UPDATES

സിനിമാ വാര്‍ത്തകള്‍

ടി എ റസാഖിനുള്ള ധനസഹായം: സംഘാടകര്‍ മുങ്ങിയതല്ലെന്ന് രഞ്ജിത്ത്

ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ റെഡ്‌മൈക്കും ഒരു സ്വകാര്യ മലയാള ചാനലും തമ്മിലുള്ള തര്‍ക്കമാണ് പണം നല്‍കുന്നത് ഒരു വര്‍ഷത്തോളം വൈകാന്‍ കാരണം

ടി എ റസാഖിന്റെ മരണം മറച്ചുവച്ച് കലാപരിപാടി നടത്തിയെന്ന പ്രചരണം തെറ്റാണെന്നും ശരിക്ക് സംഭവിച്ചത് മറ്റൊന്നാണെന്നും സംവിധായകന്‍ രഞ്ജിത്ത്. ഇന്നലെ റസാഖിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറുന്ന വേളയിലാണ് രഞ്ജിത്ത് ഇക്കാര്യം അറിയിച്ചത്.

അസുഖ ബാധിതനായ റസാഖിന് കരള്‍ മാറ്റിവയ്ക്കാന്‍ 25 ലക്ഷം രൂപയും തുടര്‍ ചികിത്സയ്ക്ക് പത്ത് ലക്ഷം രൂപയും വേണമെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. ഈ പണം സ്വരൂപിക്കുന്നതിനായി മോഹന്‍ലാലിനെ ആദിരിക്കുന്ന മോഹനം എന്ന പരിപാടി കോഴിക്കോട് നടത്താന്‍ തീരുമാനിച്ചു. റെഡ് മൈക്ക് എന്ന ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിച്ചത്. റെഡ്‌മൈക്ക് മലയാളത്തിലെ ഒരു സ്വകാര്യ ചാനലുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. റസാഖിന്റെ ചികിത്സയ്ക്കായി 35 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു കരാര്‍.

എന്നാല്‍ പരിപാടി നിശ്ചയിച്ച ദിവസം രാവിലെ റസാഖ് മരിച്ചു. ഇക്കാര്യം മകന്‍ സുനില്‍ തന്നെ വിളിച്ചറിയിച്ചതായും രഞ്ജിത്ത് വ്യക്തമാക്കി. താന്‍ സിബി മലയില്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സംഘാടകരോട് ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. പരിപാടി മാറ്റിവയ്ക്കണമോയെന്നാണ് ചര്‍ച്ച നടന്നത്. എന്നാല്‍ പരിപാടി മാറ്റിവച്ചാല്‍ കരാര്‍ ലംഘനമുണ്ടാകുമെന്ന അഭിപ്രായം ഉയര്‍ന്നതോടെ റസാഖിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ പരിപാടി നടത്തുകയായിരുന്നു. അതേസമയം മരണം മറച്ചുവച്ച് പരിപാടി നടത്തിയെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് പത്രങ്ങളിലൂടെ വന്നത്.

റസാഖിന്റെ ഭാര്യയ്ക്ക് വീടില്ലാത്തതിനാല്‍ ചികിത്സയ്ക്കായി സ്വരൂപിച്ച തുക അതിനായി ഉപയോഗിക്കാനും തീരുമാനിച്ചു. നഗരത്തില്‍ ഒരു ഫ്‌ളാറ്റും കണ്ടെത്തിയിരുന്നു. എട്ട് ലക്ഷം രൂപയും നല്‍കി. എന്നാല്‍ റെഡ്‌മൈക്കും സ്വകാര്യ ചാനലും തമ്മിലുള്ള തര്‍ക്കം മൂലം റെഡ്‌മൈക്കില്‍ നിന്നും പണം ലഭിക്കുന്നത് വൈകിയെന്നും രഞ്ജിത്ത് വ്യക്തമാക്കി. പല തവണ അവധി പറഞ്ഞ് ഒടുവില്‍ ഇപ്പോഴാണ് 17 ലക്ഷം രൂപ കിട്ടിയത്. ബാക്കി തുക രണ്ട് മാസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുക നല്‍കാന്‍ ഒരു വര്‍ഷത്തോളം വൈകാന്‍ കാരണം ഇതാണെന്നും രഞ്ജിത്ത് പറയുന്നു. അല്ലാതെ സംഘാടകര്‍ മുങ്ങിയതല്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍