UPDATES

ട്രെന്‍ഡിങ്ങ്

അപകടനില തരണം ചെയ്യാതെ ഏഴുവയസുകാരന്‍; പ്രതി അരുണിനെ ഇന്നു കോടതിയില്‍ ഹാജരാക്കും

ആന്തരിക രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയുന്നില്ല

ആശങ്കകള്‍ വിട്ടൊഴിയുന്നില്ല. അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഏഴു വയസുകാരന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. അടുത്ത പന്ത്രണ്ട് മണിക്കൂര്‍ കൂടി കുട്ടിയെ വെന്റിലേറ്ററില്‍ നിലനിര്‍ത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാത്തതാണ് പ്രധാന വെല്ലുവിളി. തലയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയൊന്നും വന്നിട്ടില്ല. തലയോട്ടി പൊട്ടിയിരുന്നു. ഇതോടൊപ്പം ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാര്‍ സംഭവിച്ചുണ്ടെന്നും ഡോക്ടര്‍മാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ അരുണ്‍ ആനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്നു തൊടുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകളാണ് പ്രതിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. അതിക്രൂരമായാണ് പ്രതി ഏഴുവയസുകാരനെ മര്‍ദ്ദിച്ചതെന്നാണ് അന്വേഷണ ചുമതലയയുള്ള തൊടുപുഴ ഡിവൈഎസ്പി കെ പി ജോസ് പറയുന്നത്. കുട്ടിയെ പ്രതി ചവിട്ടുകയും ഇടിക്കുകയും ചെയ്ത. ചുവരിലേക്ക് വലിച്ചെറിയുകയും ചെയ്തു. ചുവരില്‍ ഇടിച്ചാണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റത്. തലയോട്ട് പൊട്ടിതകര്‍ന്നുപോയിരുന്നു. ഈ കുട്ടിയുടെ മൂന്നര വയസുള്ള അനിയന്‍ കിടക്കയില്‍ മൂത്രമൊഴിച്ചതാണ് പ്രതി അരുണ്‍ ആനന്ദിനെ പ്രകോപിച്ചത്. ഇളയ കുട്ടിയേയും അരുണ്‍ മര്‍ദ്ദിച്ചിരുന്നു. വായിലും താടിയിലും ജനനേന്ദ്രിയത്തിലും ഈ കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പല്ല് തകര്‍ന്നതായും പറയുന്നു. അരുണും യുവതിയും കുട്ടി വീണ് പരിക്കേറ്റതാണെന്നായിരുന്നു ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് സത്യം പുറത്തു വരികയായിരുന്നു. ഇളയ കുട്ടിയുടെ മൊഴിയാണ് അരുണിനെ കുടുക്കിയത്. തന്റെ ചേട്ടന് സംഭവിച്ച കാര്യങ്ങളൊക്കെ മൂന്നര വയസുകാരന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കണ്ണിനും കൈക്കും തലയ്ക്കുമെല്ലാം ചേട്ടനെ അടിച്ചെന്നും കാലില്‍ പിടിച്ചു വലിച്ചെന്നും തറയില്‍ വീണ ചേട്ടന്‍ എഴുന്നേറ്റിലിലെന്നും ഈ കുട്ടി പറയുന്നുണ്ട്. ചേട്ടന്റെ ചോര തറയില്‍ നിന്നും തുടച്ചു കളഞ്ഞതും താനാണെന്ന് കുട്ടി പറയുന്നു. കാലില്‍ കട്ടില്‍ വീണു പരിക്കേറ്റതിനെ തുടര്‍ന്ന് അരുണ്‍ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ നടക്കുന്നത്. ഇരുമ്പ് കെട്ടിയ ഈ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് ഇയാള്‍ രണ്ടു കുട്ടികളെയും നിരന്തരം തല്ലാറുണ്ടായിരുന്നുവെന്നും പറയുന്നു.

അരുണ്‍ ആനന്ദ് ക്രിമനല്‍ പശ്ചാത്തലമുളള വ്യക്തിയാണ്. സുഹൃത്തിനെ ബിയര്‍ കുപ്പികൊണ്ട് തലയടിച്ച പൊട്ടിച്ച് കൊന്ന കേസില്‍ ഇയാള്‍ പ്രതിയായെങ്കിലും ശിക്ഷ കിട്ടാതെ രക്ഷപ്പെട്ടു. മറ്റൊരു മര്‍ദ്ദന കേസിലും ഇയാള്‍ പ്രതിയാണ്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ് അരുണ്‍ എന്നും പൊലീസ് പറയുന്നു. മദ്യവും മയക്കുമരുന്നും ഇയാള്‍ ഉപയോഗിച്ചിരുന്നു. അരുണിന്റെ കാറില്‍ നിന്നും മദ്യക്കുപ്പികളും ചെറിയ മഴുവും പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടികളുടെ അച്ഛന്‍ മരിച്ചതിനു പിന്നാലെയാണ് ബന്ധു കൂടിയായ അരുണ്‍ യുവതിയുമായി അടുപ്പത്തിലാകുന്നതും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതും. തൊടുപുഴ കുമാരമംഗലത്ത് ഇവര്‍ ഒരു മാസം മുമ്പാണ് വാടകയ്ക്ക് താമസം തുടങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍