UPDATES

വൈറല്‍

അയ്യപ്പനെ ട്രോളിയാല്‍ സൂക്ഷിക്കണം; ഇത് മതനിന്ദയാണെങ്കില്‍ എല്ലാം മതനിന്ദയാണ്

പോസ്റ്റ് പ്രത്യക്ഷപ്പെട്ട അന്ന് തന്നെ പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഭീഷണികളും ഉയര്‍ന്നിരുന്നു

ശബരിമല അയ്യപ്പനെക്കുറിച്ച് ട്രോള്‍ ഇറക്കിയതിന് ട്രോള്‍ റിപ്പബ്ലിക് എന്ന ഗ്രൂപ്പിനെതിരെ സൈബര്‍ സെല്‍ കേസെടുത്തിരിക്കുകയാണ്. ശബരിമലയിലെ ദര്‍ശന സമയം വര്‍ദ്ധിപ്പിച്ചതിനെ കളിയാക്കിയുള്ള ട്രോള്‍ ആണ് വിവാദത്തിലായത്. ‘ദര്‍ശന സമയം കൂട്ടിയത് കാരണം ഹരിവരാസനം കേള്‍ക്കാന്‍ കാത്തിരിക്കുന്ന അയ്യപ്പന്‍’ എന്നായിരുന്നു ട്രോള്‍. ഇതിന് മീശമാധവന്‍ എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ ഉറങ്ങാതിരിക്കാനായി കണ്ണില്‍ ഈര്‍ക്കിലി കുത്തിവച്ചിരിക്കുന്ന ചിത്രമാണ് ഉപയോഗിച്ചത്. ഇത് ചിലരെ പ്രകോപിച്ചതോടെയാണ് ഗ്രൂപ്പിനെതിരെ സൈബര്‍ സെല്‍ കേസെടുത്തത്.

കാര്‍ട്ടൂണുകളുടെ പുതിയകാല രൂപമായാണ് ട്രോളുകളെ കണക്കാക്കുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ നിരവധി വിഷയങ്ങള്‍ ട്രോളുകളിലൂടെ വിമര്‍ശന വിധേയമാകുകയും ട്രോളുകളുടെ ഫലമായി തന്നെ ആ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അനുകൂലമായ തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. കേവല തമാശയ്ക്ക് അപ്പുറത്ത് സാമൂഹിക മാറ്റത്തിന്റെ മാര്‍ഗ്ഗദര്‍ശിയായി ട്രോളുകള്‍ പലപ്പോഴും പ്രവര്‍ത്തിക്കുന്നു. സമൂഹത്തിന്റെ പൊതുബോധത്തിലെ തെറ്റുകളായിരിക്കും പലപ്പോഴും ട്രോളുകളുടെ ലക്ഷ്യം. ഭക്തരുടെ സൗകര്യാര്‍ത്ഥം ശബരിമലയില്‍ പലപ്പോഴും ദര്‍ശന സമയങ്ങളില്‍ വര്‍ധനവ് വരുത്താറുണ്ട്. അത്തരത്തിലൊരു വര്‍ധനവാണ് ഇത്തവണയും വരുത്തിയത്. എന്നാല്‍ രഞ്ചു രവിയെന്ന വ്യക്തി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത പോസ്റ്റ് ഹിന്ദു മതവിശ്വാസികളെ പ്രകോപിതരാക്കുകയായിരുന്നു.

മതനിന്ദയുടെ പേരിലാണ് ഗ്രൂപ്പിന്റെ അഡ്മിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കേസെടുത്തത് മൂലം പോസ്റ്റ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗ്രൂപ്പിന്റെ അഡ്മിനായ അനൂപ് വടക്കേപീടികയില്‍ അഴിമുഖത്തോട് അറിയിച്ചു. ഈ പോസ്റ്റ് മതനിന്ദയാണെന്ന് തങ്ങള്‍ക്ക് തോന്നാത്തതിനാലാണ് പോസ്റ്റ് ഡിലീറ്റ് ചെയ്യാത്തതെന്നും അനൂപ് വ്യക്തമാക്കി. സൈബര്‍ സെല്‍ കേസുമായി മുന്നോട്ട് പോകാനാണ് താല്‍പര്യപ്പെടുന്നതെന്നും തങ്ങളെ അറിയിച്ചതായി അനൂപ് പറയുന്നു. അഭിഭാഷകനുമായി സംസാരിച്ചപ്പോള്‍ ഇത് മതനിന്ദയാണെന്ന ആരോപണം ഉയര്‍ന്നാല്‍ ഇവിടെ ഒന്നും സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് വ്യക്തമായി. അതിനാലാണ് ഇതൊരു വിഷയമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുരോഗമനകരമായ നിലപാടുകള്‍ സ്വീകരിക്കുന്ന ആര്‍ക്കും ഈ ട്രോളിനെ മതനിന്ദയായി കണക്കാക്കാനാകില്ലെന്നും അനൂപ് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ മതവാദികളുടെ യുക്തി ഒരിക്കലും ആര്‍ക്കും മനസിലാകില്ല. അയ്യപ്പന്റെ ചിത്രത്തില്‍ ജഗതിയെ കൂട്ടിച്ചേര്‍ത്തതാണോ അല്ലെങ്കില്‍ ദൈവത്തിന്റെ ചിത്രത്തില്‍ എഡിറ്റിംഗ് നടത്തിയതാണോ അവരെ പ്രകോപിപ്പിക്കുന്നത് എന്നതൊന്നും വിശദീകരിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. വ്യക്തികള്‍ തന്നെയും വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വിധേയരാകുമ്പോള്‍ ദൈവങ്ങളെ അതില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നതാണ് ഇവരുടെ ആവശ്യം.

ഈമാസം 22നാണ് ട്രോള്‍ റിപ്പബ്ലിക് എന്ന ഗ്രൂപ്പില്‍ ചിത്രം പോസ്റ്റ് ചെയ്തത്. അതേസമയം ഇതിനെതിരെ കേസെടുത്തതോടെ ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ പോലുള്ള നിരവധി ഗ്രൂപ്പുകള്‍ ഈ പോസ്റ്റിനും ട്രോള്‍ റിപ്പബ്ലിക്കിനും പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. വിവാദ ട്രോള്‍ ട്രോള്‍ റിപ്പബ്ലിക്കിന് കടപ്പാട് നല്‍കി അവരുടെ ലോഗോ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഐസിയു ട്രോള്‍ തങ്ങളുടെ പേജിലും പോസ്റ്റ് ചെയ്തത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ട അന്ന് തന്നെ പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഭീഷണികളും ഉയര്‍ന്നിരുന്നു. ഇല്ലെങ്കില്‍ പോസ്റ്റ് ഇട്ട രഞ്ചു രവിയെ കാലില്ലാതെ കാണേണ്ടിവരും തുടങ്ങിയ തരത്തിലുള്ള ഭീഷണികളാണ് ഉള്ളത്.

ഭരണകൂടവും മതവുമെല്ലാം വിമര്‍ശിക്കുപ്പെടുമ്പോള്‍ മതനിന്ദയെന്ന ആയുധം പുറത്തെടുക്കുന്നവര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തെയാണ്. ഒന്നിനോടും പ്രതികരിക്കരുതെന്ന മുന്നറിയിപ്പ് നല്‍കി ഒരു ജനതയെ നിശബ്ദരാക്കാനാണ് ഇത്തരം കേസുകളിലൂടെ ഭരണകൂടം ശ്രമിക്കുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍