UPDATES

ട്രെന്‍ഡിങ്ങ്

റേഞ്ച് ഓഫീസറായി തുടങ്ങി ഐഎഎസുകാരനായി, മാറാട് കേസില്‍ ആരോപണവിധേയന്‍, ഇപ്പോള്‍ പാലാരിവട്ടം പാലം അഴിമതിയില്‍ പോലീസ് കസ്റ്റഡിയില്‍; വരുമാനത്തില്‍ 314% വര്‍ദ്ധനവുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയ ടി ഒ സൂരജിനെ അറിയാം

രണ്ടു ഡസനോളം വിജിലൻസ് കേസുകളിലും അന്വേഷണങ്ങളിലുമാണ് 1994 ഐ.എ.എസ് ലഭിച്ചതിനു ശേഷം സൂരജ് ആരോപണ വിധേയനായിട്ടുള്ളത്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടി ഒ സൂരജ് ഐഎഎസിനെതിരെ കേസെടുത്ത കാലത്ത് പൊതുമരാമത്ത് വകുപ്പിന്റെ സെക്രട്ടറിയായിരുന്നുന്നു അദ്ദേഹം. ഒരിടവേളയ്ക്ക് ശേഷം ടി ഒ സൂരജ് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ  പൊതുമരാമത്ത് വകുപ്പിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് കരാര്‍ നൽകിയ പാലാരിവട്ടം പാലം സംബന്ധിച്ച് അഴിമതിയില്‍ അറസ്റ്റിലായിരിക്കുകയാണ്.  അധികൃത സ്വത്ത് സമ്പാദന കേസ് ഉൾപ്പെടെ നിരവധി അഴിമതി ആരോപണങ്ങളില്‍ തുടരെ തുടരെ  പ്രതിയായിരുന്നു ടി.ഒ സൂരജ് എന്ന ഉദ്യോഗസ്ഥൻ.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് പാലാരിവട്ടം റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന് പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന വിലയിരുത്തലിലാണ് ടി ഒ സൂരജിനെതിരായ ഇപ്പോഴത്തെ നടപടി.

കേരളത്തിൽ ഉദ്യോഗസ്ഥ തലത്തിൽ ഏറ്റവും അധികം ആരോപണങ്ങള്‍ നേരിട്ട വ്യക്തികളിൽ ഒരാളെന്ന് വിലയിരുത്താവുന്ന വ്യക്തിയാണ് ടി ഒ സൂരജ്. 1994ലാണ് സൂരജിന് ഐഎഎസ് പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയത്. വനംവകുപ്പിൽ റേഞ്ച് ഓഫീസറായിട്ടായിരുന്നു സൂരജിന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിക്ക് കയറുമ്പോള്‍ സൂരജിന് ആകെയുണ്ടായിരുന്നത് കൊട്ടാരക്കരയിലെ കുടുംബസ്വത്ത് മാത്രമായിരുന്നു. നാല് ലക്ഷം രൂപയാണ് ഇതിന് മൂല്യം കാണിച്ചിരുന്നത്. ഇന്ന് കേരളത്തിലും പുറത്തുമായി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് സൂരജിനുള്ളതെന്നാണ് വിജിലൻസ് പറയുന്നത്. വരുമാനത്തിന്റെ 314 ശതമാനം വർദ്ധനവാണ് വിജിലൻസ് ടി ഒ സൂരജിനെതിരെ ആരോപിച്ചത്. ഇതിന് പുറമെ പല സന്ദർഭങ്ങളിലായി അനേകം കേസുകളിൽ പ്രതിയുമായിരുന്നു സൂരജ്. എന്നാൽ പലതിലും ഇയാൾ കുറ്റവിമുക്തനാക്കപ്പെട്ടു. വലത്, ഇടത് സര്‍ക്കാരുകൾ മാറിവന്നപ്പോഴും ഏത് അധികാരികളുടെയും പ്രിയപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടികകളിൽ സ്ഥാനം. ഇതായിരുന്നു ടി ഒ സൂരജ്.

റേഞ്ച് ഓഫീസറായിരിക്കുമ്പോൾ മുതൽ അഴിമതിക്കേസുകളിൽ കുടുങ്ങിയ ഉദ്യോഗസ്ഥനായിരുന്നു സൂരജ്. എന്നാൽ ആരെയും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വളർച്ച. പതിനായിരക്കണക്കിന് കോടികളുടെ ഇടപാട് നടക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ സെക്രട്ടറി വരെയെത്തിയ ആ യാത്രയിൽ, ഭവനനിർമ്മാണ വകുപ്പ് സെക്രട്ടറിയുടെ ചുമതല, മത ബോർഡിൽ പ്രമുഖസ്ഥാനം എന്നിവയും വഹിച്ചിരുന്നു.

രസതന്ത്രത്തിലും നിയമത്തിലും ബിരുദവും മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദവുമുള്ള ടി ഒ സൂരജ് ഒരുവര്‍ഷം ബാങ്ക് ഉദ്യോഗസ്ഥനായ ശേഷമാണ് വനംവകുപ്പില്‍ റേഞ്ചറായി ചുമതലയേൽക്കുന്നത്. സ്പെഷൽ റിക്രൂട്ട്മെന്റിലൂടെ ഡപ്യൂട്ടി കലക്ടറായി റവന്യൂ വകുപ്പിലെത്തുകയായിരുന്നു. കൃത്യം എട്ടുവർഷം തികഞ്ഞപ്പോൾ സൂരജിന് ഐ.എ.എസ് പദവിയും ലഭിച്ചു. സർക്കാരിലെ ഉന്നതര്‍ക്ക് അദ്ദേഹത്തോടുള്ള താൽപര്യത്തിന്റെ തെളിവായിരുന്നു ആ സ്ഥാനക്കയറ്റം എന്നപോലു ആരോപണമുണ്ട്.

ഐ.എ.എസ് കിട്ടിയതോടെ പാലായിലും മൂവാറ്റുപുഴയിലും ആര്‍.ഡി.ഒ, എറണാകുളം സബ് കലക്ടര്‍, തൃശൂരും കോഴിക്കോടും കലക്ടര്‍ തുടങ്ങിയ താക്കോൽസ്ഥാനങ്ങൾ, പിന്നാലെ രജിസ്‌ട്രേഷന്‍ ഐജി, ടൂറിസം ഡയറക്ടര്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പദവികൾ. വ്യവസായവകുപ്പ് ഡയറക്ടറായും പൊതുമരാമത്ത് സെക്രട്ടറിയായും മുതിർന്ന ഐ.എ.എസുകാരെ മറികടന്ന് സൂരജിനെ സർക്കാർ പ്രതിഷ്‌ഠിച്ചു.

യുഡിഎഫ് സംസ്ഥാനത്ത് അധികാരത്തിലെത്തുമ്പോഴെല്ലാം നിര്‍ണ്ണായകമായ വകുപ്പുകളുടെ ചുമതലകള്‍ സൂരജിനെത്തേടിയെത്തി. ഇതിലൊന്നായിരുന്നു പൊതുമരാമത്ത് സെക്രട്ടറി സ്ഥാനവും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് സൂരജെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ. 2009 മുതല്‍ സൂരജിന്റെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനത്തിനും നികുതി വെട്ടിപ്പിനും ഇന്‍കം ടാക്‌സ്, വിജിലന്‍സ് അന്വേഷണങ്ങള്‍ നേരിടുമ്പോഴായിരുന്നു സെക്രട്ടറി സ്ഥാനം ഉൾപ്പെടെ സൂരജിനെ തേടിയെത്തിയെത്തിയത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും കേസുകളുണ്ട്. സൂരജിനെ സ്ഥാനക്കയറ്റത്തോടെയാണ് 2011 ല്‍ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിതനാവുന്നത്.

രണ്ടു ഡസനോളം വിജിലൻസ് കേസുകളിലും അന്വേഷണങ്ങളിലുമാണ് 1994 ഐ.എ.എസ് ലഭിച്ചതിനു ശേഷം സൂരജ് ആരോപണ വിധേയനായിട്ടുള്ളത്. കഴിഞ്ഞ വിഎസ് അച്യുതാനന്ദൻ സർക്കാർ മൂന്ന് പ്രധാനകേസുകളാണ് സൂരജിനെതിരെയെടുത്തിരുന്നത്.

കോഴിക്കോട് കളക്ടറായിരിക്കുമ്പോൾ ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിന്റെ പേരിൽ 1.25ലക്ഷം രൂപ തട്ടിയെടുത്തു എന്നതായിരുന്നു ഒരു കേസ്. 12 സ്ഥാപനങ്ങളിൽ നിന്നും ഒരു വ്യക്തിയിൽ നിന്നും പണം തട്ടിയെന്നായിരുന്നു കേസ്. കോഴിക്കോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ രണ്ടാം പ്രതിയായിരുന്ന സൂരജ്. ഈ കേസിലും കുറ്റവിമുക്തനാക്കി. മണൽക്കടത്ത് നടത്തിയ വാഹനങ്ങൾ വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട കേസിലും ആരോപണ വിധേയനായിരുന്നു സൂരജിനെ പിന്നീട് ഇടതുസർക്കാർ തന്നെ കുറ്റവിമുക്തനാക്കി. മൂവാറ്റുപുഴ ആര്‍.ഡി.ഒ, കോഴിക്കോട് കളക്ടര്‍ എന്നീ പദവികളിലിരിക്കെയെല്ലാം സൂരജിനെതിരെ വിജിലന്‍സ് കേസുകളുണ്ടായിരുന്നു. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും പേര് ചേർക്കപ്പെട്ടെങ്കിലും പിന്നാലെ സൂരജിനെ രാഷ്ട്രീയ ഇടപെടലുകൾ രക്ഷിച്ചെടുത്തു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാന്‍ സലിംരാജ് പ്രതിയായ കളമശേരി ഭൂമി തട്ടിപ്പ് കേസിലും സൂരജിന്റെ ഇടപെടലിനെക്കുറിച്ച് മൊഴികളുണ്ടായെങ്കിലും പിന്നീട് മാഞ്ഞുപോവുകയായിരുന്നു. അഞ്ച് വിജിലന്‍സ് കേസുകളില്‍ സൂരജിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് വിജിലന്‍സ് എ.ഡി.ജി.പിയായിരിക്കെ സിബി മാത്യൂസ് ശുപാർശചെയ്തതും വാര്‍ത്തകളിൽ നിറഞ്ഞിരുന്നു. കോടികളുടെ അവിഹിത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു റിപ്പോർട്ടില്‍ സിബി മാത്യൂസ് രേഖപ്പെടുത്തിയിരുന്നു.

മാറാട് കേസിലും ടി ഒ സൂരജിനെതിരെ ആരോപണം ഉയർന്നിരുന്നു. കോഴിക്കോട് കളക്ടറായിരുന്ന സൂരജ് മാറാട് കലാപം തടയുന്നതില്‍ വീഴ്ച വരുത്തിയെന്നിരുന്നായിരുന്നു അന്വേഷണ കമ്മിഷനായ തോമസ് പി ജോസഫ് കണ്ടെത്തൽ. മാറാട് കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കുമ്പോള്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയും രേഖപ്പെടുത്തിയിരിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചിരുന്നു.

മാറാട് കലാപ സാധ്യതയെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ച സൂരജ് വേണ്ട മുന്‍കരുതല്‍ എടുക്കുന്നതില്‍ ഉദാസീനത കാട്ടുകയും ചെയ്തെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ. മാറാട് രണ്ടാം കലാപത്തിന് മുന്നോടിയായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നില്ലെന്ന സൂരജിന്റെ നിലപാട് സത്യവിരുദ്ധവും ബാലിശവുമാണെന്നാണ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. രണ്ടര വർഷം കൊണ്ട് 121 സാക്ഷികളെ വിസ്തരിച്ചാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാൽ ഈ റിപ്പോർട്ട് പ്രകാരം സൂരജിനെതിരേ ശിക്ഷാനടപടികളൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല പിന്നീട് ഹൈക്കോടതി ജഡ്ജിയായ തോമസ് പി ജോസഫിനെ വിസ്തരിക്കണമെന്ന്ആവിശ്യപ്പെട്ട് സൂരജ് കോടതിയെ സമീപിക്കുകയും ചെയ്തു.

ടി.ഒ.സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ 8.8 കോടി രൂപ വിലവരുന്ന സ്വത്തുക്കളായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. നാല് വാഹനങ്ങളുും 23 ലക്ഷം രൂപയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. സൂരജിന്റെ സ്വത്തിൽ പത്തുവർഷത്തിനിടെ 314 ശതമാനത്തിന്റെ വർധനവുണ്ടായെന്നു വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. സൂരജിനു വരുമാനത്തേക്കാൾ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്ന് 2016ൽ വിജിലൻസ് ലോകായുക്തയെയും അറിയിച്ചിരുന്നു.

കേരളത്തിലും കർണാടകയിലുമായി ആഢംബര ഫ്ലാറ്റുകളും ഭൂമിയുമടക്കം അനധികൃത സ്വത്തുക്കളുണ്ടെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം. തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂർ ജില്ലകളിലും കർണാടകയിലുമായി ആഢംബര ഫ്ലാറ്റുകളും ഭൂമിയുമുണ്ടെന്നും ആറ് ആഡംബര കാറുകളും കൊച്ചിയിൽ ഗോഡൗൺ സഹിതമുള്ള ഭൂമിയും സ്വന്തമായുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തരം നടപടികൾ അഴിമതിയുടെ മഞ്ഞുമലയിൽ നിന്ന് ഒരു കഷണം നീക്കിയിട്ടുണ്ട് എന്നുമാത്രമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍