UPDATES

ട്രെന്‍ഡിങ്ങ്

രാമനെയും സീതയെയും കുറിച്ച് കാര്‍ട്ടൂണ്‍ വരച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് ഭീഷണി

ഹിന്ദു മതവികാരം വൃണപ്പെടുത്തിയതിന് കേസ്‌

ഈ വര്‍ഷം നടന്ന കൊലപാതകങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും പിന്നാലെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രതികരണങ്ങള്‍ ഉര്‍ന്നിരുന്നു. സംഘപരിവാര്‍ ആക്രമണങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകളും വന്‍ പ്രചാരം നേടി. ഹിന്ദു ദൈവങ്ങളായ ശ്രീരാമനെയും സീതയെയും കുറിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് ഇപ്പോള്‍ ഭീഷണിയും കേസും നേരിടുകയാണ് ഹൈദ്രാബാദിലെ ഒരു മാധ്യമപ്രവര്‍ത്തക.

സ്ത്രീ സുരക്ഷയെക്കുറിച്ച് തനിക്കുള്ള ആശങ്ക പങ്കുവയ്ക്കുന്ന സീതയെയാണ് സ്വാതി വഡ്‌ലാമുഡി വരച്ച കാര്‍ട്ടൂണില്‍ കാണിക്കുന്നത്. കത്വയില്‍ എട്ടു വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതും കൊല്ലപ്പെട്ടതും ബിജെപി എംഎല്‍എ നടത്തിയ ബലാത്സംഗവുമാണ് കാര്‍ട്ടൂണില്‍ വിഷയമായിരിക്കുന്നത്. കഴിഞ്ഞയാഴ്ച സ്വാതി ഈ കാര്‍ട്ടൂണ്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചതിന് പിന്നാലെ വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഒട്ടനവധി പേര്‍ ഈ കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. 2015 ജനുവരിയില്‍ പാരിസില്‍ 12 പേരുടെ മരണത്തിന് ഇടയാക്കിയ ചാര്‍ളി ഹെബ്ദോ മോഡല്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണിയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ബംഗളൂരുവിലെ വീടിന് മുന്നില്‍ വച്ച് വെടിയേറ്റ് മരിച്ച ഗൗരി ലങ്കേഷിനെക്കുറിച്ചും ഭീഷണിയില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്വാതിയുടെ പോസ്റ്റിന് മറുപടിയായാണ് ഭീഷണി കമന്റ് അയച്ചിരിക്കുന്നത്.

ഏതാനും ദിവസം മുമ്പ് ഹൈദ്രാബാദ് ആസ്ഥാനമായുള്ള ഹിന്ദു സംഘടനയുടെ പ്രസിഡന്റ് കശിംഷെട്ടി കരുണ സാഗര്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്ത അഹമ്മദ് ഷാബ്ബിര്‍ എന്ന മാധ്യമപ്രവര്‍ത്തകനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. കാര്‍ട്ടൂണ്‍ ഹിന്ദു മതവികാരം വൃണപ്പെടുത്തുന്നതാണെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 13നാണ് അഹമ്മദ് ഷാബ്ബിറിനെതിരെ സാഗര്‍ പരാതി നല്‍കിയതെന്നും ഏപ്രില്‍ 15ന് ഇയാള്‍ തങ്ങളെ വീണ്ടും സമീപിച്ച് സ്വാതിയെയും പ്രതി ചേര്‍ക്കുകയായിരുന്നുവെന്നും സൈദാബാദിലെ ഒരു പോലീസ് ഉദ്യോഗസ്ഥനായ സത്തയ്യ വാര്‍ത്ത ഏജന്‍സികളെ അറിയിച്ചു. തനിക്ക് നേരെ ഉയര്‍ന്ന ഭീഷണികളെക്കുറിച്ച് സ്വാതി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍