UPDATES

ട്രെന്‍ഡിങ്ങ്

രാഷ്ട്രീയ നെറികേടിന്റെ മറ്റൊരു പേരോ ചാണക്യ തന്ത്രം? കര്‍ണ്ണാടകയെന്ന നാണക്കേട്

ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ച് ഏറെ നാടകീയത നിറഞ്ഞ മണിക്കൂറുകളാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്

ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ച് ഏറെ നാടകീയത നിറഞ്ഞ മണിക്കൂറുകളാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ മണിക്കൂറുകളിലും സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഈ മൂന്ന് ദിവസങ്ങളിലെ സംഭവ വികാസങ്ങള്‍ പരിശോധിച്ചാല്‍ കുതിരക്കച്ചവടമെന്നല്ല മനുഷ്യക്കച്ചവടമെന്നാണ് ഇതിനെ വിളിക്കേണ്ടതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. കന്നുകാലി ചന്തയിലെ കച്ചവടത്തിന് ഇതിലും നേരും നെറിവുമുണ്ടാകുമെന്നാണ് ഇവരുടെ വാദം. മൂന്ന് ദിവസം കര്‍ണാടകത്തില്‍ എന്തു സംഭവിച്ചുവെന്ന് ഓടിച്ചൊന്ന് പരിശോധിച്ചാല്‍ ഈ വാദം ശരിയാണെന്ന് മനസിലാകും.

ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു. ഒരുഘട്ടത്തില്‍ 120 വരെ സീറ്റുകളില്‍ ലീഡ് ചെയ്തതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങളും ആരംഭിച്ചു. ഇതോടെ ആരുടെയും സഹകരണം വേണ്ടെന്നും ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സദാനന്ദ ഗൗഡ പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തും ആഹ്ലാദപ്രകടനം തുടങ്ങി. ഇതിനിടെ 17ന് താന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ ഉച്ചയോടെ സാഹചര്യങ്ങള്‍ മാറി. പ്രതീക്ഷകള്‍ കൈവിട്ട കോണ്‍ഗ്രസിന്റെ സീറ്റ് നിലയില്‍ വര്‍ദ്ധനവ് ആരംഭിച്ചു. അറുപതില്‍ താഴെ സീറ്റുകള്‍ മാത്രം അതുവരെയുണ്ടായിരുന്ന കോണ്‍ഗ്രസ് ഒരുമണിയോടെ എഴുപതിന് മുകളിലേക്ക് നീങ്ങി. അതേസമയം ബിജെപിയുടെ സീറ്റ് നില 110ല്‍ താഴേക്ക് പോകുകയും ചെയ്തു. ജെഡിഎസിന്റെ സീറ്റ് നിലയിലും വര്‍ദ്ധനവുണ്ടായതോടെ സംസ്ഥാന നേതൃത്വവുമായി പോലുമുള്ള കൂടിയാലോചനയ്ക്കായി സമയം കളയാനില്ലെന്ന് തിരിച്ചറിഞ്ഞ സോണിയ ഗാന്ധി നേരിട്ട് ജെഡിഎസുമായി സംസാരിച്ചു. ജെഡിഎസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പുറത്തുനിന്നും പിന്തുണയ്ക്കാമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചത്. എന്നാല്‍ കോണ്‍ഗ്രസും സര്‍ക്കാരിലുണ്ടാകണമെന്നായിരുന്നു ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ നിലപാട്. ഇതോടെ കോണ്‍ഗ്രസും ജെഡിഎസും ബിജെപിയ്‌ക്കെതിരെ ഒന്നിക്കുകയാണെന്ന് വ്യക്തമായി. ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് ഒറ്റകക്ഷിയായപ്പോള്‍ അധികാരം പിടിച്ചെടുക്കാന്‍ ബിജെപി പയറ്റിയ അതേ തന്ത്രമാണ് കോണ്‍ഗ്രസ് ഇവിടെ തിരിച്ച് പ്രയോഗിച്ചത്.

പിസിസി പ്രസിഡന്റ് ജി പരമേശ്വര ഗവര്‍ണറെ കാണാനായി രാജ്ഭവനില്‍ എത്തിയെങ്കിലും പൂര്‍ണ ഫലം വരാതെ കാണാനാകില്ലെന്നായിരുന്നു ഗുജറാത്തിലെ മുന്‍ ബിജെപി മന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ ഗവര്‍ണര്‍ വാജുഭായ് വാലയുടെ പ്രതികരണം. ഇതിനിടെ കോണ്‍ഗ്രസിനെതിന്റെ തന്ത്രത്തിന് മറുതന്ത്രം തയ്യാറാക്കാനായി കേന്ദ്രമന്ത്രി ജെപി നഡ്ഡയുള്‍പ്പെടെയുള്ളവര്‍ പ്രത്യേക വിമാനത്തില്‍ ബംഗളൂരുവിലേക്ക് തിരിച്ചു. കേവല ഭൂരിപക്ഷമായ 112 സീറ്റുകള്‍ ലഭിക്കില്ലെന്ന് ഉറപ്പായതോടെ അനുയായികളോട് വിജയാഘോഷം നിര്‍ത്തിവയ്ക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെടുകയും ചെയ്തു. വൈകിട്ട് നാല് മണിയോടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിക്കത്ത് നല്‍കുകയും ചെയ്തു. ഇതിനിടെ സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി തേടി ജെഡിയു നേതാവ് എച്ച് ഡി കുമാരസ്വാമി ഗവര്‍ണര്‍ക്ക് കത്തു നല്‍കി. പിന്നാലെ ബിജെപി നേതാവ് യെഡ്യൂരപ്പയും തങ്ങള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണ്ണറോട് ഇതേ ആവശ്യം ഉന്നയിച്ചു. അനുകൂല മറുപടി ലഭിച്ചെന്നും ഒരാഴ്ചയ്ക്കകം വിശ്വാസ വോട്ട് തേടുമെന്നുമാണ് യെദ്യൂരപ്പ അവകാശപ്പെട്ടത്. അന്തിമഫലം പുറത്തുവന്നപ്പോള്‍ ബിജെപിയ്ക്ക് 104 സീറ്റും കോണ്‍ഗ്രസ് 78 സീറ്റും ജെഡിഎസ് 38 സീറ്റും ആണെന്ന് വ്യക്തമായി. രണ്ട് സീറ്റുകള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നേടി. ഈ കണക്കനുസരിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 118 പേരുടെ പിന്തുണയാണുള്ളത്. തന്നെ പിന്തുണയ്ക്കുന്ന 117 എംഎല്‍എമാരുടെ ഒപ്പോട് കൂടിയ കത്തുമായാണ് കുമാരസ്വാമി ഗവര്‍ണറെ കണ്ടത്.

ബുധനാഴ്ച രാവിലെ തന്നെ ബിജെപിയും ജെഡിഎസും കോണ്‍ഗ്രസും നിയമസഭ കക്ഷി യോഗം വിളിച്ചു ചേര്‍ത്തെങ്കിലും കോണ്‍ഗ്രസ് യോഗം വൈകി. ബിജെപി യെഡ്യൂരപ്പയെയും ജെഡിഎസ് കുമാരസ്വാമിയെയും നിയസഭ കക്ഷി നേതാക്കളായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് യോഗത്തില്‍ നിന്നും 10 എംഎല്‍എമാരും ദള്‍ യോഗത്തില്‍ നിന്നും അഞ്ച് എംഎല്‍എമാരും വിട്ടുനിന്നതായി അഭ്യൂഹങ്ങള്‍ പരന്നു. മുമ്പ് ബിജെപിയിലായിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗ്, ബി നാഗേന്ദ്ര എന്നിവരുടെ പേരുകളാണ് വിട്ടുനിന്നതായി ആദ്യം ഉയര്‍ന്നു കേട്ടത്. ദള്‍ യോഗത്തില്‍ നിന്നും രാജവെങ്കടപ്പ നായക്, വെങ്കടറാവു നടെഗൗഡ എന്നിവരാണ് വിട്ടു നിന്നതെന്നും വാര്‍ത്ത വന്നു. എംഎല്‍എമാരെ റാഞ്ചുന്ന സ്ഥിരം പരിപാടി തന്നെയാണ് ബിജെപി ആസൂത്രണം ചെയ്തത്. രാവിലെയും ഗവര്‍ണറെ കണ്ട യെഡ്യൂരപ്പ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചതായി അറിയിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ന്യായം മുന്‍നിര്‍ത്തിയായിരുന്നു ഇത്.

ജെഡിയു എംഎല്‍എമാരെ ബിജെപി വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കുമാരസ്വാമി രംഗത്തെത്തി. നൂറ് കോടി രൂപ എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്‌തെന്നും കുമാരസ്വാമി ആരോപിച്ചു. ബിജെപി ഒരാളെ വിലയ്ക്കു വാങ്ങിയാല്‍ തങ്ങള്‍ രണ്ടാളെ തിരിച്ചു പിടിക്കുമെന്നും കുമാരസ്വാമി മുന്നറിയിപ്പ് നല്‍കി. ഇതിനിടെ കോണ്‍ഗ്രസ്-ജെഡിയു ക്യാമ്പില്‍ അടിയൊഴിക്കുകള്‍ ആരംഭിച്ചു. ചൊവ്വാഴ്ച കോണ്‍ഗ്രസിനൊപ്പം നിന്ന കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍ ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ പോയ ബിജെപി സംഘത്തിനൊപ്പം കൂടി. ഉച്ചയ്ക്ക് രണ്ടരയോടെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ പിറ്റേന്ന് രാവിലെ യെഡ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന വാട്‌സ്ആപ്പ് സന്ദേശം പരക്കാന്‍ ആരംഭിച്ചു. രാജ്ഭവനില്‍ തങ്ങളുടെ എംഎല്‍എമാരെ അണിനിരത്തി ഭൂരിപക്ഷം തെളിയിക്കാനാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ശ്രമം ആരംഭിച്ചു. വൈകുന്നേരത്തോടെ കോണ്‍ഗ്രസ് എംഎല്‍എമാരെ രാജ്ഭവനിലേക്ക് കൊണ്ടുപോകാന്‍ പിസിസി ഓഫീസിന് മുന്നില്‍ ബസ് എത്തുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാരുടെ ശക്തിപ്രകടനത്തിന് രാജ്ഭവന്‍ അനുമതി നിഷേധിച്ചു. പത്തംഗ പ്രതിനിധി സംഘത്തെ കാണാനാണ് പകരം അനുവദിച്ചത്. നിയോമപദേശം തേടിയ ശേഷം ഭരണഘടന അനുവദിക്കുന്നത് പ്രകാരം അവസരം നല്‍കാമെന്ന് സഖ്യത്തിന് ഗവര്‍ണറുടെ ഉറപ്പ് ലഭിച്ചു. എന്നാല്‍ രാത്രി 9.30ഓടെ സര്‍ക്കാര്‍ രൂപീകരണത്തിന് യെദ്യൂരപ്പയെ ക്ഷണിച്ചുകൊണ്ടുള്ള കത്താണ് ഗവര്‍ണര്‍ നല്‍കിയത്.

ഇതോടെ ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തീരുമാനിച്ചു. കൂടാതെ ബിജെപിയുടെ കുതിരക്കച്ചവടത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റൊരു റിസോര്‍ട്ട് രാഷ്ട്രീയത്തിന് കൂടി കളമൊരുങ്ങി. ആര്‍ ശങ്കര്‍ ബിജെപിയുമായി യാതൊരു ബന്ധത്തിനുമില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് പാളയത്തിലേക്ക് തിരികെയെത്തി. സഖ്യത്തിലെ ചില എംഎല്‍എമാര്‍ റിസോര്‍ട്ടുകളില്ലെന്നും അവരെ ബിജെപി വിലയ്‌ക്കെടുത്തെന്നുമെല്ലാമുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. ഇതിനിടെ കുമാരസ്വാമിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ പരിശോധന നടന്നു. പല എംഎല്‍എമാര്‍ക്കും കേന്ദ്ര ഏജന്‍സികളില്‍ നിന്നുള്ള അന്വേഷണ ഭീഷണികള്‍ ഉയര്‍ന്നു.

എന്നാല്‍ ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ഉത്തരവിട്ടതിനെ തുടര്‍ന്ന് സുപ്രിംകോടതിയുടെ ആറാം നമ്പര്‍ കോടതിയില്‍ രാത്രി തന്നെ അടിയന്തര വാദം ആരംഭിച്ചു. പുലര്‍ച്ചെ മൂന്നര വരെ നീണ്ട വാദം കേള്‍ക്കലിനൊടുവില്‍ ബിജെപിയ്ക്ക് അനുകൂലമായി സുപ്രിംകോടതിയുടെ പാതിരാ വിധി. സത്യപ്രതിജ്ഞ തടയുന്നില്ലെന്ന് പറഞ്ഞ കോടതി അതേസമയം ഗവര്‍ണറുടെ വിവേചനാധികാരം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കാമെന്നാണ് പറഞ്ഞത്. ഗവര്‍ണര്‍ക്ക് ബിജെപി നല്‍കിയ കത്ത് അപ്പോല്‍ ഹാജരാക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. ഇതിനിടെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ കേരളത്തിലേക്ക് കൊണ്ടുവന്നുവെന്നും വാര്‍ത്ത പരന്നു.

കര്‍ണാടകത്തിലെ രാഷ്ട്രീയം കലങ്ങി മറിയുന്നതിനിടെ ഗോവയിലും ബിഹാറിലും ബിജെപിയ്ക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസും ആര്‍ജെഡിയും രംഗത്തെത്തി. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഗോവയിലും ബിഹാറിലും പിന്തുടരണമെന്നായിരുന്നു ആവശ്യം. 2017ല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസും ബിഹാറില്‍ ആര്‍ജെഡിയും ആയിരുന്നിട്ടും അധികാരത്തിന് പുറത്തു നില്‍ക്കുകയാണ് ഇവര്‍. ഇതിനിടെ ഇന്നലെ രാത്രിയോടെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ഹൈദ്രാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റി.

ഇന്ന് സുപ്രിംകോടതിയുടെ വിധിയ്ക്കായി കാതോര്‍ത്താണ് ഇന്ത്യന്‍ രാഷ്ട്രീയം ഉണര്‍ന്നത്. ഗവര്‍ണര്‍ക്ക് യെഡ്യൂരപ്പ നല്‍കിയ കത്തില്‍ എത്ര എംഎല്‍എമാരുടെ ഒപ്പ് ഉണ്ടെന്നതായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. എന്നാല്‍ യെഡ്യൂരപ്പയുടെ കത്തില്‍ എംഎല്‍എമാരുടെ ആരുടെയും പേരില്ല. സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണെന്നും പുറത്തു നിന്നുള്ള പിന്തുണയുണ്ടെന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ഇന്ന് കോടതിയുടെ ഉത്തരവ് വന്നപ്പോള്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. ഗവര്‍ണര്‍ രണ്ടാഴ്ച സമയം അനുവദിച്ച വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ വേണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടതാണ് ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുന്നത്. കോണ്‍ഗ്രസിലെയെയോ ജെഡിഎസിലെയോ ഏതാനും എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ അവര്‍ക്ക് മുന്നിലുള്ളത് ഒരു ദിവസം മാത്രമാണ്. അതും കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വത്തിന്റെ കനത്ത സുരക്ഷയിലും. നിയമസഭയില്‍ രഹസ്യ ബാലറ്റായോ ശബ്ദവോട്ടായോ ആണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ ഏത് മാര്‍ഗ്ഗം വേണമെന്ന് പ്രോടേം സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും സുപ്രിംകോടതി വിധിച്ചിട്ടുണ്ട്. സഭയിലെ മുതിര്‍ന്ന അംഗത്തെ പ്രോടേം സ്പീക്കറാക്കുന്നതാണ് പതിവ് രീതി. എന്നാല്‍ ഈ പതിവും തെറ്റിച്ച് ബിജെപി എംഎല്‍എ കെ ജി ബൊപ്പയ്യയെയാണ്‌ പ്രോടേം സ്പീക്കറാക്കിയിരിക്കുന്നത്. ഇതോടെ വിശ്വാസ വോട്ടെടുപ്പ് ഏത് രീതിയില്‍ നടക്കണമെന്ന തീരുമാനം ബിജെപിയുടേതായി തീര്‍ന്നിരിക്കുന്നു. ഗവര്‍ണറുടെ തീരുമാനത്തിനെതിരായ ഹര്‍ജിയില്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് ശേഷമേ വിധിയുണ്ടാകുവെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനങ്ങളിലെ ഭരണം ഏത് വിധേനയും പിടിച്ചെടുക്കാന്‍ മാത്രമാണ് ബിജെപി ശ്രമിച്ചിട്ടുള്ളത്. നെറികെട്ട ചാണക്യ തന്ത്രങ്ങള്‍ പയറ്റി അവര്‍ ജനാധിപത്യത്തിന്റെ അന്തസത്തയെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. ഇതിനൊരു അവസാനം നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിലൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യെഡ്യൂരപ്പ ഭൂരിപക്ഷം തെളിയിച്ചാലും ഇല്ലെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ നിര്‍ണായക നിമിഷങ്ങള്‍ക്കാണ് കര്‍ണാടക നിയമസഭ നാളെ സാക്ഷ്യംവഹിക്കുക.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍