UPDATES

ബ്ലോഗ്

ആചാരത്തിന്റെ പേരിൽ കേരളം രണ്ടു തട്ടിൽ നിൽക്കുമ്പോൾ ടിഎം കൃഷ്ണയുടെയും പ്രകാശ് രാജിന്റെയും ഈ വാക്കുകൾ വളരെ പ്രസക്തമാണ്

മതത്തിന്റെ പേരില്‍ രാഷ്ട്രീയം പറയുകയും അതിലൂടെ മനുഷ്യനെ വേര്‍തിരിക്കുകയും ചെയ്യുന്നവരുടെ നിരന്തര ഭീഷണികള്‍ നേരിടുന്നവരാണ് കേരളത്തില്‍ അനുഭവപ്പെടുന്ന സുരക്ഷിതത്വത്തെക്കുറിച്ച് പറയുന്നതെന്ന് ഓര്‍ക്കണം

കേരളം തനിക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്നാണ് ഇന്നലെ തിരുവനന്തപുരത്തെത്തിയ പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞന്‍ ടിഎം കൃഷ്ണ പറഞ്ഞത്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും മതമൈത്രിക്കുമായി കേരള യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച മൈത്രി സംഗീത സന്ധ്യ അവതരിപ്പിക്കാനെത്തിയപ്പോഴാണ് കൃഷ്ണ കേരളത്തില്‍ തനിക്ക് അനുഭവപ്പെടുന്ന സുരക്ഷയെക്കുറിച്ച് പറഞ്ഞത്. താന്‍ കേരളത്തിലേക്ക് വരുന്നുവെന്ന് പറഞ്ഞപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ തന്നോട് പറഞ്ഞതും കേരളമെന്ന സുരക്ഷിത സ്ഥാനത്തേക്കുറിച്ചാണെന്നും ആമുഖ പ്രസംഗത്തില്‍ കൃഷ്ണ വ്യക്തമാക്കി. താനിവിടെ എത്തിയത് പ്രസംഗിക്കാനല്ല സംഗീതപരിപാടിക്കായാണ് എന്ന് പറഞ്ഞ് പ്രസംഗം ആരംഭിച്ച കൃഷ്ണ അഞ്ച് മിനിറ്റ് പോലും എടുക്കാതെ ബിജെപിയും അവരെ നിയന്ത്രിക്കുന്ന ആര്‍എസ്എസും രാജ്യത്തുയര്‍ത്തുന്ന വര്‍ഗ്ഗീയ രാഷ്ട്രീയത്തെക്കുറിച്ച് ശക്തമായാണ് പ്രതികരിച്ചത്. സംഘപരിവാറിന്റെ ഭീഷണി മൂലം ഡല്‍ഹിയില്‍ സംഗീത വേദി നിഷേധിക്കപ്പെട്ടതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയതാണ് കൃഷ്ണ. തനിക്ക് വേണ്ടി വാദിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരുടെ ഇടമാണ് കേരളം. ചിലര്‍ ഇവിടെ തന്നെ എതിര്‍ക്കുമ്പോഴും തന്നെ കേള്‍ക്കാനും തയ്യാറാകുന്നു. അത്തരത്തിലൊരു മാജിക്കല്‍ പ്ലേസ് ആണിത്. എന്നാണ് കൃഷ്ണ കേരളത്തെ കുറിച്ച് പ്രധാനമായും പറഞ്ഞത്.

2017 ഡിസംബറില്‍ നടന്ന 22-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മുഖ്യാതിഥിയായി എത്തിയ പ്രകാശ് രാജിന്റെ വാക്കുകളും മറ്റൊന്നായിരുന്നില്ല. ഗൗരി ലങ്കേഷ് വധത്തിന്റെ ഭീതി ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന കാലത്തായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസംഗം. ഗൗരിയുടെ അടുത്ത സുഹൃത്തു കൂടിയായ പ്രകാശ് രാജ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും കടുത്ത വിമര്‍ശകന്‍ കൂടിയാണ്. ഗൗരിയുടെ കൊലപാതകത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പരിപാടികളില്‍ അദ്ദേഹം മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. അതിനാല്‍ തന്നെ സംഘപരിവാറിന്റെ കണ്ണിലെ കരടാണ് പ്രകാശ് രാജും. കേരളം ഭയമില്ലാതെ ജീവിക്കാവുന്ന ഏക സംസ്ഥാനമെന്നാണ് പ്രകാശ് രാജും കഴിഞ്ഞ വര്‍ഷം പറഞ്ഞത്. കേരളത്തില്‍ വരുമ്പോള്‍ സംസാരിക്കാന്‍ താനൊരു തിരക്കഥ കൊണ്ടുവരാറില്ലെന്നും കാരണം ഇവിടെ സെന്‍സര്‍മാരില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരു അജണ്ടയും ആഖ്യാനവും നമ്മളിലേക്ക് അടിച്ചേല്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കലാകാരന്മാരുടെയോ മാധ്യമപ്രവര്‍ത്തകരുടെയോ ശബ്ദം മാത്രമല്ല ഏത് തരത്തിലുള്ള വിയോജിപ്പും ഇവിടെ നിശബ്ദമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തനിക്ക് അവരോട് പറയാനുള്ളത് ഇത് മാത്രമാണ്. നിങ്ങള്‍ നിശബ്ദരാക്കാന്‍ ശ്രമിക്കുന്തോറും ശബ്ദങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കും.

കേരളം തനിക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം: ടി എം കൃഷ്ണ

കര്‍ണാടക സംഗീത കച്ചേരിയില്‍ ക്രിസ്ത്യന്‍, മുസ്ലിം കീര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയതിനാണ് ഹൈന്ദവ തീവ്രവാദി സംഘടനകള്‍ ടിഎം കൃഷ്ണയുടെ സംഗീതപരിപാടിക്കെതിരെ ഭീഷണിയുയര്‍ത്തിയത്. എന്നാല്‍ ഇന്നലെ തിരുവനന്തപുരത്ത് ഭയമേതുമില്ലാതെ ക്രിസ്ത്യന്‍ കീര്‍ത്തനത്തെ കര്‍ണാടിക് സംഗീത രൂപത്തില്‍ അവതരിപ്പിച്ചാണ് അദ്ദേഹം തുടങ്ങിയത് തന്നെ. സൂഫി സംഗീതവും മത്സ്യത്തൊഴിലാളികളുടെ നാടന്‍ പാട്ട്, മുസ്ലിം കീര്‍ത്തനം എന്നിവയും ഇന്നലെ കര്‍ണാടക സംഗീതമായി അദ്ദേഹത്തിലൂടെ തിരുവനന്തപുരം നഗരം ആസ്വദിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ‘പുറമ്പോക്ക് എനക്ക് ഇല്ലൈ..’ എന്ന ഗാനവും ആലപിച്ചു. രാജ്യത്തെ ഏറ്റവും പരിശുദ്ധമായ പുസ്തകം ഭരണഘടനയാണെന്നും അത് സംരക്ഷിക്കാന്‍ കേരളത്തിലുള്ളവര്‍ പ്രതിജ്ഞാബദ്ധരാണെന്നുമാണ് കൃഷ്ണ കേരളത്തെക്കുറിച്ച് പറഞ്ഞ മറ്റൊരു കാര്യം.

ആചാരത്തിന്റെ പേരില്‍ കേരളം വിശ്വാസികളെന്നും അല്ലാത്തവരെന്നുമുള്ള രണ്ട് തട്ടില്‍ നില്‍ക്കുമ്പോള്‍ പ്രകാശ് രാജിന്റെയും ടി എം കൃഷ്ണയുടെയും വാക്കുകള്‍ ഈ സമൂഹത്തിന് ഒരു പ്രചോദനമാകേണ്ടതാണ്. മതത്തിന്റെ പേരില്‍ രാഷ്ട്രീയം പറയുകയും അതിലൂടെ മനുഷ്യനെ വേര്‍തിരിക്കുകയും ചെയ്യുന്നവരുടെ നിരന്തര ഭീഷണികള്‍ നേരിടുന്നവരാണ് കേരളത്തില്‍ അനുഭവപ്പെടുന്ന സുരക്ഷിതത്വത്തെക്കുറിച്ച് പറയുന്നതെന്ന് ഓര്‍ക്കണം. ‘ശത്രു നമ്മുടെ ഇടയിലേക്ക് പതുക്കെ നുഴഞ്ഞു കയറിവരുന്നത് നമ്മള്‍ തിരിച്ചറിയണം. അതിനെതിരെ പോരാടണം. ‘ജന്മ’യില്‍ വിശ്വസിക്കുന്ന ഇത്തരം മനുഷ്യര്‍ ഹിറ്റ്‌ലറുടെ പുനരവതാരങ്ങളാണ്’- എന്ന് പറഞ്ഞാണ് പ്രകാശ് രാജ് തന്റെ തിരുവനന്തപുരം പ്രസംഗം അവസാനിപ്പിച്ചത്. ടിഎം കൃഷ്ണ ഇന്നലെ പറഞ്ഞവസാനിപ്പിച്ചത് കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സാഹചര്യങ്ങളെക്കുറിച്ചാണ്. മലയാളികളെ തമ്മിലടിപ്പിച്ച് വോട്ട് നേട്ടം ലക്ഷ്യമിടുന്ന സംഘപരിവാറിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ശബരിമലയുടെ പേരെടുത്ത് പറയാതെ ടി എം കൃഷ്ണ നല്‍കിയത്.

“ആരാധനാ സ്വാതന്ത്ര്യം മൗലികാവകാശമാണ്. എന്നാല്‍ ലിംഗ വ്യത്യാസമില്ലാതെ ആരാധന നടത്താനുള്ള മൗലികാവകാശം എല്ലാവര്‍ക്കുമുണ്ട്. ആരാധനാ സ്വാതന്ത്ര്യം വിശ്വാസികളുടെ ലിംഗം തിരിച്ചാവരുത്”- എന്നാണ് കൃഷ്ണ ഇന്നലെ പറഞ്ഞവസാനിപ്പിച്ചത്. മതമൗലിക വാദികളുടെ നിരന്തര ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന രണ്ട് വ്യക്തികള്‍ രണ്ട് സാഹചര്യങ്ങളില്‍ കേരളത്തിന് നല്‍കിയ മുന്നറിയിപ്പാണ് ഇത്. പ്രളയത്തില്‍ കൈപിടിച്ച് ഒപ്പം നിന്നവര്‍ ചിലരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ആ കോര്‍ത്തുപിടിച്ച കൈകള്‍ വിട്ടുകളയരുതെന്ന മുന്നറിയിപ്പ്.

കേരളം ഭയമില്ലാതെ ജീവിക്കാവുന്ന ഏക സംസ്ഥാനം: പ്രകാശ് രാജ്

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍