UPDATES

ട്രെന്‍ഡിങ്ങ്

ഇത് സോളാര്‍ റിപ്പോര്‍ട്ട് അല്ല, സരിത റിപ്പോര്‍ട്ട്: ഉമ്മന്‍ ചാണ്ടി

ആരോപണങ്ങള്‍ ഒരു ശതമാനമെങ്കിലും ശരിയാണെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരായ ഗുരുതര ആരോപണങ്ങളുള്ള സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമങ്ങളോട് തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സഭയില്‍ വച്ച നാല് വോള്യങ്ങളുള്ള റിപ്പോര്‍ട്ടിന്റെ ഒരു ബുക്കില്‍ കമ്മിഷന്‍ ഒപ്പുവച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ബുക്കിലും കമ്മിഷന്റെ ഒപ്പ് വേണ്ടതാണ്. ഇതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് സോളാര്‍ റിപ്പോര്‍ട്ടല്ല, സരിത റിപ്പോര്‍ട്ടാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിക്കുന്നു. സരിത നായര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നതെന്നും കമ്മിഷന്‍ പറഞ്ഞവര്‍ക്കെതിരെ അല്ലെന്നും അദ്ദേഹം ആരോപിക്കുന്നു. നിയമവിരുദ്ധമായ നടപടിയാണിതെന്നും ഉമ്മന്‍ ചാണ്ടി ആരോപിക്കുന്നു. കൂടാതെ സരിതയുടെ കത്ത് രണ്ട് വോള്യങ്ങളിലായി നല്‍കിയതിലും അസ്വാഭാവികതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ടിനെക്കുറിച്ച് തനിക്ക് നിരവധി സംശയങ്ങളുണ്ട്. ഇത് ഒട്ടും സുതാര്യമായ റിപ്പോര്‍ട്ട് അല്ല. അറിയേണ്ട സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുപോലും റിപ്പോര്‍ട്ട് രഹസ്യമാക്കിവച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ യുഡിഎഫ് നേതാക്കള്‍ തലയില്‍ മുണ്ടിട്ട് നടക്കണമെന്ന് പറയുന്നവര്‍ എന്തിനാണ് റിപ്പോര്‍ട്ട് ഇത്രരഹസ്യമാക്കി വച്ചതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

എഴുതി തയ്യാറാക്കിയ കുറിപ്പാണ് മുഖ്യമന്ത്രി സഭയില്‍ വായിച്ചത്. ഇത്ര ധൃതിപിടിച്ച് മുഖ്യമന്ത്രി പറയാനുണ്ടായ സാഹചര്യമെന്താണെന്നും അദ്ദേഹം ചോദിക്കുന്നു. ഇതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. കാബിനറ്റ് തീരുമാനിച്ചുവെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കേസെടുത്ത് അന്വേഷിക്കും എന്നും അന്ന് പറഞ്ഞു. എന്നാല്‍ അന്വേഷിച്ച് തെളിവുണ്ടെങ്കില്‍ കേസെടുക്കുമെന്ന് ഇന്ന് മാറ്റിപ്പറഞ്ഞിരിക്കുന്നത്. സുപ്രിംകോടതി മുന്‍ ജഡ്ജിയുടെ നിയമോപദേശ പ്രകാരമായിരിക്കും ഇതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ക്കുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും ശരിയാണെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍