UPDATES

ട്രെന്‍ഡിങ്ങ്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ക്ക് ചികിത്സ നിഷേധിച്ചു

ആഴ്ചകള്‍ക്ക് മുമ്പും എറണാകുളം ആശുപത്രിയില്‍ എത്തിയ ട്രാന്‍സ് ജന്‍ഡര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടിരുന്നു

ട്രാന്‍ജന്‍ഡര്‍ക്ക് വീണ്ടും ചികിത്സാ നിഷേധം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ട്രാന്‍സ്ജന്‍ഡര്‍ക്ക് ചികിത്സ നിഷേധിച്ചു. ഇന്നു പുലര്‍ച്ചെ നെഞ്ചുവേദനയുള്‍പ്പെടെ ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയിലെത്തിയ രഞ്ജുവിനാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. അഞ്ച് മണിയോടെ ആശുപത്രിയിലെത്തിയെങ്കിലും, ശാരീരികാസ്വസ്ഥതകള്‍ അറിയിച്ചിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രഞ്ജുവിനെ നോക്കുവാനോ ചികിത്സ നല്‍കുവാനോ തയ്യാറായില്ല.

പിന്നീട് ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. രഞ്ജുവിന്റെ സുഹൃത്തും ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റുമായ ദിയ സന പറയുന്നതിങ്ങനെ ‘ വെളുപ്പിന് 5.45നാണ് രഞ്ജു എന്നെ വിളിക്കുന്നത്. കടുത്ത നെഞ്ചുവേദനയുമായി ജനറല്‍ ആശുപത്രിയിലെത്തിയതാണെന്നും എന്നാല്‍ അരമണിക്കൂറിലധികം ഇവിടെ കാത്തു നിന്നിട്ടും ഡോക്ടര്‍ നോക്കാന്‍ തയ്യാറായില്ലെന്നും പറഞ്ഞു. രഞ്ജുവിന് ശേഷം ആശുപത്രിയില്‍ എത്തിയവര്‍ക്ക് ചികിത്സ ലഭിക്കുകയും ചെയ്തു. രഞ്ജു ഇപ്പോഴും ആശുപത്രിയിലാണ്. അവളുടെ ആരോഗ്യ സ്ഥിതി അറിഞ്ഞതിന് ശേഷം പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും’

പുലര്‍ച്ചെ മുതല്‍ ക്യാഷ്വാല്‍റ്റിയില്‍ ഡോക്ടര്‍മാര്‍ക്ക് സമീപം തന്നെയാണ് തങ്ങള്‍ കാത്തിരുന്നതെന്ന് രഞ്ജു അറിയിച്ചു. അതേസമയം രണ്ട് ഡോക്ടര്‍മാരുണ്ടായിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ഞങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയതുകൊണ്ടാണോ അവഗണനയെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ രോഗികളാണോയെന്ന് പുച്ഛിക്കുകയാണ് ചെയ്തതെന്നും രഞ്ജു അഴിമുഖത്തെ അറിയിച്ചു. പുറംവേദനയും നെഞ്ച് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വണ്ടി വിളിച്ചാണ് ആശുപത്രിയിലെത്തിയത്. ഒട്ടും സുഖമില്ലാതെ ചികിത്സ തേടി ചെന്നിട്ടും മനുഷ്യനെന്ന് പരിഗണിക്കാതെയിരുന്നതാണ് തന്നെ ഏറെ വിഷമിപ്പിച്ചതെന്നും രഞ്ജു കൂട്ടിച്ചേര്‍ത്തു. പിന്നീട് ചിറ്റൂര്‍ റോഡിലെ കൃഷ്ണ ആശുപത്രിയില്‍ ഇവര്‍ ചികിത്സ തേടുകയായിരുന്നു. ഇഞ്ചക്ഷനും ഇസിജി, രക്ത പരിശോധനകളും നടത്തിയ ശേഷം ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ കാത്തിരിക്കുകയാണ്.

ട്രാന്‍സ്ജന്‍ഡര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നത് ഇത് ആദ്യത്തെ സംഭവമല്ല, ആഴ്ചകള്‍ക്ക് മുമ്പും എറണാകുളം ആശുപത്രിയില്‍ എത്തിയ ട്രാന്‍സ് ജന്‍ഡര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടിരുന്നു. ട്രാന്‍സ്ജന്‍ഡര്‍ പോളിസി നടപ്പാക്കിയ സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് പോലും ഇത്തരമൊരു അവഗണന നേരിടുന്നത് തങ്ങളെ വേദനിപ്പിക്കുന്നതാണെന്നും ദിയസന പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കുമ്പോള്‍ ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ പണം മുടക്കി ചികിത്സിക്കേണ്ട അവസ്ഥയില്‍ എത്തിച്ചേരുകയാണ്. സംസ്ഥാനത്തെ മാതൃകാ ആശുപത്രി എന്ന് അറിയപ്പെടുന്ന എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നും ഇവര്‍ നേരിട്ട അവഗണന അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍