UPDATES

വൈറല്‍

ത്രിപുര തെരഞ്ഞെടുപ്പ് ഫലം, പിണറായി വിജയന്‍ ആശുപത്രിയില്‍: ട്രോളുകളുമായി സോഷ്യല്‍ മീഡിയ

രാഷ്ട്രീയ നിലപാടുകളെയും തീരുമാനങ്ങളെയും രൂക്ഷമായ ഭാഷയില്‍ തന്നെ വിമര്‍ശിക്കാറുള്ള ട്രോളര്‍മാര്‍ കൂട്ട ആക്രമണമാണ് സിപിഎമ്മിനെതിരെ ഇപ്പോള്‍ വിവിധ ട്രോള്‍ ഗ്രൂപ്പുകളില്‍ നടത്തുന്നത്

ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ച. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 60ല്‍ 49 സീറ്റുകളുമായി അധികാരത്തിലേറിയ സിപിഎം ഇവിടെ തകര്‍ന്നടിഞ്ഞപ്പോള്‍ ബിജെപിയാണ് നേട്ടം കൊയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലുമില്ലാതിരുന്ന ബിജെപി 40ലേറെ സീറ്റുകള്‍ നേടിയാണ് ത്രിപുരയില്‍ അധികാരത്തിലേറാന്‍ ഒതുങ്ങുന്നത്. സിപിഎം സീറ്റ് നില 20ല്‍ താഴെയായി ഒതുങ്ങി.

ഇപ്പോള്‍ തന്നെ കേരളത്തിലും ത്രിപുരയിലും മാത്രം അധികാരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയെന്ന വിമര്‍ശനം കേള്‍ക്കുന്ന സിപിഎമ്മിന് ഇത് കനത്ത തിരിച്ചടിയാണ്. ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കേണ്ടെന്ന കേരളഘടകത്തിന്റെ പിടിവാശിയാണ് തിരിച്ചടിയ്ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രോളര്‍മാരും വെറുതെയിരുന്നില്ല. രാഷ്ട്രീയ നിലപാടുകളെയും തീരുമാനങ്ങളെയും രൂക്ഷമായ ഭാഷയില്‍ തന്നെ വിമര്‍ശിക്കാറുള്ള ട്രോളര്‍മാര്‍ കൂട്ട ആക്രമണമാണ് സിപിഎമ്മിനെതിരെ ഇപ്പോള്‍ വിവിധ ട്രോള്‍ ഗ്രൂപ്പുകളില്‍ നടത്തുന്നത്. പതിവ് പോലെ ഇന്റര്‍ നാഷണല്‍ ചളു യൂണിയനാണ് ഇത്തവണയും മുന്നില്‍ നില്‍ക്കുന്നത്.

ത്രിപുരയില്‍ സിപിഎമ്മിനേറ്റ തോല്‍വി സിപിഐ ഇതെങ്ങനെ സഹിക്കുമെന്നാണ് ഒരു ട്രോളില്‍ ചോദിക്കുന്നത്. എന്നാല്‍ സിപിഐയ്ക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ല സംസ്ഥാന സമ്മേളനത്തില്‍ ജൈവ പച്ചക്കറിയായതുകൊണ്ട് കഴിക്കുമ്പോള്‍ വയറും മനസും നിറയുമെന്നതാണ് അവര്‍ക്കിപ്പോള്‍ പ്രധാനമെന്നും ഈ ട്രോളില്‍ പറയുന്നത്. എത്രയും വേഗം രണ്ട് പാര്‍ട്ടികളും ഒന്നിച്ചില്ലെങ്കില്‍ രണ്ടിന്റെയും കാര്യം പോക്കാണെന്നും ഈ ട്രോള്‍ ചൂണ്ടിക്കാട്ടുന്നു. ത്രിപുര ഇഷ്ടപ്പെട്ടു അതിനാല്‍ തങ്ങള്‍ എടുക്കുന്നുവെന്ന് ബിജെപി കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും പറയുന്നതാണ് മറ്റൊരു ട്രോള്‍.

കോണ്‍ഗ്രസ് സഖ്യത്തെ ശക്തമായി എതിര്‍ക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ചിരിക്കുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മറ്റൊരു ട്രോളിലുള്ളത്. പിണറായി തിരിഞ്ഞ് നോക്കുമ്പോള്‍ യെച്ചൂരി ചിരി നിര്‍ത്തുന്നുവെന്നും ഈ ട്രോള്‍ പരിഹസിക്കുന്നു.

മേഘാലയത്തില്‍ ഭൂരിപക്ഷം കിട്ടിയ കോണ്‍ഗ്രസിനെ പരിഹസിക്കുന്നതാണ് മറ്റൊരു ട്രോള്‍. 23 സീറ്റുകളുമായി ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായെങ്കിലും ഭരിക്കാനുള്ള കേവല ഭൂരിപക്ഷം അവര്‍ക്ക് നേടാനായിട്ടില്ല. 31 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. മേഘാലയത്തില്‍ ഭൂരിപക്ഷം കിട്ടി ഇനി സര്‍ക്കാരുണ്ടാക്കണമെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ ഉറപ്പിക്കാമോ? എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ‘നേതൃത്വം മേഘാലയിലേക്ക് പോയിട്ടുണ്ടത്രേ.. എന്തിനാ സര്‍ക്കാരുണ്ടാക്കാനോ? ഏയ് കയ്യിലുള്ള എമ്മെല്ലേമാര്‍ പോവാതിരിക്കാന്‍’ എന്നാണ് പരിഹാസം.

ഇതിനിടെ ഇന്ന് രാവിലെ പിണറായി വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെയും ട്രോളി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ത്രിപുരയിലെ തെരഞ്ഞെടുപ്പ് തോല്‍വിയെയും പിണറായി ആശുപത്രിയിലായതിനെയും ബന്ധപ്പെടുത്തിയാണ് ഈ ട്രോളുകള്‍. ഇതില്‍ ഒന്നില്‍ പറയുന്നത് ഇങ്ങനെയാണ്. ‘വന്ന് വന്ന് ന്യൂസ് ചാനലുകാരുവരെ ട്രോള് തുടങ്ങി’ എന്ന് ക്യാപ്ഷന് താഴെ ചാനലിന്റെ സ്‌ക്രീന്‍ ഷോട്ട് നല്‍കിയിരിക്കുന്നു. ‘മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു’ എന്നാണ് ഇതില്‍ പറയുന്നത്. തൊട്ടുതാഴെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ കണക്കുകളും കാണിക്കുന്നു. ഇതനുസരിച്ച് സിപിഎം 24 സീറ്റിലും 35 സീറ്റിലും മുന്നേറുന്നതാണ് കാണിക്കുന്നത്. ‘അടക്കി പിടിക്കാന്‍ ഒന്നല്ല രണ്ടു ചങ്കു നിറയെയാ ഭാരം’ എന്ന് അദ്ദേഹത്തെക്കുറിച്ചുള്ള ഇരട്ടച്ചങ്കന്‍ വിശേഷണത്തെ പരിഹസിക്കുന്നുമുണ്ട്. ‘എന്തെങ്കിലും സംഭവിച്ചില്ലെങ്കിലേ എത്ഭുതമുള്ളൂ’ എന്നും ഈ ട്രോളില്‍ പരിഹസിക്കുന്നു. കൂടാതെ പിണറായി ഇപ്പോള്‍ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി കഴിഞ്ഞതായും ട്രോള്‍ റിപ്പബ്ലിക്കില്‍ വന്ന ഒരു ട്രോളില്‍ പറയുന്നു.

ഒരു സ്‌കൂട്ടറില്‍ വന്ന കേരളവും ത്രിപുരയും വഴിയില്‍ ത്രിപുരയെ ഇറക്കി വിട്ട് ഒറ്റയ്ക്ക് യാത്ര തുടരുന്നുവെന്നാണ് മറ്റൊരു ട്രോളിലെ പരിഹാസം. ‘അപ്പോ ഓകെ ബൈ ബൈ’ എന്നാണ് കേരളം ഇപ്പോള്‍ ത്രിപുരയോട് പറയുന്നതെന്നും ഇതില്‍ പറയുന്നു.

ത്രിപുരയും കയ്യില്‍ നിന്നും പോയെന്ന് പറയുമ്പോള്‍ നൂറ് കണക്കിന് പാല്‍ സൊസറ്റികളുള്ളപ്പോള്‍ നമ്മളെന്തിന് പേടിക്കണമെന്ന സഖാവിന്റെ ആത്മവിശ്വാസത്തെ പരിഹസിക്കുന്നതാണ് മറ്റൊരു പോസ്റ്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍