UPDATES

ട്രെന്‍ഡിങ്ങ്

നിങ്ങളെ അവര്‍ക്ക് വിശ്വാസമില്ലാത്തത് അവരുടെ കുഴപ്പമല്ല മിസ്റ്റര്‍ ചെന്നിത്തല

ശക്തമായ പ്രതിപക്ഷ നേതൃത്വത്തിലൂടെ കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് പറയുന്ന ചെന്നിത്തല സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയുന്നില്ലെന്നതാണ് സത്യം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ മൂന്ന് മുന്നണികള്‍ക്കും പ്രത്യേകിച്ചും മൂന്ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും യഥാര്‍ത്ഥത്തില്‍ ഒരു അഗ്നിപരീക്ഷ തന്നെയായിരുന്നു. ജനങ്ങള്‍ പിണറായി സര്‍ക്കാരിനെ അംഗീകരിക്കുന്നുവെന്ന് സ്ഥാപിക്കേണ്ടത് എല്‍ഡിഎഫിന്റെ ആവശ്യമായിരുന്നെങ്കില്‍ നിയമസഭയില്‍ രണ്ടാമതൊരു അംഗത്തെക്കൂടി എത്തിച്ച് തങ്ങളുടെ പ്രസക്തി തെളിയിക്കേണ്ട ബാധ്യതയായിരുന്നു ബിജെപിയ്ക്ക്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് തന്നെ പിടിച്ചെടുക്കാനായാല്‍ അതിന്റെ മധുരം കൂടുമെന്ന് തന്നെ അവര്‍ കണക്കു കൂട്ടി. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇവിടുത്തെ ജയം അനിവാര്യമായിരുന്നുവെന്ന് അവര്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ കഷ്ടിച്ചാണ് രണ്ടാം സ്ഥാനത്തെത്തിയത്. അതിനാല്‍ തന്നെ ഇത്തവണ കൂടുതല്‍ വോട്ടുകള്‍ നേടി സിപിഎമ്മിനെ തോല്‍പ്പിക്കാനായാല്‍ കേരളത്തില്‍ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്ന് തെളിയിക്കാനും സാധിക്കുമായിരുന്നു. അതോടൊപ്പം കേരളത്തില്‍ പ്രതിപക്ഷം ദുര്‍ബലമാണെന്ന വാദങ്ങളുടെ മുനയൊടിക്കാനും അതിലൂടെ കഴിയുമായിരുന്നു.

ഇത്തരം കാരണങ്ങളാല്‍ തന്നെ വാശിയേറിയ തെരഞ്ഞെടുപ്പായാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഇന്ന് ഫലം പുറത്തു വന്നപ്പോള്‍ മൂന്ന് മുന്നണികളും ഞെട്ടി. സിപിഎം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയം നേടി എതിരാളികളുടെ വായടപ്പിച്ചപ്പോള്‍ ബിജെപി തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിനാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 1500 വോട്ടുകള്‍ അധികമായി നേടാന്‍ സാധിച്ചെങ്കിലും ഒരു പഞ്ചായത്തില്‍ പോലും ലീഡ് നേടാനായില്ലെന്നത് കനത്ത തിരിച്ചടിയായി. ഇതില്‍ കോണ്‍ഗ്രസിന് ഏറ്റവും നാണക്കേടായത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം നാട്ടില്‍ നേരിട്ട പരാജയമാണ്. 2403 വോട്ടുകളാണ് ഇവിടെ സിപിഎമ്മിന്റെ സജി ചെറിയാന്‍ കോണ്‍ഗ്രസിന്റെ ഡി വിജയകുമാറിനേക്കാള്‍ അധികമായി നേടിയത്. ചെന്നിത്തലയുടെ വീട് നില്‍ക്കുന്ന ബൂത്തില്‍ പോലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് ലീഡ് ചെയ്യാനായില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ന്യായീകരണ തൊഴിലാളികള്‍ രംഗത്തെത്തി കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന് വേണ്ടി മുതലാളി തന്നെ ന്യായീകരണത്തിന് ഇറങ്ങേണ്ടി വരുന്നതും അതിനാലാണ്. ചെങ്ങന്നൂരിലെ പരാജയം മൂലം യുഡിഎഫ് അടിത്തറയ്ക്ക് കോട്ടം സംഭവിച്ചില്ലെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. കൂടാതെ ഒറ്റ വിജയത്തിന്റെ പേരില്‍ ഇടതു മുന്നണി അഹങ്കരിക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറയുന്നു.

ഈ ഒറ്റ വിജയം സര്‍ക്കാരിന്റെ എല്ലാ ദുഷ്‌ചെയ്തികളും ജനങ്ങള്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവല്ലെന്നും ചെന്നിത്തല പറയുന്നു. കഴിഞ്ഞ തവണ ലഭിച്ച 44,897 വോട്ടുകളേക്കാള്‍ 1450 വോട്ടുകള്‍ അധികമായി ഇത്തവണ ലഭിച്ചെന്നതാണ് ചെന്നിത്തലയുടെ മറ്റൊരു അവകാശവാദം. എന്നാല്‍ 2016-ലെ തെരഞ്ഞെടുപ്പിനേക്കാള്‍ പതിനാലായിരത്തിലേറെ വോട്ടുകളാണ് സിപിഎം അധികമായി നേടിയതെന്ന വസ്തുത അദ്ദേഹം കണ്ടില്ലെന്ന് നടിക്കുകയാണ്. അതായത് കോണ്‍ഗ്രസിന് അധികമായി ലഭിച്ചതിന്റെ പത്ത് മടങ്ങ്. ഇടതുമുന്നണി നടത്തിയ വൃത്തികെട്ട പ്രചാരണം യുഡിഎഫിന്റെ അടിത്തറയെ ബാധിച്ചിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നാണ് ചെന്നിത്തല അവകാശപ്പെടുന്നത്. ഒരുവിധത്തില്‍ അത് ശരിയാണ് യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ അടിത്തറയ്ക്ക് യാതൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ അടിത്തറയ്ക്ക് മുകളിലേക്ക് യാതൊന്നും കെട്ടിപ്പൊക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുമില്ല.

കാനത്തിന്റെ മിഷന്‍ കുഞ്ഞുമാണി; ഒരു രാഷ്ട്രീയ കച്ചവടക്കാരനെ തീര്‍ത്ത കഥ

ഇത് ആരുടെ പരാജയമാണ്. ചെന്നിത്തല പറഞ്ഞതു പോലെ കോണ്‍ഗ്രസിന്റെ പരാജയമാണെന്ന് പറയുന്നില്ല. പക്ഷെ അതിന്റെ നേതൃത്വത്തിന്റെ പരാജയമാണെന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. രണ്ട് വര്‍ഷമായി പ്രതിപക്ഷത്തിരുന്നിട്ടും സര്‍ക്കാരിനെതിരെ ദുര്‍ബലവും കാമ്പില്ലാത്തതുമായ ആരോപണങ്ങള്‍ മാത്രം ഉന്നയിക്കുന്നതിന്റെ കുഴപ്പമാണ് അത്. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് നടന്ന ദിവസം സമീപ പ്രദേശമായ കോട്ടയത്ത് കെവിന്‍ എന്ന യുവാവ് ദുരഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടും ജനങ്ങള്‍ അതില്‍ വീണില്ലെങ്കില്‍ നിങ്ങളില്‍ അവര്‍ വിശ്വസിക്കുന്നില്ലെന്ന് തന്നെയാണ് അര്‍ത്ഥം. ഒരു വശത്ത് കോണ്‍ഗ്രസ് ഇപ്പോഴും അടിത്തറയില്‍ തന്നെ നില്‍ക്കുമ്പോള്‍ സിപിഎം നിലകള്‍ പലത് പണിത് മുകളിലേക്ക് പോകുകയാണെന്നാണ് ചെങ്ങന്നൂര്‍ ഫലം സൂചിപ്പിക്കുന്നത്.

ബിജെപി സിപിഎമ്മിന് വോട്ടുകള്‍ മറിച്ചു നല്‍കിയെന്നാണ് ചെന്നിത്തലയുടെ മറ്റൊരു ആരോപണം. എന്നാല്‍ ബിജെപിയ്ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികമായി ലഭിച്ചത് കോണ്‍ഗ്രസിന്റെ തന്നെ വോട്ടുകളായിരുന്നുവെന്ന് പഴയ കണക്കുകളില്‍ നിന്നും വ്യക്തമാകും. അങ്ങനെയെങ്കില്‍ ആ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചുവരാതെ സിപിഎമ്മിലേക്ക് പോയതെങ്ങനെയാണെന്ന് വ്യക്തമാക്കേണ്ട ബാധ്യതയും ചെന്നിത്തലയ്ക്കുണ്ട്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷമുണ്ടായ മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ രണ്ടിലും ജയിച്ചത് യുഡിഎഫ് ആണെന്നാണ് ചെന്നിത്തലയുടെ മറ്റൊരു അവകാശവാദം. മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും വേങ്ങര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമാണ് ചെന്നിത്തല പറയുന്നത്. മുസ്ലിംലീഗിന്റെ കോട്ടകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ മൂന്നു മുന്നണികളും ഏറെക്കുറെ തുല്യ ശക്തികളായി നില്‍ക്കുന്ന ചെങ്ങന്നൂരുമായി താരതമ്യം ചെയ്യരുത് സര്‍.

ഇനി ആ എല്ലിന്‍ കഷണമെടുത്ത് പരണത്ത് വച്ചേക്ക് മാണി സാറേ

സംസ്ഥാനത്തെ പൊതുവായ രാഷ്ട്രീയ സാഹചര്യം ചെങ്ങന്നൂരില്‍ പ്രതിഫലിച്ചില്ലെന്നാണ് ചെന്നിത്തലയുടെ മറ്റൊരു ആരോപണം. ഇത് ചെങ്ങന്നൂരിലെ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണ്. സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികളെ ഇവിടുത്തെ വോട്ടര്‍മാര്‍ മാത്രമാണ് അംഗീകരിക്കുന്നത് എന്നാണ് ഇതിലൂടെ അദ്ദേഹം സ്ഥാപിക്കുന്നത്. ദിനംപ്രതി ജനരോഷത്തിന് കാരണമാകുന്ന ലോക്ക്അപ്പ് മര്‍ദ്ദനങ്ങളും മറ്റും കേരളത്തിലെ എല്ലാ ജനങ്ങളെയും പോലെ ഇവിടുത്തെ വോട്ടര്‍മാരും അറിയുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു അനുകൂലമായ സാഹചര്യത്തെ വോട്ടാക്കി മാറ്റാന്‍ സാധിക്കാത്തത് പ്രതിപക്ഷത്തിന്റെ പരാജയമാണ്. ഒരു പ്രതിപക്ഷ നേതാവെന്ന നിലയിലെ തന്റെ പരാജയം മറച്ചുവയ്ക്കാന്‍ ആത്മാഭിമാനമുള്ള ഒരു വിഭാഗം വോട്ടര്‍മാരെ അപമാനിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

ചെങ്ങന്നൂരിലെ വോട്ടര്‍മാരെയും കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ച് സംസാരിക്കുന്ന ചെന്നിത്തല തന്റെ സ്വന്തം ബൂത്തിലും പഞ്ചായത്തിലും നേരിട്ട പരാജയത്തെക്കുറിച്ച് അറിഞ്ഞിട്ടേയില്ലെന്ന് തോന്നുന്നു. ചെന്നിത്തലയെ സ്വന്തം നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും പോലും വിശ്വാസമില്ലെന്നാണ് ഇന്ന് പിണറായി ഇതിനെക്കുറിച്ച് പറഞ്ഞത്. ഇത് ചെന്നിത്തലയിലെ ജനങ്ങള്‍ മുമ്പും പറഞ്ഞിട്ടുള്ളതാണെന്നതാണ് തമാശ. ശക്തമായ പ്രതിപക്ഷ നേതൃത്വത്തിലൂടെ കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് പറയുന്ന ചെന്നിത്തല സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയുന്നില്ലെന്നതാണ് സത്യം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

വാഴ്ത്തപ്പെട്ട ഉമ്മനും കുമ്മനും; കൈനഷ്ടം വന്ന് മാണിയും വെള്ളാപ്പള്ളിയും; ഇടതു തേരോട്ടം കേരള രാഷ്ട്രീയത്തിന് നല്‍കുന്ന സൂചനകള്‍

ഗ്രൗണ്ടിലിറങ്ങുന്നതിന് തൊട്ടുമുമ്പ് ക്യാപ്റ്റനെ മാറ്റിയതെന്തെന്ന് ഇപ്പോള്‍ വ്യക്തമായി; കുമ്മനത്തിന്റേത് പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ തന്നെ

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍