UPDATES

ടിപി കേസിലെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തെക്കുറിച്ച് എന്തുകൊണ്ട് ബല്‍റാം ഇത്രനാളും മൗനം പാലിച്ചു? കെ കെ രമ ചോദിക്കുന്നു

ടി പിയെ കൊല്ലിച്ചവരും അവരെ സംരക്ഷിച്ചവരും മറുപടി പറയേണ്ടി വരിക തന്നെ ചെയ്യും

ടി പി വധക്കേസില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം നടന്നതായി അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ട് നേരത്തെ വെളിപ്പെടുത്താനോ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാനോ വി ടി ബല്‍റാം തയ്യാറായില്ലെന്നു കെ കെ രമ. ടി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോണ്‍ഗ്രസ് നേതൃത്വം സിപിഎമ്മുമായി ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് തയ്യാറായെന്ന ആരോപണം വിടി ബല്‍റാം ഉന്നയിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറിയ സാഹചര്യത്തിലാണ് രമ അഴിമുഖത്തോട് പ്രതികരിച്ചത്.

സോളാര്‍ അഴിമതിയിലെ ജൂഡിഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ് എടുത്ത് അന്വേഷണം നടത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനമെടുത്തതിനു പിന്നാലെയാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പകപോക്കല്‍ നടത്തുന്നു എന്ന ആരോപണത്തിനൊപ്പം കോണ്‍ഗ്രസ് നേതൃത്വത്തേയും പ്രതികൂട്ടിലാക്കി വി ടി ബല്‍റാം രംഗത്തു വന്നത്. ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതിയെന്നാണ് ബല്‍റാമിന്റെ പരിഹാസ ചുവയുള്ള ആരോപണം.

സോളാര്‍; ടി പി കേസിലടക്കം സിപിഎമ്മുമായി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിച്ചതിന് കിട്ടിയ പ്രതിഫലം; വിമര്‍ശനവുമായി വി ടി ബല്‍റാം

ടിപി കേസില്‍ തങ്ങള്‍ നിരന്തരമായി ഉന്നയിച്ചിരുന്ന വസ്തുത ഇപ്പോള്‍ പ്രധാനപ്പെട്ട ഒരു കോണ്‍ഗ്രസ് നേതാവും നിയമസഭ സാമാജികനുമായുള്ള ആള്‍ തന്നെ സ്ഥിരീകരിക്കുമ്പോള്‍ അതിന് അതീവ ഗൗരവമുണ്ട്. ഇവിടെ ഇത്തരത്തില്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നറിയാവുന്നതുകൊണ്ടു തന്നെയാണ് പുറത്തു നിന്നുള്ള ഒരു ഏജന്‍സി ടി പി കേസ് അന്വേഷിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഞങ്ങള്‍ ആവശ്യപ്പെടുന്ന സിബിഐ അന്വേഷണം അംഗീകരിക്കപ്പെടേണ്ടതു തന്നെയാണെന്നാണ് ബല്‍റാമിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലും വ്യക്തമാക്കുന്നത്.

പക്ഷേ ബല്‍റാമിനെ പോലുള്ളൊരാള്‍ക്ക് ഇത്തരമൊരു ഒത്തുതീര്‍പ്പ് രാഷ്ട്രീയം ഈ കേസില്‍ നടന്നതായി നേരത്തെ അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ടത് പുറത്തു പറഞ്ഞില്ല എന്നത് വലിയൊരു ചോദ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു വിമര്‍ശനമായി ഉന്നയിക്കേണ്ട വിഷയമല്ലല്ലോ ഇത്. ഏതൊക്കെ തരത്തിലുള്ള ഒത്തുതീര്‍പ്പുകളാണ് നടന്നതെന്നും എപ്പോഴക്കെ, ആരൊക്കെ ചേര്‍ന്ന് എന്ന വിവരങ്ങളുമൊക്കെ ബല്‍റാം പുറത്തു പറയാന്‍ തയ്യാറാകണം. അതാണല്ലോ ആദര്‍ശം.

ടിപിയുടെ വധത്തിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ടി പി യെ കൊല്ലിച്ചവരോളം തന്നെ കുറ്റക്കാരാണ് ആ കുറ്റത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്താന്‍ സഹായിച്ചവരും. ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ മറ്റൊന്നു കൂടി വ്യക്തമാക്കുകയാണ്; ടിപിയുടെ രക്തം അത്രപ്പെട്ടെന്നു തൂത്തുമാറ്റാന്‍ ആര്‍ക്കും കഴിയില്ല. അതിനുത്തരവാദികളായവരും അവരെ സംരക്ഷിച്ചവരും മറുപടി പറയേണ്ടി വരിക തന്നെ ചെയ്യും…രമ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍