UPDATES

ട്രെന്‍ഡിങ്ങ്

പത്തനംതിട്ട ഉന്നമിട്ട് തോമസ് ചാണ്ടി; ആന്റോയുടെ ബലത്തില്‍ കോണ്‍ഗ്രസും ശബരിമലയില്‍ കണ്ണുനട്ട് ബിജെപിയും

മന്ത്രിയായി ചുമതലയേറ്റ അന്നുമുതല്‍ തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നത് നിരവധി ആരോപണങ്ങള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികളൊന്നും തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിലയിടങ്ങളിലെങ്കിലും ധാരണകള്‍ രൂപപ്പെട്ടു വരുന്നുണ്ട്. ചിലയിടങ്ങളിലാണെങ്കില്‍ വലിയ തോതിലുള്ള ചരടുവലികള്‍ സഖ്യകക്ഷികളുടെ ഭാഗത്തു നിന്നുണ്ടാകുന്നതായും വാര്‍ത്തകള്‍ പുറത്തുവരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് തോമസ് ചാണ്ടി എംഎല്‍എ നടത്തുന്ന നീക്കങ്ങളാണ്. പത്തനംതിട്ട ലക്ഷ്യമാക്കിയാണ് തോമസ് ചാണ്ടിയുടെ നീക്കങ്ങളെന്നാണ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം ഉന്നയിച്ച് എന്‍സിപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്റ്ററെയും മന്ത്രി എകെ ശശീന്ദ്രനെയും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവനെയുമെല്ലാം തോമസ് ചാണ്ടി സമീപിച്ചതായാണ് വാര്‍ത്ത.

പത്തനംതിട്ടയിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി തോമസ് ചാണ്ടിയെ മത്സരിപ്പിക്കണമെന്ന ആവശ്യം എന്‍സിപിക്കുമുണ്ട്. പത്തനംതിട്ട സീറ്റിന് പകരം മഹാരാഷ്ട്രയില്‍ വിജയസാധ്യതയുള്ള ഒരു സീറ്റ് എന്‍സിപി സിപിഎമ്മിന് നല്‍കിയേക്കും. തൂക്ക് പാര്‍ലമെന്റ് അടക്കമുള്ള സാഹചര്യങ്ങളുണ്ടായാല്‍ കേരളത്തില്‍ നിന്നും തങ്ങള്‍ക്കൊരു എംപിയുണ്ടാകുന്നത് ഗുണം ചെയ്‌തേക്കുമെന്നാണ് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കൂടാതെ പത്തനംതിട്ടയിലെ ക്രൈസ്തവ വോട്ടുകളും മാര്‍ത്തോമാ സഭയുടെ പിന്തുണയും പത്തനംതിട്ടയെ അവരുടെ വിജയ പ്രതീക്ഷയാണ്. അതേസമയം സിപിഎമ്മിനാണെങ്കില്‍ ശബരിമല സമരങ്ങള്‍ക്ക് ശേഷം പത്തനംതിട്ടയിലെ ഹിന്ദുമത വിശ്വാസികള്‍ക്കിടയിലെ ജനസമ്മതി കുറച്ചിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

സിപിഎം അവിടെ മത്സരിച്ചാല്‍ അതിനാല്‍ തന്നെ ഗുണം ചെയ്യുക ബിജെപിക്ക് മാത്രമായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബിജെപി ഇക്കുറി വിജയ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളില്‍ പത്തനംതിട്ടയുമുണ്ടെന്നത് ശ്രദ്ധേയമാണ്. ശബരിമല വിധിയുടെ പേരില്‍ കേരളത്തിലാകമാനം സമരങ്ങള്‍ നടത്തിയെങ്കിലും ബിജെപി നേരിട്ടിടപെടാതെ തന്നെ സമരം ശക്തിപ്രാപിച്ചത് ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു. അതേസമയം പിന്നീട് ഈ സമരത്തെ ആളിക്കത്തിക്കാന്‍ കൂടെ നിന്നത് ബിജെപിയാണെന്നത് രാഷ്ട്രീയമായി അവര്‍ക്ക് ഗുണം ചെയ്യുമോയെന്നാണ് അറിയേണ്ടത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ പത്തനംതിട്ടയില്‍ ഇക്കുറിയും ആന്റോ ആന്റണി തന്നെയാകും അവരുടെ സ്ഥാനാര്‍ത്ഥി. സിറ്റിംഗ് എംപിമാരില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലാത്തവരെയും മരണപ്പെട്ടവരെയും ഒഴികെ മറ്റുള്ളവരെയെല്ലാം മത്സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ എംപിയായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എംഐ ഷാനവാസ് മരണപ്പെടുകയും ചെയ്തു. എഐസിസിയു സംഘടനാ ജനറല്‍ സെക്രട്ടറിയായി പ്രൊമോഷന്‍ കിട്ടിയ കെ.സി വേണുഗോപാലിന്റെ കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നു. എന്നാല്‍ ആന്റോ ആന്റണിയുടെ കാര്യത്തില്‍ അത്തരം അഭ്യൂഹങ്ങളൊന്നും ഉയര്‍ന്നിട്ടില്ല. മാത്രമല്ല തോമസ് ചാണ്ടി കണ്ണ് വച്ചിരിക്കുന്ന ക്രിസ്ത്യന്‍ വോട്ടുകളില്‍ പ്രതീക്ഷയുമുണ്ട്. ഈ സാഹചര്യത്തില്‍ തോമസ് ചാണ്ടി അവിടെ മത്സരിച്ചാല്‍ ഈ വോട്ടുകള്‍ ഭിന്നിച്ച് പോകാന്‍ മാത്രമാണ് സാധ്യത. അവിടെ ബിജെപിക്ക് പ്രതീക്ഷയേറുകയാണ്..

ശബരമല വിഷയത്തെ ഹിന്ദുവികാരമായി ചിത്രീകരിക്കാന്‍ ബിജെപിക്ക് ഒരുപരിധി വരെ സാധിച്ചിട്ടുള്ളതിനാല്‍ തന്നെ പത്തനംതിട്ട ആര് മത്സരിച്ചാലും പേടിക്കാനൊന്നുമില്ലെന്ന ധാരണയിലാണ് അവര്‍. എന്നാല്‍ ഇവിടെ മത്സരിച്ച് ജയിക്കാനും കേന്ദ്രത്തില്‍ തൂക്ക് പാര്‍ലമെന്റുണ്ടായാല്‍ വിലപേശി മന്ത്രിയാകാനും മണി പവറും മസില്‍ പവറുമുള്ള ആളാണ് തോമസ് ചാണ്ടിയെന്നതാണ് അദ്ദേഹത്തിനുള്ള മേല്‍ക്കൈ. പണം വാരിയെറിഞ്ഞ് ജയിക്കാനും അത് തിരിച്ചുപിടിക്കാനും ശേഷിയുള്ളയാളാണ് എന്ന് അദ്ദേഹം കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ തെളിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ താനാണ് കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥിയെന്നും ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജലസേചന മന്ത്രിയായിരിക്കുമെന്നും പ്രഖ്യാപിച്ചു കളഞ്ഞ വ്യക്തി. വകുപ്പ് ഒന്ന് മാറി എകെ ശശീന്ദ്രന്‍ മന്ത്രിയായെങ്കിലും ഒടുവില്‍ തോമസ് ചാണ്ടി തന്നെ എന്‍സിപിയുടെ മന്ത്രിയായി. കേരള രാഷ്ട്രീയവും മാധ്യമരംഗവും കണ്ട ഏറ്റവും വൃത്തികെട്ട കളികള്‍ക്ക് ശേഷമായിരുന്നു അത്.

എന്നാല്‍ മന്ത്രിയായി ചുമതലയേറ്റ അന്നുമുതല്‍ തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ആരും മറന്നിട്ടില്ല. കായല്‍ നികത്തലുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ക്ക് ധാര്‍ഷ്ട്യത്തോടെ നല്‍കിയ മറുപടികള്‍ക്കെല്ലാമൊടുവില്‍ കുവൈറ്റ് ചാണ്ടി എന്നറിയപ്പെടുന്ന തോമസ് ചാണ്ടിക്ക് രാജിവയ്‌ക്കേണ്ടി തന്നെ വന്നു. അതും ഏറെ നാടകീയതകള്‍ക്ക് ശേഷം. തൊട്ടുപിന്നാലെ അപ്രത്യക്ഷനായ തോമസ് ചാണ്ടിയെ രാഷ്ട്രീയ കേരളത്തിലെ വേദികളില്‍ പിന്നീടധികമൊന്നും കണ്ടിട്ടില്ല. തോമസ് ചാണ്ടി പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായാല്‍ ശബരിമല വിഷയത്തോടൊപ്പം കോണ്‍ഗ്രസും ബിജെപിയും ആയുധമാക്കുന്നത് കായല്‍ കയ്യേറ്റവും അതിന്റെ പേരില്‍ മന്ത്രി സ്ഥാനം നഷ്ടമായതുമായിരിക്കുമെന്ന് ഉറപ്പ്. അങ്ങനെയായാല്‍ കോണ്‍ഗ്രസിനും ബിജെപിക്കും കാര്യങ്ങള്‍ എളുപ്പമാകുകയും ചെയ്യും.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍