UPDATES

ട്രെന്‍ഡിങ്ങ്

‘കണ്ടാല്‍ കള്ളനെപ്പോലെയുണ്ട്, പിടിച്ചുകൊണ്ട് പോയി ജയിലിലിടും എന്നായിരുന്നു ഭീഷണി’; കേരളത്തിലെ ഒരു സ്ഥാനാര്‍ത്ഥിയുടെ വാക്കുകളാണിത്

14ന് രാത്രി പോസ്റ്റര്‍ ഒട്ടിച്ച് മടങ്ങുന്ന വഴിയില്‍ പോലീസ് താന്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി അസഭ്യം പറയുകയുകയും ആക്രമിക്കുകയുമായിരുന്നു എന്ന് അശ്വതി പറയുന്നു

‘ എന്നെ കണ്ടാല്‍ കള്ളനെപ്പോലെയുണ്ടെന്നായിരുന്നു പോലീസ് ഡ്രൈവറുടെ കമന്റ്. പിടിച്ചുകൊണ്ട് പോയി ജയിലിലിടും എന്നായിരുന്നു ഭീഷണി. ഞാന്‍ ഒരു ഇന്റര്‍ സെക്‌സ് ആണെന്നും എറണാകുളം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണെന്നും എല്ലാം ഞാന്‍ അയാളെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു. പക്ഷെ അതൊന്നും കേള്‍ക്കാതെ വളരെ മോശം ഭാഷയില്‍ അധിക്ഷേപം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇനി അധിക്ഷേപിച്ചാല്‍ ദളിത് അട്രോസിറ്റി ആക്ട് പ്രകാരം നിയമപരമായി മുന്നോട്ട് പോവുമെന്ന് പറഞ്ഞു. എന്നിട്ടും അയാള്‍ പിന്തിരിഞ്ഞില്ല. ഇതിനിടയില്‍ ഞാന്‍ എന്റെ ഇലക്ഷന്‍ ഏജന്റിനെ വിളിച്ചു. വിളിക്കുന്നതിനിടയില്‍ അയാള്‍ എന്റെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി. എന്റെ തോളില്‍ പിടിച്ച് പുറകോട്ട് തള്ളി. ലാത്തി കൊണ്ട് അടിക്കാന്‍ ശ്രമിച്ചു. ഇലക്ഷന്‍ ഏജന്റ് സ്ഥലത്തെത്തി കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് പതിയെ പോലീസ് ഡ്രൈവര്‍ ജീപ്പിലേക്ക് തിരിച്ച് കയറിയത്’ എറണാകുളം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ അശ്വതി രാജപ്പന്‍ തനിക്ക് നേരിട്ട അതിക്രമത്തെക്കുറിച്ച് വിവരിച്ചു.

14ന് രാത്രി പോസ്റ്റര്‍ ഒട്ടിച്ച് മടങ്ങുന്ന വഴിയില്‍ പോലീസ് താന്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി അസഭ്യം പറയുകയുകയും ആക്രമിക്കുകയുമായിരുന്നു എന്ന് അശ്വതി പറയുന്നു. പ്രചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ ഒട്ടിക്കലും മറ്റും കഴിഞ്ഞ് താമസിക്കുന്ന ലോഡ്ജിനടുത്ത് ഓട്ടോയില്‍ വന്നിറങ്ങിയപ്പോള്‍ പോലീസ് തടഞ്ഞെന്നും അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് അശ്വതി കലക്ടര്‍ക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയത്.

‘തിരഞ്ഞെടുപ്പ് വര്‍ക്ക് കഴിഞ്ഞ് രാത്രി 2.30-ഓടെയാണ് മെട്രോ പില്ലറിന് സമീപമെത്തിയത്. അവിടെ ഞാന്‍ ഇലക്ഷന്‍ ഏജന്റിനായി കാത്ത് നിന്നു. ഞാനും എന്റെ സുഹൃത്തും ഏജന്‍റിനായി കാത്ത് നില്‍ക്കുമ്പോള്‍ ഞങ്ങള്‍ വന്ന ഓട്ടോറിക്ഷയുടെ പിന്നിലായി ഒരു പോലീസ് ജീപ്പ് നിര്‍ത്തിയിട്ടിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഏജന്റ് വന്ന് എനിക്ക് കുറച്ച് പണവും കൈമാറിയിട്ട് പോയി. താമസസ്ഥലത്തേക്ക് പോവാനായി ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തതും പോലീസ് ജീപ്പ് വന്ന് ഓട്ടോയുടെ മുന്നില്‍ നിര്‍ത്തിയിട്ട് ഡ്രൈവറെ പിടിക്കുകും ഓട്ടോയുടെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു.

ആ സമയം തന്നെ എന്റെ ഐഡന്റിറ്റി ഞാന്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷെ വളരെ മോശം ഭാഷയിലാണ് പോലീസ് ഡ്രൈവര്‍ എന്നോട് സംസാരിച്ച് തുടങ്ങിയത്. അപ്പോഴൊക്കം ജീപ്പില്‍ നിന്നിറങ്ങാതെ എസ്‌ഐ അതിനുള്ളില്‍ ഇരിക്കുകയായിരുന്നു.’ കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്ന ആദ്യ ഇന്റര്‍ സെക്സ് സ്ഥാനാര്‍ത്ഥിയാണ് അശ്വതി. തന്റെ ദളിത്, ട്രാന്‍സ് സെക്സ് വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും സഞ്ചാര സ്വാതന്ത്ര്യം തടയുകയും നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയും ചെയ്ത പോലീസ് നടപടിക്കെതിരെ കേസെടുക്കണമെന്നാണ് അശ്വതിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് മനുഷ്യാവകാശ കമ്മീഷന്‍, ചീഫ് ഇലക്ട്രല്‍ ഓഫീസര്‍, ടിജി ജസ്റ്റിസ് ബോര്‍ഡ്, ടിജി സെല്‍, യുവജന ക്ഷേമ വകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും അശ്വതി പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍