പുതിയൊരു പ്രവേശനോത്സവം ഒരുക്കിയാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്.
ജൂലായ് 12 ന് ഉണ്ടായ സംഘട്ടനത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം നടന്ന് പത്താം ദിവസത്തിൽ അധ്യയനത്തിനായി തലസ്ഥാനത്തെ പ്രമുഖ കോളേജായ യൂണിവേഴ്സിറ്റി കോളേജ് വീണ്ടും തുറക്കുമ്പോൾ നിരവധി മാറ്റങ്ങളാണ് കോളേജിൽ വന്നിട്ടുള്ളത്.
എസ് എഫ് ഐയുടെ ഏകാധിപത്യം എന്ന് വിശേഷിക്കപ്പെട്ട ക്യാപസ് പക്ഷേ സംഘര്‍ഷത്തിന് ശേഷം വീണ്ടും തുറക്കുമ്പോൾ രാവിലെ കവാടത്തിലുൾപ്പെടെ ഒരു സംഘടനയുടേയും സാന്നിധ്യമില്ലെന്നതാണ് പ്രത്യേകത. വിദ്യാർത്ഥികളെ സ്വീകരിക്കുന്നത് കനത്ത പോലീസ് കാവലും പരിശോധനയും. വാഹനങ്ങളിൽ എത്തുന്ന അധ്യാപകരെ ഉള്‍പ്പെടെ പരിശോധിച്ച് മാത്രം അകത്തേക്ക് പ്രവേശിപ്പിക്കുന്നു. ഗേറ്റിന് പുറത്ത് വച്ച് മാധ്യമങ്ങളെയും തടഞ്ഞിരിക്കുന്നു.
സഹപാഠിക്ക് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സംഘർഷവും വിവാദങ്ങളും ഉണ്ടാക്കിയ ഭീതി ക്യംപസിൽ എത്തിയ വിദ്യാർത്ഥികളുടെ മുഖത്ത് വ്യക്തം. കൊല്ലം സ്വദേശിനിയായ ഒരു വിദ്യാർത്ഥിയുടെ ആശങ്ക ഐഡി കാർഡ് ഇല്ലാതെ അകത്ത് പ്രവേശിക്കാനാവുമോ എന്നായിരുന്നു. കാരണം സംഘർഷത്തിന് പിന്നാലെ കോളേജ് ഓടിയിറങ്ങിയ കുട്ടിയുടെ ഐഡി കാര്‍ഡ് ഉൾപ്പെടെയുള്ള ഫയൽ ക്ലാസിൽ വച്ച് മറന്നു. അകത്ത് കയറിയ കുട്ടികൾ ഇതുമായി പുറത്തെത്തുന്നത് കാത്തിരിക്കേണ്ടി വരികയാണ് ഒരു വിദ്യാർത്ഥിക്ക് സ്വന്തം ക്യാംപസിലേക്ക് പ്രവേശിക്കാൻ.
എന്നാൽ, എസ് എഫ് ഐ, കെ എസ് യു, എ ബി വി പി, കോളേജിൽ യൂണിറ്റ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച എ ഐ എസ് എഫ് ആരുടെയും സാന്നിധ്യം ക്യാപസിന് പരിസരത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ബോധവൽക്കരണം ഉൾപ്പെടെ ലക്ഷ്യമിട്ട് നോട്ടീസ് വിതരണവുമായി ചില ചെറിയ സംഘടനകൾ സജീവമായി കോളേജിന് പുറത്ത് നില കൊണ്ടിട്ടുണ്. യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ പ്രഖ്യാപിച്ച സമരം തുടരുമെന്നാണ് കെഎസ്.യു നേതൃത്വം അറിയിച്ചിട്ടുള്ളത്. കോളേജിലേക്ക് മാർച്ചുൾപ്പെടെ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസും ഇന്ന് പ്രതിഷേധം തുടരും.
അതേസമയം, കോളേജിലെത്തുന്ന വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധ വൽക്കരണ സന്ദേശം ഉൾപ്പെടെ കൈമാറിയാണ് പോലീസ് സുരക്ഷയ്ക്കൊപ്പം ക്യാംപസ് കവാടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. സംഘർഷത്തിന് പിന്നാലെ ക്യാംപസിൽ നടത്തിയ പോലീസ് പരിശോധനയിൽ ഒഴിഞ്ഞ മദ്യക്കുപ്പി ഉൾപ്പെടെ കണ്ടെത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് ബോധവത്കരണം എന്ന ദൗത്യം കൂടി പോലീസ് എറ്റെടുത്തിട്ടുള്ളത്.
എന്നാൽ, ഇപ്പോൾ കാണുന്ന പോലീസ് കാവലും പരിശോധനയും അവസാനിക്കുന്നതോടെ കോളേജ് വീണ്ടും പഴയ നിലയിലേക്ക് പോവുമെന്ന ആശങ്കയും ചില വിദ്യാത്ഥികൾ പങ്കുവയ്ക്കുന്നു. പുതിയ സാഹചര്യത്തിൽ കെ എസ് യു എ ഐ എസ് എഫ് ഉൾപ്പെടെ ക്യാംപസിൽ സജീവമാകുമെന്ന പ്രഖ്യാപിച്ചതും, പുതിയ നിയന്ത്രണങ്ങളും മാറ്റം വരുത്തുമെന്ന് പ്രതീക്ഷയും ചില അധ്യാപകരും വിദ്യാർത്ഥികളും പങ്കുവയ്ക്കുന്നു
പുതിയൊരു പ്രവേശനോത്സവം ഒരുക്കിയാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്. അക്രമരാഷ്ട്രീയത്തിന് അവധി നല്‍കണമെന്ന സന്ദേശമാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. കോളേജ് കവാടത്തിലും വിവിധ വകുപ്പുകളുടെ മുന്നിലും വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ചേര്‍ന്ന് സ്വീകരിക്കാനാണ് കോളേജ് കൗണ്‍സില്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളെ പുതിയ പ്രിന്‍സിപ്പല്‍ സി സി ബാബു അഭിസംബോധന ചെയ്യും.
സമാധാനപരമായി കോളേജ് നടത്തിക്കൊണ്ട് പോകാന്‍ എല്ലാവരുടെയും സഹായവും സഹകരണവും തേടിയുള്ള അഭ്യര്‍ത്ഥനയാകും പ്രിന്‍സിപ്പല്‍ നടത്തുക. രാവിലെ നേരത്തെയെത്താന്‍ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് പലരും നേരത്തെ എത്തിയിട്ടുണ്ട്.
കോളേജ് കവാടത്തിന് പുറത്ത് ഒരു അസിസ്റ്റന്റ് കമ്മിഷണര്‍, രണ്ട് സിഐമാര്‍, 30 പോലീസുകാര്‍ എന്നിവരടങ്ങിയ സംഘമാണ് നിലകൊള്ളുന്നത്.
ഈമാസം 12ന് ഉച്ചയ്ക്ക് വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റതോടെയാണ് കോളേജിന് അവധി പ്രഖ്യാപിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അധ്യാപകരും അനധ്യാപകരും ജോലിക്കെത്തിയിരുന്നു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം കോളേജ് മുഴുവന്‍ ശുചീകരിക്കുകയും മദ്യക്കുപ്പികളും തോരണങ്ങളും നീക്കം ചെയ്യുകയും ചുവരെഴുത്തുകള്‍ മായ്ക്കുകയും ചെയ്തിട്ടുണ്ട്.
കോളേജിൽ വച്ച് നടന്ന പി.എസ്.സി പരീക്ഷയിൽ ക്രമേക്കേട് ഉണ്ടായെന്നുള്‍പ്പെടെയുള്ള ആരോപണം ഉയർന്ന സാഹചര്യത്തിൽ കാംപസിൽ ഇനിമുതൽ സർവകലാശാല പരീക്ഷകൾ ഒഴികെ മറ്റൊന്നും അവനുവദിക്കേണ്ട തീരുമാനവും നടപ്പായിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന നോട്ടീസും കോളേജ് കവാടത്തിൽ പതിച്ചിട്ടുണ്ട്.