UPDATES

പ്രളയം 2019

“കഴിഞ്ഞ പെരുന്നാളിന് നിസ്‌കരിച്ചത് ആ പള്ളിയിലായിരുന്നു, ഇന്നത് മണ്ണിനടിയില്‍”; ഓര്‍മ്മകളില്‍ വിതുമ്പി പുത്തുമലയിലെ നൂറുദ്ദീന്‍

പുത്തുമല ഉരുള്‍പൊട്ടലില്‍ ഇവരുടെ പള്ളിയും ഒലിച്ചുപോയിരുന്നു

നിസ്‌കാരത്തിനായി മറ്റൊരു പള്ളിയിലെത്തിയപ്പോള്‍ അയാള്‍ പൊട്ടിക്കരഞ്ഞു. വയനാട്ടിലെ മേപ്പാടി, പുത്തുമല, പച്ചക്കാട് എന്ന ഗ്രാമത്തില്‍ നിന്നുള്ളവരാണ് നിസ്‌കരിക്കാന്‍ പള്ളിയിലെത്തിയത്. പുത്തുമല സ്വദേശി നൂറുദ്ദീന്‍(48) ആണ് പള്ളിയില്‍ വച്ച് പൊട്ടിക്കരഞ്ഞത്. ഇത്രയും കാലം തങ്ങളുടെ നാട്ടിന്‍പുറത്ത് തന്നെയുള്ള പള്ളിയിലാണ് ഇവര്‍ പെരുന്നാള്‍ നിസ്‌കാരം നടത്തിയിരുന്നത്. ഇത്തവണ തങ്ങള്‍ക്ക് യാതൊരു പരിചയവുമില്ലാത്ത ആളുകള്‍ക്കിടയിലിരുന്ന് പ്രാര്‍ത്ഥിച്ചപ്പോഴാണ് നൂറുദ്ദീന്‍ പൊട്ടിക്കരഞ്ഞത്.

ഇവിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ പതിനേഴ് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഉരുള്‍പൊട്ടലില്‍ ഈ പള്ളിയും ഒലിച്ചുപോയി. നിരവധി പേര്‍ ഇവിടെ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പുത്തുമല വഴിയാണ് വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സൂചിപ്പാറയിലേക്ക് പോകുന്നത്. സഞ്ചാരികള്‍ പുത്തുമലയുടെ സൗന്ദര്യവും ആവോളം ആസ്വദിച്ചിരുന്നു.

ഈ റോഡിന് കുറുകെയാണ് ഇപ്പോള്‍ മലവെള്ളം ഒഴുകുന്നത്. പാലവും ഒലിച്ചുപോയി. പുത്തുമല, പച്ചക്കാട് പ്രദേശങ്ങളിലായി ആയിരത്തി അഞ്ഞൂറോളം പേരാണ് താമസിച്ചിരുന്നത്. ആശുപത്രിയും സ്‌കൂളും ക്ലബ്ബും മൈതാനവുമെല്ലാം ഇവിടെയുണ്ടായിരുന്നു. പള്ളിയ്‌ക്കൊപ്പം ഇവയെല്ലാം ഒലിച്ചുപോയി.

ഉരുള്‍പൊട്ടലിന് മൂന്ന് മണിക്കൂര്‍ മുമ്പ് മുന്നൂറോളം പേരെ ഇവിടെ നിന്നും ഒഴിപ്പിച്ചിരുന്നു.

also read:‘കപട ഉള്‍ക്കരുത്ത് നേടി അതിജീവിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ല’, മലയാളികളോട് പ്രമുഖ മാനസികാരോഗ്യ വിദഗ്ദ്ധന്‍ ഡോ. സി.ജെ ജോണിന് പറയാനുള്ളത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍