UPDATES

എന്തുകൊണ്ടാണ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരില്‍ പലരും ബിജെപി പാളയത്തിലേക്ക് പോകുന്നത്? സെന്‍കുമാര്‍ മുതല്‍ ടിപി ശ്രീനിവാസന്‍ വരെ

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരെല്ലാം ബിജെപി പാളയത്തിലെത്തിയ ചരിത്രമാണ് സമീപകാലത്തായി കോണ്‍ഗ്രസിന് പറയാനുള്ളത്

എന്തുകൊണ്ടാണ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരില്‍ പലരും ബിജെപി പാളയത്തിലേക്ക് പോകുന്നത്? സമീപകാലത്തായി ബിജെപിയിലേക്ക് ചേക്കേറുന്ന കോണ്‍ഗ്രസ്സ് സഹയാത്രികരുടെ പട്ടികയെടുത്ത് നോക്കിയാല്‍ അത് മനസിലാകും? ആ നിര ടി പി സെന്‍കുമാര്‍ മുതല്‍ ടി പി ശ്രീനിവാസന്‍ വരെ നീണ്ടുകിടക്കുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പോലീസ് മേധാവിയായി നിയമിച്ച ടി പി സെന്‍കുമാറാണ് ഈ ലിസ്റ്റില്‍ ആദ്യത്തെ പേര്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സെന്‍കുമാര്‍ യുഡിഎഫിനൊപ്പമാണെന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. ജിഷ കേസില്‍ അന്വേഷണം പര്യാപ്തമല്ലെന്ന കാരണം ഉന്നയിച്ചാണ് സെന്‍കുമാറിനെ പിണറായി സര്‍ക്കാര്‍ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തതെങ്കിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാരുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പവും അതിനൊരു കാരണമായിരുന്നു. അതേസമയം പിണറായി സര്‍ക്കാര്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്നും നീക്കം ചെയ്തതോടെ അദ്ദേഹത്തനുള്ളിലെ സംഘപരിവാര്‍ താല്‍പര്യം പുറത്തു ചാടുകയും ചെയ്തു. കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ മേധാവിയാകുകയായിരുന്നു വിരമിച്ച ശേഷം സെന്‍കുമാറിന്റെ ലക്ഷ്യം. എന്നാല്‍ പിണറായി സര്‍ക്കാര്‍ അതിന് തടസ്സം നില്‍ക്കുകയും കോണ്‍ഗ്രസിന് കേരളത്തിലോ കേന്ദ്രത്തിലോ അധികാരമില്ലാതിരിക്കുകയും ചെയ്തതോടെ സെന്‍കുമാറിന്റെ പ്രതീക്ഷകള്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിലായി. ഇതാണ് അദ്ദേഹത്തെ പ്രത്യക്ഷത്തില്‍ തന്നെ ബിജെപി പാളയത്തിലെത്തിച്ചത്.

സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധ പ്രചരണങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം തന്റെയുള്ളിലെ വര്‍ഗ്ഗീയവാദിയെയും ബിജെപി മനസും പുറത്തു ചാടിച്ചത്. ഗോസംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്ത് നടത്തിയ അക്രമങ്ങളെ ന്യായീകരിക്കാനും അതിനെതിരെ രാജ്യത്തുണ്ടാകുന്ന പ്രതിഷേധങ്ങളെ തീവ്രവാദമായി ചിത്രീകരിക്കാനും സെന്‍കുമാറിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഇതോടെ സെന്‍കുമാര്‍ കോണ്‍ഗ്രസിനൊപ്പമല്ല, ബിജെപിക്കൊപ്പമാണെന്ന് വ്യക്തമാകുകയും ചെയ്തു. ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ഐക്യദാര്‍ഢ്യം അര്‍പ്പിക്കുകയും ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ എത്തുകയും ചെയ്തതോടെ സെന്‍കുമാര്‍ തന്റെ സംഘമനസ് പൂര്‍ണമായും വെളിപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അതുണ്ടായില്ല. എന്നാല്‍ കര്‍മ്മ സമിതി ബിജെപിയ്ക്ക് വേണ്ടി പരോക്ഷത്തില്‍ വോട്ട് തേടാന്‍ ആരംഭിച്ചപ്പോള്‍ അതില്‍ മുന്നില്‍ നിന്നത് സെന്‍കുമാറാണ്. ‘മണ്ഡലം ഏതായാലും മണ്ഡലക്കാലം മറക്കരുത്’ എന്ന മുദ്രാവാക്യമുയര്‍ത്തി കര്‍മ്മ സമിതി തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ സെന്‍കുമാറിനായിരുന്നു നേതൃത്വം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് തള്ളിപ്പറഞ്ഞ് ശബരിമല വിഷയം ചര്‍ച്ചയാക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പി എസ് സി ചെയര്‍മാന്‍ ആയി നിയമിച്ച കെ എസ് രാധാകൃഷ്ണനും ഇപ്പോള്‍ സംഘപരിവാര്‍ പാളയത്തിലാണ്. ശബരിമല സമരത്തിലൂടെയാണ് രാധാകൃഷ്ണനും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. ശബരിമല കര്‍മ്മ സമിതിയുടെ നേതാക്കളിലൊരാളാണ് രാധാകൃഷ്ണനും. ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ നിശ്ചയിക്കുകയും ചെയ്തു. സംഘപരിവാറിന്റെ ഇസ്ലാം വിരുദ്ധത ഏറ്റെടുത്താണ് രാധാകൃഷ്ണനും ബിജെപി അനുകൂല നിലപാട് വെളിപ്പെടുത്തിയത്. ഇസ്ലാം മൗലികവാദം സാമ്രാജ്യത്വത്തേക്കാള്‍ അപടകരമാണെന്ന് പറയുന്ന ഇസ്ലാം ബഹുസ്വര സമൂഹത്തില്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകം പല പ്രസാധകരും കൈയ്യൊഴിഞ്ഞിരുന്നു. ഇന്ത്യയിലെ പിന്നോക്ക വിഭാഗക്കാരുടെ പ്രതീക്ഷ കയ്യാളുന്നത് ബിജെപിയാണെന്ന് തുറന്നു പ്രഖ്യാപിച്ച രാധാകൃഷ്ണന്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിട്ടുമുണ്ട്. വര്‍ഗ്ഗീയ ധ്രുവീകരണം രാജ്യത്തെ സ്ഥിരം കാഴ്ചയാണെന്നും കോണ്‍ഗ്രസ് കാലാകാലങ്ങളായി മതസാമുദായിക അടിസ്ഥാനത്തില്‍ വീതം വയ്പ്പ് നടത്തുന്നുണ്ടെന്നുമാണ് അദ്ദേഹം ബിജെപിയുടെ മതധ്രുവീകരണത്തെ ന്യായീകരിക്കാന്‍ പറയുന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി നിയമിച്ചിരുന്ന ജി രാമന്‍ നായരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മറ്റൊരാള്‍. കോണ്‍ഗ്രസ് വിട്ടെത്തിയ അദ്ദേഹത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിക്കുകയും ചെയ്തു. ശബരിമല സമരമാണ് രാമന്‍ നായരെയും ബിജെപിയിലെത്തിച്ചത്. ബിജെപിയുടെ നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. രാമന്‍ നായര്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്ന ജെ പ്രമീള ദേവിയും കോണ്‍ഗ്രസില്‍ നിന്നാണ് ഇവിടെയെത്തിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വനിതാ കമ്മിഷന്‍ അംഗമായിരുന്നു ഇവര്‍.

കൂട്ടത്തില്‍ ഏറ്റവുമൊടുവില്‍ ബിജെപി പാളയത്തിലെത്തിയത് വിദേശകാര്യ വിദഗ്ധനും മുന്‍ അംബാസഡറുമായ ടി പി ശ്രീനിവാസനാണ്. ഇന്നലെ തിരുവനന്തപുരത്ത് നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ സങ്കല്‍പ് റാലിയില്‍ കുമ്മനം രാജശേഖരന് പിന്തുണയുമായാണ് ടി പി ശ്രീനിവാസന്‍ എത്തിയത്. ആദ്യമായാണ് ടി പി ശ്രീനിവാസന്‍ ഒരു ബിജെപി വേദിയിലെത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് അദ്ദേഹം വേദിയില്‍ വച്ച് പിന്തുണ പ്രഖ്യാപിച്ചു. അധികാരത്തില്‍ പലരെയും കൊണ്ടുവരുമ്പോള്‍ അവര്‍ പലതും നേടിത്തരുമെന്ന ആഗ്രഹം നമുക്കുണ്ടാകാറുണ്ട്. എന്നാല്‍ അത് പലപ്പോഴും നടക്കാറില്ല. അധികാരമോഹം കുമ്മനം രാജശേഖരനില്ല. മിസോറാം ഗവര്‍ണറോ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയോ ഏത് ചുമതലയും അദ്ദേഹം ഏറ്റെടുക്കും. അതുകൊണ്ടാണ് താന്‍ കുമ്മനത്തെ പിന്തുണയ്ക്കുന്നതെന്നും ടി പി ശ്രീനിവാസന്‍ പറഞ്ഞു.

ടി പി ശ്രീനിവാസനെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനായി നിയമിച്ചത്. ഇപ്പോള്‍ അദ്ദേഹവും ബിജെപി വേദിയിലെത്തിയതോടെ ഉമ്മന്‍ ചാണ്ടി നിയമിച്ച ഉദ്യോഗസ്ഥരില്‍ പ്രമുഖര്‍ സംഘപരിവാര്‍ പാളയത്തിലെത്തിയിരിക്കുകയാണ്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍