UPDATES

ട്രെന്‍ഡിങ്ങ്

സാമ്പത്തിക പ്രതിസന്ധി: മോദിയേയും കിം ജോങിനേയും വെച്ച് പോസ്റ്റര്‍ പതിച്ച വ്യാപാരികള്‍ അറസ്റ്റില്‍

‘കിം ലോകത്തെ നശിപ്പിക്കാന്‍ തിരുമാനിച്ചു, കച്ചവടം നശിപ്പിക്കാന്‍ മോദിയും തിരുമാനിച്ചു’; ഇത് മുദ്രാവാക്യമാക്കിയാണ് വ്യാപാരികള്‍ പോസ്റ്റര്‍ പ്രചാരണം നടത്തിയത്

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും താരതമ്യംചെയ്തു കൊണ്ടുളള പ്രചാരണം നടത്തിയതിന് കാണ്‍പൂരില്‍ 22 വ്യാപാരികളെ പൊലിസ് അറസ്റ്റു ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം. ‘കിം ലോകത്തെ നശിപ്പിക്കാന്‍ തിരുമാനിച്ചു, കച്ചവടം നശിപ്പിക്കാന്‍ മോദിയും തിരുമാനിച്ചു’; ഇത് മുദ്രാവാക്യമാക്കിയാണ് വ്യാപാരികള്‍ പോസ്റ്റര്‍ പ്രചാരണം നടത്തിയത്. എന്നാല്‍ തങ്ങള്‍ മോദിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയല്ല അങ്ങനെ ചെയ്തത്; വ്യാപാരികളുടെ ചെറിയ നാണയങ്ങള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ല, അതു കാരണം വ്യാപാരം നഷ്ടത്തിലാണ്, അതുകൊണ്ടാണ് ഇങ്ങനെ പ്രവ്രര്‍ത്തിച്ചതെന്ന് അറസ്റ്റിലായ മുഖ്യപ്രതികളില്‍ ഒരാള്‍ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പോസ്റ്ററില്‍ നല്‍കിയ പേരുകള്‍ അനുസരിച്ചാണ് 22 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. പൊതുസമൂഹത്തില്‍ കുഴപ്പം സൃഷ്ടിക്കുക, കലാപത്തിനു പ്രേരണ നല്‍കുക തുടങ്ങിയ കുറ്റങ്ങളാണ് അവര്‍ക്കെതിരായി ചുമത്തിയിരിക്കുന്നത്. പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെയാണ് പ്രവീണ്‍ കുമാര്‍ അഗ്നിഹോത്രി പിടിയിലായത്. പോസ്റ്ററുകളില്‍ തന്റെ ഫോട്ടോ പതിച്ച വ്യാപാരി രാജു ഖന്നയാണ് മുഖ്യ പ്രതി. ചെറുകിട വ്യാപാരികളുടെ സങ്കടം വ്യക്തമാക്കാനാണ് ഇത്തരം പോസ്റ്റര്‍ പ്രചാരണം നടത്തിയതെന്ന് രാജു ഖന്ന പറഞ്ഞു.

ഒരു ബാങ്കും തങ്ങളുടെ നാണയങ്ങള്‍ നിക്ഷേപിക്കാന്‍ തയ്യാറുവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  “നോട്ട് നിരോധനത്തിനു ശേഷം, മതിയായ നോട്ടുകള്‍ ലഭ്യമായിരുന്നില്ല. ഞങ്ങളെപ്പോലുളള ചെറുകിട വ്യാപാരികള്‍ക്ക് നാണയങ്ങളായിരുന്നു കൂടുതലും ലഭിച്ചത്. പക്ഷെ, ബാങ്കുകള്‍ നാണയം ശേഖരിക്കാന്‍ തയ്യാറാവുന്നില്ല. ചെക്കുകള്‍ വഴി വലിയ ഇടപാടുകള്‍ നടത്തരുതെന്നും സര്‍ക്കാര്‍ പറയുന്നു. ഞങ്ങള്‍ എന്താണ് ചെയ്യുക എന്നറിയില്ല”- രാജു ഖന്ന പറയുന്നു.

ഇക്കാര്യം സര്‍ക്കാറിനെ അറിയിക്കാനാണ് തങ്ങള്‍ കുറച്ച് വ്യാപാരികള്‍ സംഘടിച്ച് പണം പിരിച്ച് പോസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. 100 പോസ്റ്ററുകളാണ് അച്ചടിപ്പിച്ചത്. അതില്‍ 87 എണ്ണം ഒട്ടിച്ചു, ബാക്കിയുളളത് പൊലിസ് പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘വ്യാഴാഴ്ചയാണ് പോസ്റ്റര്‍ പതിച്ചത്. ഇവര്‍ക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്’ കാണ്‍പൂര്‍ എസ് പി അശോക് കുമാര്‍ വര്‍മ്മ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍