UPDATES

ട്രെന്‍ഡിങ്ങ്

‘എന്നെക്കൊണ്ട് ഒറ്റയ്ക്ക് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ’: അമിത് ഷായോട് ട്രോളര്‍മാര്‍

ഇന്നത്തെ പ്രസ്താവനയ്ക്ക് ശേഷം അമിത് ഷായുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകവും ട്രോളുകളും വന്ന് നിറയുകയാണ്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുന്നുവെന്ന് കേട്ടതും ഇവിടുത്തെ ട്രോളര്‍മാര്‍ ഉണര്‍ന്നു. മുമ്പ് പലതവണയും അമിത് ഷാ കേരളത്തില്‍ വന്നപ്പോഴെല്ലാം ബിജെപി നേതാക്കള്‍ ട്രോളുകള്‍ക്കുള്ള വിഭവങ്ങള്‍ തന്നിട്ടുണ്ടെന്നതാണ് കാരണം. ഇന്ന് രാവിലെ അമിത് ഷാ കണ്ണൂരില്‍ വിമാനമിറങ്ങിയത് മുതല്‍ ആ പ്രതീക്ഷ തെറ്റിയില്ല. ഡിസംബര്‍ ഒമ്പതിന് മാത്രം ഔദ്യോഗിക ഉദ്ഘാടനം കഴിയുന്ന വിമാനത്താവളത്തില്‍ ആദ്യ യാത്രക്കാരനായി അമിത് ഷാ ഇറങ്ങുന്നതിന് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പ്രചരണത്തെയാണ് ട്രോളര്‍മാര്‍ ആദ്യം ഏറ്റെടുത്തത്.

ഉദ്ഘാടനത്തിന് മുമ്പേ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന ആദ്യ യാത്രക്കാരനായ അമിത് ഷായെ സ്വീകരിക്കാന്‍ വലിയ സജ്ജീകരണങ്ങളും പാര്‍ട്ടി ഒരുക്കിയിട്ടുണ്ടെന്ന വാര്‍ത്തയാണ് ചില ട്രോളുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. ജനം ടിവിയുടെ ഓണ്‍ലൈന്‍ വിഭാഗം പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് താഴെയുള്ള കമന്റുകളാണ് ഇപ്പോള്‍ ട്രോളുകളായി ഇറങ്ങിയിരിക്കുന്നത്. ‘ഒ.. ഇതും ഒരു പരീക്ഷണമായി കണ്ടാല്‍ മതി.. പണ്ട് ബഹിരാകാശ വാഹനത്തില്‍ നായയെ അയച്ചില്ലേ? മനുഷ്യനെ അയക്കുന്നതിന് മുന്നേ’ എന്നൊരാള്‍ കമന്റിട്ടിരിക്കുന്നു. ‘ഒരു മംഗള കര്‍മ്മം തുടങ്ങുമ്പോള്‍ ചാണകം തെളിച്ച് ശുദ്ധികലശം ചെയ്യുന്നത് നല്ലതാണ്’ എന്നാണ് മറ്റൊരാളുടെ കമന്റ്.

എന്നാല്‍ കണ്ണൂരിലെ പ്രസംഗത്തില്‍ ട്രോളര്‍മാര്‍ക്ക് ആഘോഷിക്കാനുള്ള ഏറ്റവും നല്ല വകയാണ് അമിത് ഷാ സമ്മാനിച്ചത്. ശബരിമലയുടെ പേരില്‍ ഭക്തരെ അടിച്ചമര്‍ത്തിയാല്‍ ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നാണ് അമിത് ഷാ പറഞ്ഞത്. കേരളത്തില്‍ ഒരു എംഎല്‍എ മാത്രമുള്ള ബിജെപിയ്ക്ക് അത് സാധിക്കുമോയെന്ന ചോദ്യം തന്നെയാണ് ഇതില്‍ ആദ്യമായി ഉയരുന്നത്. ഏക എംഎല്‍എയായ ഒ രാജഗോപാല്‍ തന്നെക്കൊണ്ട് അത് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറയുന്നുവെന്നാണ് ചില ട്രോളുകളില്‍ പറയുന്നത്. സൂപ്പര്‍ഹിറ്റ് കോമഡി സിനിമയായ ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലെ ഷൈജു കുറിപ്പിന്റെ പ്രശസ്തമായ ഭാഗമാണ് ഈ ട്രോള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

കോടതികള്‍ നടപ്പാക്കാനാകുന്ന വിധികള്‍ പറഞ്ഞാല്‍ മതിയെന്ന അമിത് ഷായുടെ പ്രസ്താവനയാണ് ചിലര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതുകേട്ട് സംഘികള്‍ക്ക് രോമാഞ്ചം തോന്നിയേക്കും പക്ഷെ മലയാളികള്‍ക്ക് ചിരിയേ വരൂവെന്ന് ഒരു ട്രോളില്‍ പറയുന്നു. ശബരിമല സമരത്തില്‍ പോലീസിന്റെ അടികൊണ്ട് ഓടിയ സംഘികള്‍ ഇതുവരെയും കാട്ടിനുള്ളില്‍ നിന്ന് തിരിച്ചിറങ്ങിയിട്ടില്ലെന്നാണ് ചില ട്രോളുകളില്‍ പറയുന്നത്. ‘ആദ്യമെ ഞങ്ങളെ ഒന്ന് താഴെയിറക്കി താ ഷാ ജീ’ എന്നാണ് ഒരു ട്രോളില്‍ നിലയ്ക്കലിലെ ഉള്‍ക്കാട്ടില്‍ ഇപ്പോഴും പെട്ടുകിടക്കുന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പറയുന്നത്.

  

സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ പറയുമ്പോള്‍ അത് കേട്ട് ചിരിക്കുന്ന പിണറായി വിജയന്റെ ചിത്രമാണ് മറ്റൊരു ട്രോള്‍. ‘സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ആളെ വിടുമ്പോള്‍ ഈ കളസം താഴെ പോകാതെ നോക്കാന്‍ പറയണം’ എന്നാണ് ഒരു ട്രോളില്‍ പറയുന്നത്. അതേസമയം ഇന്നത്തെ പ്രസ്താവനയ്ക്ക് ശേഷം അമിത് ഷായുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകവും ട്രോളുകളും വന്ന് നിറയുകയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഇടതുപക്ഷ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അല്ലാതെ കേന്ദ്രസര്‍ക്കാര്‍ അധികാരമേല്‍പ്പിച്ച ബിജെപിക്കാരല്ലെന്നുമാണ് അമിതിനോട് പലരും നടത്തുന്ന ഉപദേശം.

ശബരിമല: കേരള സര്‍ക്കാരിനെ പിരിച്ച് വിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ

കണ്ണൂര്‍ വിമാനത്താവളം അമിത് ഷാ ‘ഉദ്ഘാടനം’ ചെയ്തു

‘കളി’ തുടങ്ങിക്കഴിഞ്ഞു; ആദ്യ ‘ഇര’ സ്വാമി സന്ദീപാനന്ദ ഗിരി

ശബരിമല ഉഴുതുമറിച്ചിട്ട പുതുമണ്ണിലേക്ക് അമിത് ഷാ വരുമ്പോള്‍

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍