UPDATES

ഓഫ് ബീറ്റ്

‘തെണ്ടികളുടെ ദൈവം’ എന്ന് മോഹന്‍ലാലിന് പറയാം, ബിജു മുത്തത്തി പറയണ്ട: മാധ്യമപ്രവര്‍ത്തകന് സംഘപരിവാര്‍ ഭീഷണി

‘തെണ്ടികളുടെ ദൈവം’ എന്ന് പരാമര്‍ശിക്കുന്നത് ഹിന്ദുക്കളെ അപമാനിക്കുന്നതാണ് എന്നാണ് ആരോപണം. ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് ബിജുവിന് ഭീഷണി സന്ദേശങ്ങള്‍ കൂടുതലും വരുന്നത്.

‘തെണ്ടികളുടെ ദൈവം’ എന്ന പേരില്‍ ടിവി പരിപാടി ചെയ്ത അവതാരകനായ മാധ്യമപ്രവര്‍ത്തകന് സംഘപരിവാര്‍ ഭീഷണി. കൈരളി -പീപ്പിള്‍ ടിവിയില്‍ ഏറെ ശ്രദ്ധേയമായതും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളതുമായ കേരള എക്‌സ്പ്രസ് പരിപാടിയുടെ അവതാരകന്‍ ബിജു മുത്തത്തിക്കാണ് സംഘപരിവാര്‍ ഭീഷണി. സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും ഫേസ്ബുക്ക് വഴിയും ഫോണ്‍ വഴിയും ഭീഷണി സന്ദേശങ്ങള്‍ വരുന്നു. കൊല്ലം ഓച്ചിറയില്‍ അഗതികള്‍ക്ക് സംരക്ഷണം നല്‍കുന്ന ക്ഷേത്രത്തെക്കുറിച്ചുള്ള പരിപാടിയാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. ‘തെണ്ടികളുടെ ദൈവം’ എന്ന് പരാമര്‍ശിക്കുന്നത് ഹിന്ദുക്കളെ അപമാനിക്കുന്നതാണ് എന്നാണ് ആരോപണം. ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് ബിജുവിന് ഭീഷണി സന്ദേശങ്ങള്‍ കൂടുതലും വരുന്നത്. പരിപാടി സംപ്രേഷണം ചെയ്തതിന് പിന്നാലെ തുടര്‍ച്ചയായി ഫോണ്‍ കോളുകളും മെസേജുകളും വന്നുകൊണ്ടിരിക്കുന്നു. ആദ്യം കാര്യമായി എടുത്തില്ലെന്നും എന്നാല്‍ തുടര്‍ച്ചയായി ഭീഷണി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡിജിപിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചതായും ബിജു മുത്തത്തി അഴിമുഖത്തോട് പറഞ്ഞു.

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത പാദമുദ്ര (1988) എന്ന ചിത്രത്തില്‍ ലാലിന്റെ കഥാപാത്രമായ മാതു പണ്ടാരവും മാള അരവിന്ദന്റെ കഥാപാത്രമായ കുട്ടപ്പനും തമ്മിലുള്ള സംഭാഷണമാണ് ബിജു ഉപയോഗിച്ചിരിക്കുന്നത്. ഫേസ്ബുക്ക് വഴിയും  ബിജുവിനും കൈരളി ടിവിക്കുമെതിരെ, ഹിന്ദുക്കളെ അപമാനിച്ചു എന്ന പേരില്‍ വലിയ ഓണ്‍ലൈന്‍ പ്രചാരണവും സംഘപരിവാര്‍ ഗ്രൂപ്പുകള്‍ നടത്തുന്നുണ്ട്. ഇന്നലെയും ഇന്നുമായി നൂറിലധികം കോളുകളാണ് വന്നിരിക്കുന്നത് എന്ന് ബിജു പറയുന്നു. പ്രതിഷ്ഠയില്ലാത്ത ഈ ക്ഷേത്രം പഴയ ബുദ്ധമത കേന്ദ്രമായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. സംഘപരിവാറിന് ഒട്ടും കേള്‍ക്കാന്‍ താല്‍പര്യമില്ലാത്ത ചരിത്രം പറയുന്നതും അവരെ അലോസരപ്പെടുത്തുന്നുണ്ടാകാം.


“ഈ ക്ഷേത്രപരിസരത്ത് ആര്‍എസ്എസിന് ഇതുവരെ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെ”
ന്ന് ബിജു പറയുന്നു. “ഇടതുപക്ഷ അനുഭാവികള്‍ ഉള്ള ജനകീയ സമിതിയാണ് “ക്ഷേത്രത്തിന്‍റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇതില്‍ ആര്‍എസ്എസ് അസ്വസ്ഥരാണ്. വാട്സ് ആപ്പിലും മറ്റും പല തരം പ്രചാരണങ്ങളാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന ആല്‍മരം വീഴാന്‍ കാരണം ക്ഷേത്രത്തിന്‍റെ കാര്യങ്ങള്‍ നോക്കുന്ന ജനകീയ സമിതിയാണെന്ന് വരെ അവര്‍ പറയുന്നു. പാദമുദ്രയില്‍ ആര്‍ സുകുമാരന്‍ ഉപയോഗിച്ച ഒരു പ്രയോഗമാണിത്.

ഏറ്റവും താഴെത്തട്ടിലുള്ള, നിരാലംബരായ മനുഷ്യരെക്കുറിച്ച് വളരെ നല്ല രീതിയില്‍ തന്നെയാണ് തെണ്ടികള്‍ എന്ന വാക്ക് ഉപയോഗിക്കുന്നത്. ജീവിതത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള, ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യരെക്കുറിച്ചാണ് പറയുന്നത്. അഗതികളോട് കാരുണ്യം കാട്ടി ഈ ക്ഷേത്രം ഒരു അഭയ സ്ഥാനമായി മാറുന്നതിനെക്കുറിച്ചായിരുന്നു പരിപാടി. ഈ പരിപാടി കാണാതെയും അതിന്‍റെ ഉള്ളടക്കം എന്താണെന്ന് മനസിലാക്കാതെയുമാണ് ഇത്തരക്കാര്‍ ഭീഷണിയുമായി വരുന്നത്. വിശ്വാസികളെ തെണ്ടികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചു എന്ന് പറഞ്ഞ് എന്‍റെ ഫോട്ടോയും ഫോണ്‍ നമ്പറും ഫേസ്ബുക്കിലും വാട്സ് ആപ്പിലും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്-  ബിജു പറഞ്ഞു.  

കേരളത്തിന്റെ വിവിധ പ്രദേശങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും ഉള്ള ഡോക്യുമെന്ററി സ്വഭാവത്തിലുള്ള പ്രതിവാര പരിപാടിയാണ് കേരള എക്‌സ്പ്രസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍