UPDATES

ട്രെന്‍ഡിങ്ങ്

തമിഴ്നാട്, കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന രൂപ ഐപിഎസിനെ പരിചയപ്പെടൂ

ജയിലില്‍ പ്രത്യേക സൌകര്യങ്ങള്‍ ലഭിക്കാന്‍ ശശികല രണ്ടുകോടി രൂപ കൈക്കൂലി നല്‍കി എന്ന വെളിപ്പെടുത്തല്‍ നടത്തിയത് രൂപയാണ്

തന്റേടമുള്ള ഒരു സ്ത്രീ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടുമൊരു രാഷ്ട്രീയ കൊടുങ്കാറ്റിന് തുടക്കമിട്ടിരിക്കുകയാണ്. ധാര്‍മികതയാണ് ആ പോരാട്ടത്തിന് അവര്‍ക്കുള്ള കൈമുതല്‍.

അഴിമതി കേസില്‍ ബംഗളുരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ അധ്യക്ഷ വി.കെ ശശികല ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിന് രണ്ടു കോടി രൂപ കോഴ നല്‍കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് കര്‍ണാടകത്തിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയായ ഡി. രൂപയാണ്. ജയില്‍ ഡി.ഐ.ജിയാണ് അവര്‍ ഇപ്പോള്‍.

ചെറിയ കാര്യമല്ല ഡി. രൂപയില്‍ നിന്നുണ്ടായിരിക്കുന്നത്. നടപ്പുരീതികളെ വെല്ലുവിളിച്ചു കൊണ്ട് ഇക്കാര്യത്തില്‍ ഒരു വിസില്‍ബ്ലോവറായി മാറാന്‍ തീരുമാനിച്ച അവര്‍ സംസ്ഥാന ജയില്‍ ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ ഈ രണ്ടു കോടി രൂപ കോഴയുടെ വിഹിതം പറ്റിയിട്ടുണ്ടെന്ന് തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയായിരുന്നു.

എന്നാല്‍ ശശികലയ്ക്ക് അത്തരം സൗകര്യങ്ങളൊന്നും അനുവദിച്ചിട്ടില്ലെന്നാണ് ജയില്‍ ഡി.ജി.പി ആരോപണങ്ങള്‍ തള്ളിക്കൊണ്ട് വ്യക്തമാക്കിയത്. എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ശശികലയെ അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്നത്. തുടര്‍ന്ന് അവര്‍ ബംഗളുരുവിലെ വിചാരണ കോടതി മുമ്പാകെ കീഴടങ്ങുകയായിരുന്നു.

ഡി. രൂപയുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നതോടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍.

ഈ അന്വേഷണത്തിന്റെ ഫലം എന്തുതന്നെയായാലും ഡി. രൂപ എന്ന പോലീസ് ഉദ്യോഗസ്ഥ അവരുടെ കര്‍ക്കശ നിലപാടുകളും ഒപ്പം നിലവിലുള്ള വ്യവസ്ഥകളിലുള്ള എതിര്‍പ്പും പ്രകടിപ്പിക്കുന്നതിനാല്‍ കര്‍ണാടകത്തിലെ പൊതുജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാക്കിയിട്ടുണ്ട്.

വിവിധ നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കിക്കൊണ്ടാണ് രൂപ പോലീസ് സേനയ്ക്കുള്ളിലെ തന്റെ ജോലി ആരംഭിക്കുന്നത്. 2000-ത്തില്‍ നടന്ന യു.പി.എസ്.സി പരീക്ഷയില്‍ 43-ാം റാങ്കായിരുന്നു അവര്‍ക്ക്. പരിശീലന കാലയളവില്‍ തന്റെ ബാച്ചിലെ അഞ്ചാം സ്ഥാനക്കാരിയും കര്‍ണാടക കേഡറിലേക്കുള്ള ഏക ഉദ്യോഗസ്ഥയുമായിരുന്നു അവര്‍. ഹൈദരാബാദ് എന്‍പിഎസില്‍ പരിശീലനം നേടിയ രൂപ ഷാര്‍പ്പ് ഷൂട്ടറായിക്കൂടിയാണ് അറിയപ്പെടുന്നത്.

സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും രൂപയെ തേടിയെത്തിയിട്ടുണ്ട്. ഭരതനാട്യം നര്‍ത്തകിയും ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി ഗായികയുമാണ് അവര്‍.

കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിക്കെതിരെ കോടതി വിധിയുണ്ടായപ്പോള്‍ അവരെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം കാണിച്ചിട്ടുണ്ട് ഈ ‘സൂപ്പര്‍കോപ്’. വി.വി.ഐ.പികളുടേയും രാഷ്ട്രീയക്കാരുടേയും സൗകര്യങ്ങള്‍ക്കായി വിട്ടുകൊടുത്തിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചുകൊണ്ട് കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട് അവര്‍. ആംഡ് റിസര്‍വ് ഡി.സി.പിയായിരിക്കുന്ന സമയത്ത് കര്‍ണാടക മുന്‍ മുഖ്യമന്തി ബി.എസ് യദിയൂരപ്പയുടെ സുരക്ഷയ്ക്കായുള്ള വാഹന വ്യൂഹത്തില്‍ നിന്നുള്ള നിരവധി വാഹനങ്ങള്‍ പിന്‍വലിച്ചു കൊണ്ടും അവര്‍ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി.

നാല് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡപ്യൂട്ടേഷനിലേക്ക് അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയുടെ മൈസുരു കൊഗഡ് എം.പി പ്രതാപ് സിംഹയുമായും അവര്‍ കൊമ്പുകോര്‍ത്തു. ബ്യൂറോക്രസിയിലുള്ള രാഷ്ട്രീയക്കാരുടെ കൈകടത്തല്‍ അധികം ആവശ്യമില്ലെന്നായിരുന്നു രൂപ അന്ന് സിംഹയോട് വ്യക്തമാക്കിയത്.

അതുകൊണ്ടു തന്നെ ഇപ്പോള്‍ ശശികലയുടെ കാര്യത്തിലുണ്ടായിരിക്കുന്ന രൂപയുടെ നടപടി അവരുടെ ആരാധകരെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. രൂപയുടെ ആത്മാര്‍ത്ഥത സംബന്ധിച്ച് കൈയടിക്കാന്‍ അവര്‍ക്ക് ഒരു കാരണം കൂടിയുണ്ടായി എന്നതു മാത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍