ്വാധീനിക്കാനാകില്ലെന്ന് അദ്ദേഹം മനസിലാക്കുന്നില്ല. അത്രയ്ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ ഉത്തര്‍ പ്രദേശിലെ വന്‍ വിജയത്തിന് ശേഷവും ഗുജറാത്തില്‍ നേരത്തെ തെരഞ്ഞെടുപ്പ് നടത്താന്‍ എന്തുകൊണ്ട് അമിത് ഷാ തയ്യാറാകുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതോടെ ഗുജറാത്തില്‍ ബിജെപിയുടെ ശക്തി ക്ഷയിച്ചത് വെളിപ്പെടുമെന്നതാണ് സത്യം. പരാജയപ്പെടുമെന്ന് ഉറപ്പുള്ളതിനാലാണ് അമിത് ഷാ നേരത്തെ തെരഞ്ഞെടുപ്പ് വിളിക്കാത്തത്. ഈ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരിക്കും.

അതേസമയം ബിജെപിയെ തോല്‍പ്പിക്കും എന്നതിന്റെ അര്‍ത്ഥം താന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നല്ല എന്നും ഹര്‍ദിക് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. മോദിയെ പുറത്താക്കുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യം. പട്ടിദാര്‍ സമുദായത്തെ ഉപദ്രവിച്ച മോദിയെ അവര്‍ ശിക്ഷിക്കുക തന്നെ ചെയ്യും. അത് ചിലപ്പോള്‍ കോണ്‍ഗ്രസിനെ വിജയിക്കാന്‍ സഹായിച്ചേക്കും. മോദിയുടെ നാശത്തിന്റെ തുടക്കമായിരിക്കും അത്. രാജ്യത്ത് മോദിയുടെ കരുത്തിന്റെ കേന്ദ്രമാണ് ഗുജറാത്ത്. ഗുജറാത്തില്‍ കരുത്താനായി നില്‍ക്കുന്നിടത്തോളം കാലം മോദിയെ ദേശീയതലത്തിലും തോല്‍പ്പിക്കാനാകില്ല. അമ്പ് നാഭി തകര്‍ത്തില്ലെങ്കില്‍ രാവണന്‍ കൊല്ലപ്പെടുമായിരുന്നില്ല. മോദിയുടെ നാഭി തകര്‍ക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

തനിക്ക് 24 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്നും അതിനാല്‍ തന്നെ ഇത്തവണ മത്സരിക്കാന്‍ സാധിക്കില്ലെന്നും ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍, ബിസിനസുകാര്‍ തുടങ്ങി ഗുജറാത്തിലെ വിവിധ വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിലാണ് താന്‍ ശ്രദ്ധ ചെലുത്തുന്നത്.

തങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നം പട്ടിദാര്‍മാരെ മാത്രം ബാധിക്കുന്നതല്ല. തങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ പട്ടിദാര്‍മാരുടെ സംവരണം മാത്രമായിരുന്നു പ്രശ്‌നം. എന്നാല്‍ അതിന് ശേഷം സംസ്ഥാനത്തെമ്പാടും താന്‍ നടത്തിയ യാത്രയില്‍ വിവിധ ജനവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ കേട്ടു. ഇപ്പോള്‍ തങ്ങള്‍ നാല് ആവശ്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നതെന്നും ഹര്‍ദിക് വ്യക്തമാക്കുന്നു. യുവാക്കള്‍ക്ക് തൊഴില്‍, കര്‍ഷകര്‍ക്ക് നീതി, സ്ത്രീകള്‍ക്ക് സുരക്ഷ, പട്ടാദാര്‍മാര്‍ക്ക് പിന്നോക്ക സമുദായ പദവി എന്നിവയാണ് അവ. ഇതില്‍ അവസാനത്തേത് ഒഴിച്ച് മറ്റെല്ലാം എല്ലാ സമുദായങ്ങളെയും മതത്തിനെയും ബാധിക്കുന്നവയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിമിനെ എതിര്‍ക്കുന്ന ഹിന്ദുവെന്ന ബിജെപിയുടെ പ്രചരണങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ ഈ വിഷയങ്ങള്‍ക്ക് സാധിക്കുമെന്നും ഹര്‍ദിക് പട്ടേല്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍