UPDATES

ട്രെന്‍ഡിങ്ങ്

സംസ്ഥാനത്ത് റെയില്‍ ഗതാഗതം സ്തംഭിച്ചു; റോഡ് ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു

റെയില്‍വേ പാളത്തില്‍ വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

കനത്ത മഴയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്ത് ഒട്ടാകെ ഗതാഗതം തടസപ്പെട്ടു. റെയില്‍ ഗതാഗതവും ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ് ഉളളത്. റെയില്‍വേ പാളത്തില്‍ വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അങ്കമാലി-ആലുവ റൂട്ടിലെ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ തീവണ്ടികള്‍ വൈകിയോടുന്നു.

നാഗര്‍കോവിലിനും തിരുവനന്തപുരത്തിനും ഇടയ്ക്കുള്ള ഏഴ് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം ചെങ്കോട്ട ഭാഗത്തേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ റദ്ദാക്കി. നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍, ചെന്നൈ ഗുരുവായൂര്‍ എഗ്മോര്‍ എക്‌സ്പ്രസ് എന്നിവ റദ്ദാക്കി.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ യാത്ര പല സ്ഥലങ്ങളായി അവസാനിപ്പിക്കണമെന്ന റെയില്‍വേ നിര്‍ദ്ദേശമുണ്ട്. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്, കാരയ്ക്കല്‍-എറണാകുളം എക്‌സ്പ്രസ് എന്നിവ പാലക്കാട് യാത്ര അവസാനിപ്പിക്കും. മംഗളൂരു-തിരുവനന്തപുരം മലബാര്‍, മാവേലി എക്‌സ്പ്രസുകളും ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. മുംബൈ-കന്യാകുമാരി ജയന്തി ജനത, ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് എന്നിവ ഈറോഡ് വഴി തിരിച്ചുവിട്ടു.

ഹൂബ്ലിയില്‍നിന്നു പുറപ്പെട്ട ഹൂബ്ലി-കൊച്ചുവേളി എക്സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയൂള്ളൂ. തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംക്ഷനില്‍നിന്നു പുറപ്പെടും.

ചില ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നുണ്ട്. മുംബൈ സി.എസ്.എം.ടിയില്‍നിന്നു തിരിച്ച മുംബൈ-കന്യാകുമാരി ജയന്തി എക്സ്പ്രസ് ഈറോഡ്, ഡിണ്ടിഗല്‍, മധുര ജംക്ഷന്‍ വഴി തിരിച്ചുവിട്ടു. കെ.എസ്.ആര്‍. ബെംഗളുരുവില്‍നിന്നു പുറപ്പെട്ട ബെംഗളുരു-കന്യാകുമാരി അയലന്റ് എക്സ്പ്രസ് സേലം, നാമക്കല്‍, ഡിണ്ടിഗല്‍, തിരുനല്‍വേലി വഴി തിരിച്ചുവിടും. ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്ന 16341-ാം നമ്പര്‍ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി വഴിതിരിച്ചുവിടും.

മംഗലാപുരം ജംഗ്‌നില്‍നിന്നു പുറപ്പെട്ട മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസും മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസും ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നിര്‍ത്തിയിടും.

ആഗസ്റ്റ് 15ന് മധുരയില്‍ നിന്നും തിരിച്ച മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരിച്ച ചെന്നൈ-തിരുവനന്തപുരം മെയില്‍, കെ.എസ്.ആര്‍.ബെംഗളുരുവില്‍നിന്നു തിരിച്ച നമ്പര്‍ കെ.എസ്.ആര്‍.ബെംഗളുരു-കൊച്ചുവേളി എക്സ്പ്രസ് ആഗസ്റ്റ് 14ന് ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12646-ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മില്ലേനിയം എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ വൈകിയോടുന്നതായും റെയില്‍വേ അറിയിച്ചു.

ട്രെയിന്‍ ഗതാഗതം സ്തംഭിച്ചതോടെ യാത്രക്കാരും മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവരും ബുദ്ധിമുട്ടിലാണ്. സ്വതന്ത്രദിനത്തിന് ശേഷമുള്ള വര്‍ക്കിങ് ഡേയില്‍ ജോലിസ്ഥലത്ത് എത്താനാകാതെ നിരവധി ഉദ്യോഗസ്ഥരും മറ്റും പല സ്ഥലങ്ങളിലായി കുടുങ്ങിയിട്ടുണ്ട്. യാത്രകള്‍ പരമാവധി ഒഴിവാക്കാണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍